ADVERTISEMENT

തങ്ങളുടെ മിഡ്‌സൈസ് ഇലക്ട്രിക് എസ്‌യുവി കണ്‍സെപ്റ്റിന്റെ വിശദാംശങ്ങളും ചിത്രങ്ങളും പുറത്തുവിട്ട് ടൊയോട്ട. ടൊയോട്ട അര്‍ബന്‍ എസ്‌യുവി എന്നു പേരിട്ടിരിക്കുന്ന ഈ വാഹനം മാരുതി സുസുക്കി ഇവിഎക്സ് എസ്‌യുവിയുടെ ടൊയോട്ട പതിപ്പായിരിക്കും. ടൊയോട്ട അര്‍ബന്‍ എസ്‌യുവിയും മാരുതി സുസുക്കി ഇവിഎക്സ് എസ്‌യുവിയും അടുത്തവര്‍ഷം അന്താരാഷ്ട്ര വിപണിയിലെത്തും. 

toyota-urban-suv-concept-4

ടൊയോട്ട മാരുതി സഹകരണത്തില്‍ പുറത്തിറങ്ങുന്ന കാറുകളിലൊന്നാണ് അര്‍ബന്‍ എസ്‌യു‌വി. അതുകൊണ്ടുതന്നെ അകത്തും പുറത്തും ഫീച്ചറുകളിലും മാരുതി ഇവിഎക്സുമായി ഈ വാഹനത്തിന് നിരവധി സാമ്യതകളുണ്ട്. അര്‍ബന്‍ എസ്‌യു‌വിക്ക് 4,300എംഎം നീളവും 1,820എംഎം വീതിയും 1,620എംഎം ഉയരവുമാണുള്ളത്. മാരുതി ഇവിഎക്സ് നീളത്തില്‍ സമാനമാണെങ്കിലും വീതിയില്‍ 20എംഎം കുറവാണ്. രണ്ടു വാഹനങ്ങള്‍ക്കും 2,700എംഎം വീല്‍ബേസാണുള്ളത്. 

toyota-urban-suv-concept-3

സ്റ്റൈലിങില്‍ ടൊയോട്ടയുടെ ബിഇസഡ് കോപാക്ട് എസ്‌യു‌വിയോടാണ് അര്‍ബന്‍ എസ്‌യു‌വിക്ക് കൂടുതല്‍ സാമ്യമുള്ളത്. പിന്‍ഭാഗത്തിന് ഇവിഎക്സിനോടാണ് കൂടുതല്‍ സാമ്യം. സി പില്ലറിലാണ് പിന്നിലെ ഡോറുകളുടെ ഹാന്‍ഡിലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പുറത്തുവിട്ടെങ്കിലും അര്‍ബന്‍ എസ്‌യുവിയുടെ ഇന്റീരിയറിന്റെ വിശദാംശങ്ങള്‍ ടൊയോട്ട പുറത്തുവിട്ടിട്ടില്ല. എങ്കിലും ഇവിഎക്സിന്റേതു പോലെ വിശാലമായ ഇന്റീരിയറായിരിക്കും ടൊയോട്ടയുടെ അര്‍ബനും പ്രതീക്ഷിക്കപ്പെടുന്നത്. 

27 പിഎൽ സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോമിലാണ് ഈ രണ്ട് എസ്‌യുവികളും നിര്‍മിക്കുക. സുസുക്കിയുടെ ഗുജറാത്തിലെ ഫാക്ടറിയിലാണ് ഇന്ത്യയിലേക്കും കയറ്റുമതിക്കും വേണ്ട ഇവിഎക്സും അര്‍ബന്‍ എസ്‌യുവിയും നിര്‍മിക്കുക. പ്രതിവര്‍ഷം 1.25 ലക്ഷം കാറുകള്‍ ഇവിടെ നിര്‍മിക്കാനാവും. 400 കിലോമീറ്ററിലേറെ റേഞ്ചുള്ള വകഭേദങ്ങളില്‍ രണ്ട് ബാറ്ററി പാക്കുകളില്‍ അര്‍ബന്‍ എസ്.യു.വി പുറത്തിറങ്ങും. ഇവിഎക്സിനെപ്പോലെ തന്നെ ഉയർന്ന മോഡലിന് 550 കിലോമീറ്റർ റേഞ്ചും ലഭിച്ചേക്കാം. വാഹനത്തിന് ഫോര്‍വേഡ് വീല്‍ ഡ്രൈവും ഡ്യുവല്‍ മോട്ടോര്‍ AWDയും ചില വിപണികളില്‍ അവതരിപ്പിക്കുമെന്നും ടൊയോട്ട നല്‍കിയിട്ടുണ്ട്. 

toyota-urban-suv-concept-1

യൂറോപ് പോലുള്ള വിപണികളില്‍ ടൊയോട്ടയുടെ എന്‍ട്രി ലെവല്‍ വൈദ്യുത എസ്.യു.വിയായിട്ടായിരിക്കും അര്‍ബന്‍ എസ്.യു.വിയുടെ വരവ്. മൂന്നു ഇവി എസ്‌യുവികളാണ് യൂറോപിനായി ടൊയോട്ട ഒരുക്കുന്നത് ഇതിലൊന്ന് ഇന്ത്യന്‍ നിര്‍മിത അര്‍ബന്‍ എസ്.യു.വിയായിരിക്കും. ബിഇസഡ് സ്‌പോര്‍ട് ക്രോസ്ഓവര്‍, കോംപാക്ട് എസ്‌യുവി ക്രോസ്ഓവര്‍ എന്നിവയാണ് ടൊയോട്ടയുടെ മറ്റു രണ്ട് വരുംകാല ഇവി എസ്‌യുവികള്‍. 2024ല്‍ മാരുതി സുസുക്കിയുടെ ഇവിഎക്സ് പുറത്തിറങ്ങി ഏതാനും മാസങ്ങള്‍ക്കകം ഇന്ത്യയില്‍ ടൊയോട്ട അര്‍ബന്‍ എസ്.യു.വി എത്തുമെന്നാണ് പ്രതീക്ഷ. 

English Summary:

Auto News, Toyota Urban SUV Concept Unveiled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com