ടൂറിസ്റ്റ് ബസുകൾക്ക് നികുതി ഇളവ്, സീറ്റിന് 1000 രൂപ വരെ കുറയും
Mail This Article
ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസുകള്‍ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നികുതിയിൽ കുറവു വരുത്തി. കേരളത്തിൽ റജിസ്റ്റർ ചെയ്യേണ്ട വാഹനങ്ങൾ നികുതി കുറവുള്ള നാഗലൻഡ്, അരുണാചൽപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത് കേരളത്തിൽ സർവീസ് നടത്തുന്നത് തടയാനാണ് പുതിയ നികുതി പരിഷ്കരണം ബജറ്റിൽ കൊണ്ടുവന്നത്.
ഇതു പ്രകാരം ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസ്റ്റ് ഓർഡിനറി സീറ്റിന്റെ ത്രൈമാസ നികുതി സീറ്റൊന്നിന് 2250 രൂപ എന്നത് 1500 രൂപയായി കുറച്ചു. ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസ് പുഷ്ബാക്കിന്റെ നികുതി 3000 രൂപയിൽ നിന്ന് 2000 രൂപയായും ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസ് സ്ലീപ്പർ ബർത്തിന്റെ നികുതി 4000 രൂപയിൽ നിന്ന് 3000 രൂപയുമായി കുറച്ചു.
അന്യസംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ ഭാഗമായി വല്ലപ്പോഴും കേരളത്തിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്നു പരമാവധി ഏഴു ദിവസത്തേക്കുള്ള ത്രൈമാസ നികുതിയുടെ പത്തിന് ഒരുഭാഗം ഈടാക്കുന്നതിനും ഏഴു ദിവസത്തിനുള്ളിൽ കൂടുതൽ ഓടുന്ന വാഹനങ്ങളിൽ നിന്ന് ഒരു മാസത്തെ നികുതി ഈടാക്കുന്നതിനും നികുതി നിയമം ഭേദഗതി ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ സ്ഥിരമായി കേരളത്തിൽ സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളിൽ നിന്ന് ത്രൈമാസ നികുതി ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് ബസുകൾ കേന്ദ്രസർക്കാർ ചട്ടങ്ങളുടെ പിൻബലത്തിൽ സംസ്ഥാനത്ത് സർവീസ് നടത്തുന്നുണ്ട്. ഇത് സംസ്ഥാനത്തിന് നികുതി നഷ്ടത്തോടൊപ്പം റജിസ്ട്രേഷൻ ഫീസിനത്തിലും ഫിറ്റ്‌നെസ് ടെസ്റ്റ് ഫീസിനത്തിലും സംസ്ഥാനത്തി നഷ്ടം വരുത്തുന്നുണ്ട്. ഇതാണ് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിലേക്കെത്താൻ സർക്കാറിനെ പ്രേരിപ്പിച്ചത്.