തീപിടിച്ച് ഒല സ്കൂട്ടർ, ഫർണിച്ചർ കടയും കത്തിനശിച്ചു; ഇത് ആദ്യമായല്ല!
Mail This Article
ഒല വൈദ്യുത സ്കൂട്ടറുകളുടെ വില്പനക്കൊപ്പം അവ തീപിടിക്കുന്നതിന്റെ വാര്‍ത്തകളും കത്തിക്കയറുകയാണ്. തുടക്കം മുതലുള്ള വൈദ്യുത സ്കൂട്ടറുകളിലെ ഈ അപായ സാധ്യത ഇല്ലാതാക്കാന്‍ ഇപ്പോഴും ഒല അടക്കമുള്ള കമ്പനികള്‍ക്ക് സാധിച്ചിട്ടില്ല. ഏറ്റവും ഒടുവിലായി മലപ്പുറത്തെ നിലമ്പൂര്‍ ചുള്ളിയോടു നിന്നുള്ള ഒല എസ്1 പ്രൊ തീപിടിച്ച വിവരമാണ് പുറത്തുവരുന്നത്. ഡിസംബര്‍ 14ന് രാത്രി ചാര്‍ജു ചെയ്യുന്നതിനിടെയാണ് ഈ ഒല എസ്1 പ്രോക്ക് തീപിടിച്ചത്.
എക്സില്‍ fazil0090 എന്ന യൂസറാണ് ഒല എസ്1 പ്രൊ തീ പിടിച്ചതിന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചിരിക്കുന്നത്. ചാര്‍ജു ചെയ്യുന്നതിനു വേണ്ടി ഒരു ഫര്‍ണീച്ചര്‍ കടയുടെ പുറത്തു പാര്‍ക്കു ചെയ്തിരുന്ന ഒല എസ്1 പ്രോക്കാണ് തീ പിടിച്ചത്. അടുത്തുള്ള രണ്ടു കടകളിലേക്കു കൂടി തീ പടര്‍ന്നു പിടിക്കുകയും ചെയ്തിട്ടുണ്ട്. ഒല സ്കൂട്ടറിന്റെ ചേസിസും അലോയ് വീലുകളും മാത്രമാണ് ശക്തമായ തീപിടുത്തത്തിന് ഒടുവില്‍ ബാക്കിയാതത്.
സംഭവത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ ഒല തയ്യാറായിട്ടില്ല. ഇത് ആദ്യമായല്ല ഒലയുടെ വൈദ്യുത സ്കൂട്ടറിന് തീ പിടിക്കുന്നത്. നേരത്തെയും പല സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് സ്കൂട്ടറുകള് തീ പിടിക്കുന്നത് എന്നതു സംബന്ധിച്ച് വ്യക്തമായ കാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ബാറ്ററിയുടേയും ചാര്ജിങിന്റേയും ബാറ്ററി മാനേജ്മെന്റ് സിസ്റ്റത്തിലെ പോരായ്മകളുമെല്ലാം തീപിടുത്തത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്.
2020 ഒക്ടോബറില്‍ ഒകിനാവയുടെ മൂന്നു സ്കൂട്ടറുകള് തീ പിടിച്ചിരുന്നു. പിന്നീട് പലപ്പോഴായി ഒല ഇലക്ട്രിക്, പ്യുവര്‍ ഇവി, ജിതേന്ദ്ര ഇവി എന്നിങ്ങനെയുള്ള കമ്പനികളുടെ വൈദ്യുത സ്കൂട്ടറുകള്‍ക്ക് തീ പിടിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. തീ പിടുത്തത്തെ തുടര്‍ന്ന് ഒകിനാവ 3,215 ഇലക്ട്രിക് സ്കൂട്ടറുകളും പ്യുവര്‍ ഇവി 2,000 ഇ.വികളും അറ്റകുറ്റ പണികള്‍ക്കായി തിരികെ വിളിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു നടപടിയും ഒലയുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നതാണ് ഉയരുന്ന വിമര്‍ശനം. തീ പിടിക്കുന്നതിനു പുറമേ ഒല എസ്1 പ്രൊ സ്കൂട്ടറുകള് റിവേഴ്സ് ഗിയറില്‍ അതിവേഗത്തില്‍ പോവുന്നുവെന്നും റെഞ്ചില്‍ പെട്ടെന്നു കുറവുണ്ടാവുന്നുവെന്നുമുള്ള പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.