റേഞ്ച് 550 കി.മീ, പരീക്ഷണയോട്ടം നടത്തി മാരുതി ഇലക്ട്രിക് എസ്യുവി
Mail This Article
മാരുതി സുസുക്കി കഴിഞ്ഞ ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഇലക്ട്രിക് കാർ ഇവിഎക്സിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്. ചാർജിങ് സ്റ്റേഷനിൽ ചാർജുചെയ്യുന്ന എസ്‌യുവിയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നേരത്തെ വിവിധ ടെറ്റൈനുകളിലൂടെ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നിരുന്നു. അടുത്ത വർഷം അവസാനം വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇലക്ട്രിക് എസ്‍യുവിക്ക് 550 കിലോമീറ്റർ വരെ റേഞ്ചാണ് പ്രതീക്ഷിക്കുന്നത്. 60kWh ബാറ്ററിയായിരിക്കും എസ്‌യുവി ഉപയോഗിക്കുക.
ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച കണ്‍സെപ്റ്റ് മോഡലിന് 4300 എംഎം നീളവും 1800 എംഎം വീതിയും 1600 എംഎം ഉയരവും 2700 എംഎം വീൽബെയിസുമുണ്ട്. ഇന്ത്യയിൽ നിർമിക്കുന്ന ഇലക്ട്രിക് എസ്‍യുവി മറ്റു രാജ്യങ്ങളിലേയ്ക്ക് കയറ്റി അയക്കാനും സുസുക്കിക്ക് പദ്ധതിയുണ്ട്. 2030 ഓടെ ഇന്ത്യന്‍ വാഹന വിപണിയില്‍ നാലിലൊന്നും ഹൈബ്രിഡ് വാഹനങ്ങളും 15 ശതമാനം വൈദ്യുത വാഹനങ്ങളും കയ്യടക്കുമെന്നാണ് സുസുക്കി കണക്കുകൂട്ടുന്നത്. അതുകൊണ്ട് തന്നെ 2030 ആകുമ്പോഴേക്കും ആറ് ബാറ്ററി വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് മാരുതി സുസുക്കി പദ്ധതി.
ബാറ്ററി വാഹനങ്ങള്‍ക്കൊപ്പം കാര്‍ബണ്‍ ന്യൂട്രല്‍ ഐസിഇ വാഹനങ്ങളും സുസുക്കി പുറത്തിറക്കും. സിഎന്‍ജി, ബയോഗ്യാസ്, എഥനോള്‍ മിശ്രിതം എന്നിവയായിരിക്കും ഈ വാഹനത്തിന്റെ ഇന്ധനങ്ങള്‍. വൈദ്യുതി കാര്‍ രംഗത്ത് മുന്‍ നിര കമ്പനികള്‍ വലിയ മോഡലുകള്‍ക്ക് പിന്നാലെ പോകുമ്പോള്‍ സ്വന്തം ശക്തി തിരിച്ചറിഞ്ഞ ചെറു ഇവികള്‍ നിരത്തിലിറക്കാനാണ് മാരുതിയുടെ പദ്ധതി. കൂടുതല്‍ വാഹനങ്ങള്‍ വിറ്റ് ലാഭം നേടുകയെന്ന തന്ത്രം തന്നെയാവും ഇവിയിലും പയറ്റുക. ഇന്ത്യ പോലെയുള്ള വലിയ രാജ്യത്ത് വിപുലമായ തങ്ങളുടെ ഉത്പാദന വിതരണ സര്‍വീസ് സൗകര്യങ്ങളും ഇതിന് സഹായിക്കും. മാരുതി സുസുക്കി കൂടി സജീവമാവുന്നതോടെ ഇന്ത്യന്‍ വൈദ്യുതി കാര്‍ വിപണിയിലെ മത്സരം അതിശക്തമാവുമെന്ന് ഉറപ്പിക്കാം.
ഇലക്ട്രിക് വാഹന സൗജന്യ സെമിനാർ കോട്ടയത്ത്, നിങ്ങള്‍ക്കും റജിസ്റ്റർ ചെയ്യാം