ADVERTISEMENT

മുഖം മിനുക്കിയെത്തുന്ന പുതിയ സ്വഫ്റ്റിന്റെ വരവിനായി കാത്തിരിക്കുകയാണ് നമ്മള്‍. ആദ്യത്തെ സ്വിഫ്റ്റ് എന്നാണ് പുറത്തിറങ്ങിയതെന്ന് വല്ലപിടിയുമുണ്ടോ? അതിന് നാലു പതിറ്റാണ്ടോളം പിന്നിലേക്കു പോകേണ്ടി വരും. 1983 ടോക്കിയോ മോട്ടര്‍ ഷോയിലായിരുന്നു സുസുക്കി സ്വിഫ്റ്റിനെ ആദ്യമായി പുറം ലോകം കാണുന്നത്. അന്ന് കള്‍ട്ടസ്/ എസ്എ310 എന്ന പേരിലായിരുന്നു ജപ്പാനില്‍ സ്വിഫ്റ്റ് വിറ്റിരുന്നത്. 1985ലാണ് സ്വിഫ്റ്റ് എന്ന പേര് ഈ കാറിന് ലഭിക്കുന്നത്.

suzuki-swift-2

ഇതുവരെ സ്വിഫ്റ്റിന്റെ അഞ്ചു തലമുറകള്‍ പുറത്തെത്തിയിട്ടുണ്ട്. ബ്രിട്ടനില്‍ സ്വിഫ്റ്റ് ആദ്യമായി അവതരിപ്പിക്കുന്നത് 1989ൽ ആണ്. മൂന്നു ഡോര്‍, അഞ്ച് ഡോര്‍ ബോഡി സ്‌റ്റൈലുകളില്‍ സ്വിഫ്റ്റ് എത്തിയിരുന്നു. ഇന്റര്‍ഡിപ്പെന്‍ഡന്റ് സസ്‌പെന്‍ഷനുണ്ടായിരുന്ന ഈ മോഡലില്‍ 1.0 ലീറ്റര്‍ 3 സിലിണ്ടര്‍ അല്ലെങ്കില്‍ 1.3ലീറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്.

ജപ്പാനില്‍ പുറത്തിറങ്ങി ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയില്‍ സ്വിഫ്റ്റ് എത്തുന്നത്. വൈകിയെങ്കിലും ഇന്ത്യയില്‍ സ്വിഫ്റ്റ് വില്‍പനയുടെ കാര്യത്തില്‍ ചരിത്രം സൃഷ്ടിച്ചു. ഇതുവരെ മൂന്നു തലമുറ സ്വിഫ്റ്റുകള്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ആദ്യ തലമുറയില്‍ 1.3 ലീറ്റര്‍ പെട്രോള്‍ എന്‍ജിനായിരുന്നു. പിന്നീടിത് 1.2 ലീറ്റര്‍ എന്‍ജിനാക്കി. ഡീസല്‍ എന്‍ജിനിലും സ്വിഫ്റ്റ് ഇന്ത്യന്‍ നിരത്തിലെത്തി.

മൂന്നാം തലമുറയിലാണ് ഏറെ ജനപ്രീതി നേടിയ സ്‌പോര്‍ടി വെര്‍ഷനായ സ്വിഫ്റ്റ് സ്‌പോര്‍ട് ആഗോളവിപണിയില്‍ അവതരിപ്പിക്കുന്നത്. 1.6 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനായിരുന്നു കരുത്ത്. 3 ഡോര്‍ ബോഡി സ്‌റ്റൈലിലും 6 സ്പീഡ് ഗിയര്‍ബോക്‌സിലുമെല്ലാം പിന്നീട് സ്വിഫ്റ്റ് സ്‌പോര്‍ട് വിപണിയില്‍ തരംഗമായി.

suzuki-swift-1

2017 ജനീവ മോട്ടര്‍ ഷോയില്‍ അവതരിപ്പിച്ച സ്വിഫ്റ്റാണ് ഇപ്പോള്‍ വിപണിയിലുള്ളത്. ഇന്ത്യയില്‍ 1.2 ലീറ്റര്‍ പെട്രോള്‍, 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ ഈ സ്വിഫ്റ്റ് ലഭ്യമാണ്. വരാനിരിക്കുന്ന സ്വിഫ്റ്റില്‍ പുതിയ Z സീരീസ് 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ എന്‍ജിനാണുള്ളത്. 2013ല്‍ പത്തു ലക്ഷം സ്വിഫ്റ്റുകള്‍ ഇന്ത്യയില്‍ വിറ്റിരുന്നു. 25 ലക്ഷം യൂണിറ്റുകള്‍ എന്ന കാര്‍ കമ്പനികളുടെ സ്വപ്‌ന ലക്ഷ്യവും 2021ല്‍ സ്വിഫ്റ്റ് ഇന്ത്യയില്‍ നേടിക്കഴിഞ്ഞു. പുതിയ മോഡല്‍ കൂടി എത്തുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ ഒരിക്കല്‍ കൂടി സ്വിഫ്റ്റ് തരംഗമാവുമെന്ന പ്രതീക്ഷയിലാണ് മാരുതി സുസുക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com