ഒറ്റചാർജിൽ 158 കി.മീ; റേഞ്ച് കൂടിയ 450എക്സ് എച്ച്ആറുമായി ഏഥർ
Mail This Article
വരാനിരിക്കുന്ന ഏഥര്‍ 450എക്സ് എച്ച്ആറിന് 158 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് സൂചന. പുതിയ മോഡലിന്റെ റജിസ്ട്രേഷന് വിവരങ്ങള്‍ അടങ്ങുന്ന രേഖയിലാണ് ഇക്കാര്യമുള്ളത്. 450എക്സ് എച്ച്ആർ എന്നതിലെ എച്ച്.ആര് എന്നത് 'ഹൈ റേഞ്ചിനെ'യാണ് സൂചിപ്പിക്കുന്നത്. ബാറ്ററിയുടെ കപ്പാസിറ്റി 3.7kWh ആകുമെന്നും പറയുന്നു.
നിലവില്‍ വിപണിയിലുള്ള ഏഥര്‍ 450എക്സിനേക്കാള്‍ എട്ടു കിലോമീറ്റര്‍ റേഞ്ച് കൂടുതലാണ് (ആകെ 158 കി.മീ) 450എക്സ് എച്ച്ആറിന്. 6.4kW ആണ് പരമാവധി പവര്‍ ഔട്ട് പുട്ട്. ഇത് ഏഥര്‍ 450 എക്സിന് സമാനമാണ്. ഉയരത്തിലും വീല്‍ബേസിന്റെ കാര്യത്തിലും ഏഥര്‍ 450 എക്സും ഏഥര്‍ 450എച്ച്ആറും സമാനമാണ്. എന്നാല്‍ നീളത്തില്‍ 450എക്സ് എച്ച്ആറിന് 54എംഎം കുറവുണ്ട്. പുതിയ ഏഥര്‍ മോഡലില്‍ റാപ്, സ്പോര്‍ട്, റൈഡ്, സ്മാര്‍ട്ട് ഇകോ, ഇകോ എന്നിങ്ങനെ നാല് റൈഡിങ് മോഡുകളാണുള്ളത്.
നേരത്തെ ഏഥര്‍ 450എസിന്റെ ലോങ് റേഞ്ച് മോഡലിന്റെ വിശദാംശങ്ങളും ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. 74Ah കപ്പാസിറ്റിയാണ് ഏഥര്‍ എക്സ് എച്ച്ആറിന്റെ 3.66 KWh ബാറ്ററിക്ക്. 22 കിലോഗ്രാമായിരിക്കും ലിഥിയം അയേണ്‍ ബാറ്ററിയുടെ ഭാരം. ഡല്‍ഹിയില്‍ ഏഥര്‍ എക്സ് എച്ച്ആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി നല്കുന്ന രേഖയിലാണ് ഈ വിശദാംശങ്ങളുള്ളത്.
450എക്സിനേക്കാള്‍(1,44,921 രൂപ) നേരിയ വില കൂടുതല്‍ ഏഥര്‍ 450എക്സ് എച്ച്ആറിന് പ്രതീക്ഷിക്കുന്നുണ്ട്. വിപണിയില്‍ ഒല എസ്1 പ്രൊ ജെന്‍ 2, ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്, ഹീറോ വിഡ വി1 പ്രൊ, സിംപിള്‍ വണ്‍ എന്നിവയായിരിക്കും ഏഥര്‍ 450എക്സ് എച്ച്ആറിന്റെ പ്രധാന എതിരാളികള്‍.
നവംബര്‍ ഒന്നു മുതല്‍ പത്തുവരെ 'ഏഥര്‍ സര്‍വീസ് കാര്‍ണിവെല്‍' കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. 15 പോയിന്റ് ഫ്രീ വെഹിക്കിള്‍ ചെക് അപ്പാണ് ഇതില്‍ പ്രധാനം. ഉപഭോക്താക്കള്‍ക്ക് ലേബര്ചാര്ജില് 10 ശതമാനവും വാഹനത്തിന്റെ ഭാഗങ്ങളുടെ വിലയില്‍ അഞ്ചു ശതമാനവും കുറവു ലഭിക്കുകയും ചെയ്യും.