ഇത് ഏണി തന്ന പണി! വലുപ്പം കൂടിയ ലോഡ് കയറ്റണോ? നിയമ വശങ്ങള്
Mail This Article
ഇരുമ്പ് പൈപ്പുകൾ, കമ്പികൾ, തടികൾ എന്നിവ കയറ്റികൊണ്ടുപോകുന്ന വാഹനങ്ങളെ നാം ധാരാളമായി കാണാറുണ്ട്. വാഹനങ്ങളുടെ ബോഡിയും കഴിഞ്ഞ പുറത്തേയ്ക്ക് തള്ളി നിൽക്കുന്ന ലോഡുമായി പോകുന്നത് നിയമ വിരുദ്ധമാണെന്ന് പറയുകയാണ് മോട്ടർ വാഹന വകുപ്പ്. നീണ്ടു നിൽക്കുന്ന ഏണിയുമായി പോയ ലോറി മൂലമുണ്ടായ അപകടത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് ഇതിന്റെ നിയമ വശങ്ങളെക്കുറിച്ച് മോട്ടർവാഹന വകുപ്പ് പറയുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
നമ്മുടെ നാട്ടിൽ സർവസാധാരണമായി കാണുന്ന, പ്രത്യക്ഷത്തിൽ നിർദോഷമെന്നു തോന്നുന്ന കാഴ്ചയാണെങ്കിലും ഇത് ഉണ്ടാക്കുന്ന അപകടം ഭീകരമാണ്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിലുൾപ്പെട്ട വാഹനങ്ങളുടെ ചിത്രമാണ് ഇത്
സുരക്ഷിതമായി ബന്ധിക്കാതെ വലുപ്പം കുറഞ്ഞ വാഹനങ്ങളിൽ ഇങ്ങിനെ മുൻപിലേക്കോ പിറകിലേക്കോ തളളി നിൽക്കുന്ന കമ്പികൾ, ഇരുമ്പു പൈപ്പുകൾ, മെറ്റൽ ഷീറ്റുകൾ, ഏണി, തടികൾ തുടങ്ങിയവ അപകടകാരികളാണ് എന്ന കാര്യം പലപ്പോഴും നാം സൗകര്യപൂർവം മറക്കാറുണ്ടെന്നതാണ് സത്യം. പക്ഷേ മുൻപിലും പിന്നിലും ഉളള മറ്റു വാഹനങ്ങളുടെ ഡ്രൈവർമാക്കും യാത്രികർക്കും, വാഹനങ്ങൾക്കും ഇവ ഉണ്ടാക്കുന്ന ഭീഷണി ചെറുതല്ല. വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ ഇവ കെട്ട് അഴിഞ്ഞ് മുന്നോട്ടോ പിറകിലോട്ടോ വീഴാനോ പിറകിലുള്ള വാഹനം സുരക്ഷിത അകലം കണക്കാക്കി പാലിക്കാത്തതിനാൽ ഇത്തരം പ്രൊജക്ഷനിലേക്ക് ഇടിച്ച് കയറാനോ സാധ്യത ഉണ്ട്.
വാഹനത്തിൽ നിന്ന് മുന്നിലേക്കോ, പിറകിലേക്കോ വശങ്ങളിലേക്കോ ഒരു കാരണവശാലും ലോഡ് പുറം തള്ളി നിൽക്കാൻ പാടില്ല. 3500kg വരെ GVW ഉള്ള വാഹനങ്ങൾക്ക് തറനിരപ്പിൽ നിന്ന് പരമാവധി 3 മീറ്റർ മാത്രമെ ഉയരം അനുവദിക്കുന്നുള്ളൂ. 3500kg ൽ കൂടുതൽ GVw ഉള്ള വാഹനങ്ങൾക്ക് 4 മീറ്ററും വാഹനങ്ങൾ കൊണ്ടു പോകുന്ന വലിയ വാഹനങ്ങൾക്ക് പരമാവധി 4.75 മീറ്ററുമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.