സ്കൂട്ടർ സൂപ്പർഹിറ്റ്, സർവീസിൽ ഒലയ്ക്ക് വലിയ പ്രതിസന്ധി
Mail This Article
ഒന്നുമില്ലായ്മയില്‍ നിന്നും രണ്ടു വര്‍ഷം കൊണ്ട് 3.38 ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകള് വില്‍ക്കുകയെന്നത് ഒരു സ്വപ്നമാണ്. ആ സ്വപ്നം ഇന്ത്യയില്‍ ജീവിച്ചു കാണിക്കുകയാണ് ഒല ഇലക്ട്രിക്കും സ്ഥാപകന്‍ ഭവീഷ് അഗര്‍വാളും. അമേരിക്കയില്‍ വൈദ്യുത വാഹന വിപ്ലവം നയിക്കുന്നത് ഇലോണ്‍ മസ്കും ടെസ്ലയുമെങ്കില്‍ ഇന്ത്യയില്‍ അത് ഒല ഇലക്ട്രിക്കും ഭവീഷുമാണ്. പരമ്പരാഗത ഇന്റേണല്‍ കംപല്‍ഷന്‍ എന്ജിന്(ICE) ഇരുചക്രവാഹനങ്ങളില്ലാത്ത ഇന്ത്യയാണ് ഒലയും ഭവീഷും കാണുന്ന സ്വപ്നം. അങ്ങനെയൊരു സ്വപ്നത്തിന് പല പ്രായോഗിക വെല്ലുവിളികളുമുണ്ട്.
സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് പുതിയ ഒല സ്കൂട്ടര്‍ പുറത്തിറക്കി ഭവീഷ് പ്രഖ്യാപിച്ചത് ഇന്ത്യയിലെ ഐസ് ഏജ് (ICE age) അവസാനിപ്പിക്കുമെന്നാണ്. പ്രതിവര്‍ഷം 20 ലക്ഷം സ്കൂട്ടറുകള് നിര്‍മിക്കുന്നതിലേക്ക് ഒല മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉത്പാദനവും വില്പനയും പൊടിപൊടിക്കുമ്പോഴും സര്‍വീസ് മേഖലയില്‍ വലിയ പ്രതിസന്ധികള്‍ ഒല നേരിടുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് പറയുന്നത്.
ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയിലെ മുന്‍നിരക്കാരാണ് ഒല ഇലക്ട്രിക്ക്. രണ്ടു വര്‍ഷം കൊണ്ട് ഇന്ത്യന്‍ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയിലെ മൂന്നിലൊന്നു വില്പന സ്വന്തമാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഒലയില്‍ നിക്ഷേപം നടത്താന്‍ ജപ്പാനിലെ സോഫ്റ്റ്ബാങ്കും സിംഗപ്പൂരിലെ ടെമാസെകും തയ്യാറായിരുന്നു. 5.4 ബില്യണ്‍ ഡോളര്‍(ഏകദേശം 45,000 കോടി രൂപ) മൂല്യമുള്ള കമ്പനിയായി ഒല വളര്‍ന്നിട്ടുണ്ട്.
രാജ്യത്തെ പത്തു സംസ്ഥാനങ്ങളിലെ 35 ഒല സര്‍വീസ് സെന്ററുകള്‍ സന്ദര്‍ശിച്ച ശേഷമാണ് റോയിട്ടേഴ്സ് പ്രതിനിധികള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 36 ഒല സര്‍വീസ് സ്റ്റാഫിനേയും 40 ഉപഭോക്താക്കളേയും കണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് ഒലയുടെ സര്‍വീസ് ഏറ്റവും മോശം. സര്‍വീസ് സെന്ററുകളില്‍ നിന്നും ഒല സ്കൂട്ടറുകള് കുഴപ്പങ്ങള്‍ പരിഹരിച്ചു കിട്ടാനായി മൂന്നു ദിവസം മുതല്‍ രണ്ട് ആഴ്ച്ച വരെ എടുക്കുന്നുവെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പറയുന്നത്.
മുംബൈയിലെ താനെയിലുള്ള ഒല വര്‍ക്ക് ഷോപ്പില്‍ നൂറിലേറെ ഇ സ്കൂട്ടറുകളാണ് സര്‍വീസും കാത്തു കിടക്കുന്നത്. ഒരൊറ്റ മാസം കൊണ്ട് 200-300 സ്കൂട്ടറുകള് സര്‍വീസ് ചെയ്തിരുന്നതില്‍ നിന്നും പ്രതിമാസം 1000 സ്കൂട്ടറുകള് എന്ന നിലയിലേക്ക് ഉയര്‍ന്നതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് താനെയിലെ സര്‍വീസ് മാനേജര്‍ ദേവേന്ദ്ര ഗുഹ പ്രതികരിച്ചത്. ഒല സ്കൂട്ടറുകള് ഉടമകള്‍ക്ക് അതേ ദിവസം തന്നെ സര്‍വീസ് ചെയ്തു കൊണ്ടുപോകാനാവുമെന്ന് ഭവീഷ് അഗര്‍വാള്‍ ജനുവരിയില്‍ പറഞ്ഞിരുന്നു. പിന്നീട് ഓഗസ്റ്റില്‍ സര്‍വീസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനായി വിപുലമായ തോതില്‍ സര്‍വീസ് സെന്ററുകള്‍ തുടങ്ങുകയും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
2030 ആവുമ്പോഴേക്കും രാജ്യത്ത് വില്‍ക്കുന്ന ഇരുചക്രവാഹനങ്ങളില്‍ 70 ശതമാനം വൈദ്യുത സ്കൂട്ടറുകളാവണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. 2025ല്‍ തന്നെ ഇലക്ട്രിക് സ്കൂട്ടറുകള് മാത്രമുള്ള ഇന്ത്യന്‍ വിപണിയാണ് ഭവീഷും ഒലയും സ്വപ്നം കാണുന്നത്. ഒലക്കൊപ്പം ഏഥറും ഹീറോ ഇലക്ട്രിക്കും ടിവിഎസ് മോട്ടോറും അടക്കമുള്ള എതിരാളി കമ്പനികള്‍ കൂടി വൈദ്യുത സ്കൂട്ടര്‍ വിപണിയെ ഉഷാറാക്കിയതോടെ പ്രതിവര്‍ഷം ഏഴു ലക്ഷം വൈദ്യുത സ്കൂട്ടര്‍ വില്പന ഇന്ത്യന്‍ വിപണിയില്‍ സാധ്യമായിരുന്നു. അപ്പോഴും 52 ലക്ഷം സ്കൂട്ടറുകളും 1.02 കോടി മോട്ടോര്‍ ബൈക്കുകളും വില്‍ക്കുന്നത്രയും വലുതാണ് ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി. ഇന്ത്യയില്‍ വിജയിക്കണമെങ്കില്‍ സര്‍വീസ് സൗകര്യങ്ങള്‍ നിര്‍ണായകമാണെന്നാണ് ഓട്ടോ കണ്‍സള്‍ട്ടിങ് സ്ഥാപനമായ ജാട്ടോ ഡൈനാമിക്സിന്റെ രവി ഭാട്ടിയ ചൂണ്ടിക്കാണിക്കുന്നത്.
പരിചിതമല്ലാത്ത രീതിയിലുള്ള വാഹനങ്ങള്‍ ഓടിക്കുമ്പോഴുണ്ടാവുന്ന പ്രശ്നങ്ങളും റോഡിലെ പ്രശ്നങ്ങളും ഇ സ്കൂട്ടറുകള്‍ക്ക് കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കുന്നുണ്ട്. ബാറ്ററി ചാര്‍ജു ചെയ്യുമ്പോള്‍ എന്തു ശ്രദ്ധിക്കണം സോഫ്റ്റ്വെയര് പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാം ഇ സ്കൂട്ടര്‍ ഓടിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പല വിഷയങ്ങളുമുണ്ട്. ഇതിനൊപ്പം മോശം റോഡിലൂടെ പോവുമ്പോഴുണ്ടാവുന്ന പ്രശ്നങ്ങളും ഒല അടക്കമുള്ള ഇ.വികള്‍ നേരിടുന്നുണ്ട്.