ഥാർ 5 ഡോർ നിർമാണം ജൂണിൽ ആരംഭിക്കും, പേർ അർമദ!
Mail This Article
മഹീന്ദ്രഥാർ 5 ഡോർ പ്രൊഡക്ഷൻ മോഡലിന്റെ നിർമാണം ഈ വർഷം ജൂണിൽ ആരംഭിക്കും. മാസം 4000 വാഹനങ്ങൾ നിർമിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ പരീക്ഷണയോട്ടം നടത്തുന്ന ഥാർ 5 ഡോർ മോഡൽ അർമദ എന്ന പേരിലായിരിക്കും വിൽക്കുക.
ഥാറിന്റെ രൂപഭംഗി നിലനിർത്തി നീളം കൂട്ടിയെത്തുന്ന ഥാറിന്റെ പുതു മോഡൽ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്ന വാഹനമാണ്. ഥാറിന്റെ മുൻ ബംബർ, പിൻ ബംബർ, ടെയിൽ ലാംപ് എന്നിവയിൽ മാറ്റം വരുത്തിയിട്ടുണ്ട്. അലോയ് വീലിന്റെ ഡിസൈനിനും മാറ്റങ്ങളുണ്ട്.
ഇന്റീരിയറിലും മാറ്റങ്ങളേറെയാണ്. മഹീന്ദ്ര എക്സ്‌യുവി 400 ലൂടെ അരങ്ങേറിയ 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ഥാറിന്. കൂടാതെ ധാരാളം മാറ്റങ്ങളുണ്ടാകും. ലാഡർ ഫ്രെയിം ഷാസിയോടെ 2021ൽ വിപണിയിലെത്തിയ ഥാറിനു കരുത്തേകാൻ ഒരു പെട്രോൾ എൻജിനും രണ്ട് ഡീസൽ എൻജിനുമാണുള്ളത്. അതേ എൻജിൻ തന്നെയാകും പുതിയ മോഡലിലും.
112 ബി എച്ച് പി വരെ കരുത്തും 300 എൻഎം ടോർക്കും സൃഷ്ടിക്കുന്ന, രണ്ടു ലീറ്റർ എം സ്റ്റാലിയൻ ടർബോ പെട്രോൾ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളാണ്. 97 ബി എച്ച് പി വരെ കരുത്തും 300 എൻ എം ടോർക്കും സൃഷ്ടിക്കാനാവുന്ന 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിനൊപ്പവും ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുകൾ ലഭ്യമാണ്. 87.2 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ ഡീസൽ എൻജിന് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണുള്ളത്. 1.5 ലീറ്റർ എൻജിൻ റിയർവീൽ ഡ്രൈവിൽ മാത്രം ലഭിക്കുമ്പോൾ 2 ലീറ്റർ പെട്രോൾ, 2.2 ലീറ്റർ ഡീസൽ എൻജിനുകൾ നാലു വീൽ ഡ്രൈവ് ലേ ഔട്ടിലും ലഭിക്കും.