പുതിയ സോണറ്റ് ഡിസംബർ 14ന്, ഡീസൽ മാനുവൽ തിരിച്ചുവരും
Mail This Article
കിയയുടെ ചെറു എസ്‍യുവി സോണറ്റിന്റെ പുതിയ മോഡൽ ഡിസംബർ 14 ന് പ്രദർശിപ്പിക്കും. കാലികമായ മാറ്റങ്ങളുമായി പുതിയ ഫീച്ചറുകളുമായി എത്തുന്ന സോണറ്റിന് ഇക്കുറി ഡീസൽ മാനുവലുമുണ്ടാകും. എംടി, ഐഎംടി, എടി ഗിയർബോക്സുകളിലാകും സോണറ്റ് എത്തുക.
കിയ, സോണറ്റിനെ 2020ൽ വിപണിയിലെത്തിക്കുമ്പോൾ ഡീസൽ മാനുവൽ ഗിയർബോക്സുണ്ടായിരുന്നു. എന്നാൽ പിന്നീട് മാനുവൽ നിർത്തി ക്ലച്ചില്ലാത്ത ഐഎംടി എന്ന സെമി ഓട്ടമാറ്റിക് ഗിയർബോക്സ് മാത്രമായി. മാനുവൽ ഇല്ലാത്തത് വിൽപനയെ പ്രതികൂലമായി ബാധിക്കുന്നു എന്ന തിരിച്ചറിവായിരിക്കാം പുതിയ തലമുറയിൽ എംടി ഉൾപ്പെടുത്തിയത്.
1.2 പെട്രോൾ, 1 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകൾ തന്നെയാണ് പുതിയ മോഡലിനും. 1.2 ലീറ്റർ പെട്രോൾ എൻജിൻ മാനുവൽ ഗിയർബോക്സിൽ മാത്രം ലഭിക്കുമ്പോൾ ഒരു ലീറ്റർ പെട്രോൾ എൻജിൻ ആറ് സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി ഗിയർബോക്സുകളിലും 1.5 ലീറ്റർ ഡീസൽ മോഡൽ ആറു സ്പീഡ് മാനുവൽ, ഐഎംടി, ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകളിലും ലഭിക്കും.
പുതിയ ബംബറും ഹൈഡ്‌ലാംപ് യൂണിറ്റുമായിട്ടാണ് സോണറ്റ് എത്തുന്നത്. മാറ്റങ്ങൾ വരുത്തിയ എൽഇഡി ഡേടൈം റണ്ണിങ് ലാംപ്, ഫോഗ് ലാംപ്, പുതിയ ടെയിൽ ലാംപ്, 360 ഡിഗ്രി ക്യാമറ, എഡിഎസ് സ്യൂട്ട്, 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും സോണറ്റിലുണ്ട്.