350 പ്രാവശ്യം നിയമം ലംഘിച്ചു, സ്കൂട്ടർ ഉടമയ്ക്ക് 3.2 ലക്ഷം രൂപ പിഴ!
Mail This Article
നിയമ ലംഘനം തുടർക്കഥയാക്കിയ സ്കൂട്ടർ ഉടമയ്ക്ക് ലക്ഷങ്ങൾ പിഴയിട്ട് പൊലീസ്. 350 നിയമലംഘനങ്ങൾ നടത്തിയ വെങ്കിട്ടരാമൻ എന്നയാൾക്കാണ് ബെംഗളൂരു ട്രാഫിക് പൊലീസ് 3.2 ലക്ഷം രൂപ പിഴയിട്ടത്. പിഴ അടയ്ക്കാതെ മുങ്ങി നടക്കുന്നവരെ പറ്റിയുള്ള വിവരം ശേഖരിക്കുന്നതിനിടെയാണ് വെങ്കിട്ടരാമന്റെ തുടർച്ചയായുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടത്.
ബെംഗളൂരു സുധാമനഗർ സ്വദേശിയായ വെങ്കിട്ടരാമൻ നിരവധി തവണ ഹെൽമറ്റ് ധരിക്കാതെയും മൊബൈൽ ഫോണിൽ സംസാരിച്ചും സിഗ്നൽ തെറ്റിച്ചും വാഹനമോടിച്ചു. പല നിയമലംഘനങ്ങൾക്കും പിഴ ലഭിച്ചിരുന്നുവെങ്കിലും പണം അടയ്ക്കാതെ മുങ്ങുകയായിരുന്നു.
ബെംഗളൂരു ട്രാഫിക് പൊലീസ് വെങ്കിട്ടരാമന്റെ വീട്ടിലെത്തിയാണ് 3.2 ലക്ഷം രൂപയുടെ പിഴ ചെല്ലാൻ നൽകിയത്. സ്കൂട്ടർ 30000 രൂപയ്ക്ക് സെക്കൻഡ് ഹാൻഡ് വിപണിയിൽ നിന്ന് വാങ്ങിയതാണെന്നും പിഴ ഒഴിവാക്കിതരണമെന്നും ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ ഒഴിവാക്കാനാകില്ലെന്നും ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്നുമാണ് പൊലീസ് പറയുന്നത്. തുടർന്നും പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ കേസുമായി മുന്നോട്ട് പോകുമെന്നും പൊലീസ് പറഞ്ഞു.