റേഞ്ച് 320 കി.മീ; സിട്രോൺ ഇ സി3 യൂറോപ്യൻ വിപണിയിൽ
Mail This Article
ഇലക്ട്രിക് കാർ ഇ സി3യുടെ യൂറോപ്യൻ മോഡൽ പ്രദർശിപ്പിച്ച് സിട്രോൺ. ഇന്ത്യൻ ഇ സി3യിൽ നിന്ന് ഏറെ മാറ്റങ്ങളുമായിട്ടാണ് യൂറോപ്യൻ മോഡൽ എത്തിയത്. സിട്രോൺ ‘ഒലി’ കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനാണ്. സിട്രോണിന്റെ പുതിയ ലോഗോ, ആങ്കുലർ ഹെഡ്‌ലാംപുകൾ, രണ്ട് ഭാഗങ്ങളായി ഒരുക്കിയ ഗ്രിൽ എന്നിവയുണ്ട്.
വശങ്ങൾക്ക് ഇന്ത്യൻ മോഡലിനോടു സാമ്യം തോന്നുമെങ്കിലും മുൻ ഫെൻഡറിനും ഡോറുകൾക്കും മാറ്റങ്ങളുണ്ട്. 17 ഇഞ്ച് അലോയ് വീലുകൾ. സിട്രോണിന്റെ വലിയ ലോഗോയും വ്യത്യസ്ത രൂപമുള്ള ടെയിൽ ലാംപുമുണ്ട്. രണ്ട് ലെയറായി ഒരുക്കിയിരിക്കുന്ന ഡാഷ് ബോർഡാണ്. 10.25 ഇഞ്ച് ഇൻഫൊടെയിൻമെന്റ് സിസ്റ്റം.
ബോഡി നിറത്തിന് അനുസരിച്ച് ഇന്റീരിയറിനും മാറ്റങ്ങൾ വരും. ഓട്ടോ വൈപ്പറുകൾ, പവർ ഫോൾഡ് ഹീറ്റഡ് സൈഡ് മിറർ, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഇന്ത്യൻ മോഡലിൽ ഉപയോഗിക്കുന്ന സിസി21 പ്ലാറ്റ്ഫോമിന്റെ മോഡിഫൈഡ് പതിപ്പിലാണ് നിർമാണം. യൂറോപ്യൻ ക്രാഷ് ടെസ്റ്റ് നിലവാരത്തിനനുസരിച്ച് വാഹനത്തിന്റെ ഘടന കൂടുതൽ കരുത്തുറ്റതാക്കിയിട്ടുണ്ട്.
44 കിലോവാട്ടുള്ള ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററി പായ്ക്കാണ് യൂറോപ്യൻ മോഡലിൽ. 320 കിലോമീറ്ററാണ് റേഞ്ച്. 111 എച്ച്പി കരുത്തുള്ള മോട്ടറും ഉപയോഗിക്കുന്നു. ഇന്ത്യൻ വിപണിയിൽ 29.2 കിലോവാട്ട് ബാറ്ററിയുള്ള മോഡലാണ്. റേഞ്ച് 320 കിലോമീറ്ററും. യൂറോപ്പിൽ ഒറ്റ ചാർജിൽ 200 കിലോമീറ്റർ ഓടുന്ന ബെയ്സ് മോഡലുമുണ്ടാകും. അടുത്ത മാസം പുതിയ ഇ സി3 വിപണിയിലെത്തുമെന്നാണു പറയുന്നത്. വിപണിയിൽ എത്തിയാൽ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായി ഇ സി 3 മാറും.