സെഞ്ചറി നേട്ടം! കേരളത്തിൽ മാത്രം 100 ഇലക്ട്രിക് കാറുകള്‍ വിറ്റ് വോള്‍വോ
Mail This Article
വോൾവോ കാർ ഇന്ത്യ കേരളത്തിൽ മാത്രം വിറ്റത് 100 ഇലക്ട്രിക് കാറുകള്‍. എക്സ്‌സി 40 റീചാർജ്, സി 40 റീചാർജ് എന്നീ ഇലക്ട്രിക് കാറുകളാണ് വോൾവോ ഇന്ത്യയുടെ ലൈനപ്പിലുള്ളത്. അതിൽ എക്സ്‌സി 40 റീചാർജിന്റെ 82 യൂണിറ്റുകളും സി 40 റീചാർജിന്റെ 18 യൂണിറ്റുകളും കഴിഞ്ഞ വർഷം വിറ്റു. 39 യൂണിറ്റ് വിൽപനയുമായി എറണാകുളമാണ് കേരളത്തിൽ ഒന്നാമത്.
കേരളത്തെ കൂടാതെ തമിഴ്നാടും വോൾവോ ഇലക്ട്രിക് കാർ വിൽപനയിൽ സെഞ്ചറി അടിച്ചു. കഴിഞ്ഞ വർഷം 2423 യൂണിറ്റ് കാറുകൾ വോൾവോ ഇന്ത്യയിൽ വിറ്റു. വിൽപനയിൽ 2022നെ അപേക്ഷിച്ച് 31 ശതമാനം വളർച്ചയും നേടി. വൈദ്യുത മോഡലായ എക്സ്‌സി 40 റീചാർജിന്റെ കഴിഞ്ഞ വർഷത്തെ വിൽപന 510 യൂണിറ്റും സി40 റീചാർജിന്റെ വിൽപന 180 യൂണിറ്റുമായിരുന്നു. സി40 റീചാര്‍ജ് ഡെലിവറി 2023 സെപ്റ്റംബര്‍ പകുതിയോടെയാണ് തുടങ്ങിയത്.
''വോള്‍വോ കാര്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട വിപണിയാണ് കേരളം. നൂതന സാങ്കേതിക വിദ്യകള്‍ സ്വീകരിക്കാന്‍ തയാറായ കേരളത്തിലെ ഉപഭോക്താക്കളാണ് ഞങ്ങളുടെ ഉല്‍പന്നങ്ങളെ ഇത്രയേറെ സ്വീകാര്യമാക്കിയത്. വര്‍ഷം തോറും, നൂതന സാങ്കേതിക വിദ്യയില്‍ തീര്‍ത്ത ഇലക്ട്രോണിക് വാഹനങ്ങള്‍ കമ്പനി ഇനിയും പുറത്തിറക്കുന്നതാണ്. ഇതിലൂടെ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം ഉറപ്പുവരുത്താനും ശ്രമിക്കും,'' വോള്‍വോ കാര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു.
''ഈ യാത്രയിലെ പങ്കാളികളെന്ന നിലയില്‍ കേരളത്തില്‍ 100 ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിക്കാനായി എന്ന നേട്ടത്തില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. വോള്‍വോ ഇലക്ട്രിക് വാഹനങ്ങളോടുള്ള ഉപഭോക്താക്കളുടെ വിശ്വാസവും ആവേശവും ഈ നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇനിയും നൂതന സംവിധാനങ്ങളോട് കൂടിയതും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് നല്‍കാന്‍ ഞങ്ങള്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതാണ്. വരും വര്‍ഷങ്ങളിലും ഈ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,'' എന്ന് കേരള വോള്‍വോ സിഇഒ ആര്‍ കൃഷ്ണകുമാര്‍ പറഞ്ഞു.