ADVERTISEMENT

ഇന്ത്യന്‍ കാര്‍ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ഡസ്റ്ററിന്റെ ചിത്രങ്ങള്‍ റെനോ ഔദ്യോഗികമായി പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം യൂറോപ്പിലെ ഡാസിയയുടെ ഡസ്റ്ററിന്റെ ചിത്രമാണ് റെനോ കാണിച്ചിരുന്നതെങ്കില്‍ ഇക്കുറി മുന്നില്‍ ലോഗോയ്ക്കു പകരം റെനോ എന്നെഴുതിയ പുതുതലമുറ ഡസ്റ്ററിന്റെ ചിത്രങ്ങള്‍ തന്നെയാണ് പുറത്തുവന്നിരിക്കുന്നത്. 2025 രണ്ടാം പകുതിയില്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഡസ്റ്റര്‍ വീണ്ടുമെത്തുമെന്നാണ് പ്രതീക്ഷ. 

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ കുടുംബത്തിലെ റൊമാനിയന്‍ പങ്കാളിയായ ഡാസിയ യൂറോപ്പില്‍ ഡസ്റ്റര്‍ ഇറക്കിയിരുന്നു. ഗ്രില്ലില്‍ ലോഗോയ്ക്കു പകരം ഡാസിയ എന്നെഴുതിയതു പോലെ ഇന്ത്യയിലേക്കു വരുന്ന പുതിയ ഡസ്റ്ററില്‍ RENAULT എന്നാണ് എഴുതിയിരിക്കുന്നതെന്നു മാത്രം. ഡാസിയയെ അപേക്ഷിച്ച് ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ ഡസ്റ്ററിലുള്ളത്. ഡസ്റ്ററിന്റെ നിസാൻ വകഭേദം റെനോ ഡസ്റ്റര്‍ വന്നതിനു ശേഷമായിരിക്കും എത്തുക. 

renault-duster-4

സിഎംഎഫ്–ബി പ്ലാറ്റ്‌ഫോം

സിഎംഎഫ്–ബി പ്ലാറ്റ്‌ഫോമില്‍ കരുത്തുറ്റ ലുക്ക് നിലനിര്‍ത്തിക്കൊണ്ടാണ് ഡസ്റ്ററിനെ റെനോ ഒരുക്കിയിരിക്കുന്നത്. പഴയ മോഡലിനെക്കാള്‍ അല്‍പം കൂടിയ 4.34 മീറ്ററാണ് നീളം. ആദ്യഘട്ടത്തില്‍ 5 സീറ്റര്‍ വാഹനമായിരിക്കും ഇന്ത്യയിലെത്തുക. വൈകാതെ 7 സീറ്ററും പ്രതീക്ഷിക്കാം. ഡാസിയ ബിഗ്സ്റ്റര്‍ കണ്‍സെപ്റ്റിന് സമാനമായിരിക്കും ഇത്. നിലവിലെ മോഡലിനേക്കാള്‍ അല്‍പം വീല്‍ബേസ് കുറയും, 2,657 എംഎം. 

ഡാസിയയിലേതു പോലെ ‘വൈ’ രൂപത്തിലുള്ള എൽഇഡി ഡേടൈം റണ്ണിങ് ലാംപുകളും കുത്തനെയുള്ള എയര്‍വെന്റുകളുമാണ് ബംപറിലുള്ളത് ഫോഗ് ലൈറ്റ് വൃത്താകൃതിയിലുള്ളതാണ്. ബുള്‍ബാറിനെ ഓര്‍മിപ്പിക്കും വിധമാണ് ഗ്രില്ലിനു ചുറ്റുമുള്ള ഡിസൈന്‍. ലളിതമായ ഡിസൈനാണ് 18 ഇഞ്ച് അലോയ് വീലിന് നല്‍കിയിട്ടുള്ളത്. പിന്നിലും ‘വൈ’ രൂപത്തിലുള്ള ടെയ്ല്‍ ലൈറ്റുകളുണ്ട്. പിന്നിലെ ബംപറിന്റെ ഡിസൈനിലും ഡാസിയ ഡസ്റ്ററിനോട് സാമ്യതയുണ്ട്. 

പ്രീമിയം ഇന്റീരിയർ

ഡാഷ് ബോര്‍ഡും ഡാസിയയിലേതു പോലെയുള്ളതാണ്. എന്നാല്‍ സീറ്റിന്റെ അപ്പോല്‍സ്റ്ററിയില്‍ മാറ്റമുണ്ട്. ഡ്രൈവറുടെ ഭാഗത്തേക്കു ചേര്‍ന്നിരിക്കുന്നതാണ് സെന്റര്‍ കണ്‍സോള്‍. ഉയര്‍ന്ന വകഭേദങ്ങളില്‍ രണ്ട് ഡിജിറ്റല്‍ സ്‌ക്രീനുകളുണ്ട്. ഒന്ന് 7.0 ഇഞ്ച് ഡ്രൈവര്‍ ഇന്‍ഫര്‍മേഷനും രണ്ടാമത്തേത് 10.1 ഇഞ്ച് ഇന്‍ഫോടെയ്‌ന്‍മെന്റ് ടച്ച്‌സ്‌ക്രീനും. ഡാസിയയിലും ഡസ്റ്ററിലും സ്‌ക്രീനുകള്‍ ഒരേപോലെയാണ്. എന്നാല്‍ ഫോണ്ടുകളിലും കളര്‍ തീമുകളിലും വ്യത്യാസമുണ്ട്. 

renault-duster-2

ഫീച്ചറുകൾ നിറച്ച്

വയര്‍ലെസ് ചാര്‍ജിങ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 6 സ്പീക്കറുകളുള്ള അര്‍ക്കമീസ് 3ഡി സൗണ്ട് സിസ്റ്റം എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. എഡാസ് സാങ്കേതികവിദ്യയുള്ള സുരക്ഷയും ഡസ്റ്ററിലുണ്ട്. ഓട്ടമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, ട്രാഫിക് സൈന്‍ റെക്കഗ്നിഷന്‍, സ്പീഡിങ് അലര്‍ട്ട്, റിയര്‍ പാര്‍ക്കിങ് അസിസ്റ്റന്റ്, ലൈന്‍ ചേഞ്ച് വാണിങ് എന്നിങ്ങനെയാണ് സുരക്ഷാ സൗകര്യങ്ങള്‍.

renault-duster-5

ഹൈബ്രിഡും എത്തും

ഡാസിയയുമായുള്ള സാമ്യം എന്‍ജിന്റെ കാര്യത്തിലുമുണ്ട്. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളില്‍ രണ്ടെണ്ണം ഹൈബ്രിഡാണ്. 1.6 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനില്‍ രണ്ട് ഇലക്ട്രിക് മോട്ടറുകളും ചേര്‍ന്നാണ് ഹൈബ്രിഡായിരിക്കുന്നത്. ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ എന്‍ജിനിലുള്ളത്. 1.2 കിലോവാട്ട് ബാറ്ററി നഗരയാത്രകളില്‍ 80 ശതമാനം വരെ വൈദ്യുതിയില്‍ വാഹനം ഓടിക്കാന്‍ സഹായിക്കുന്നു. 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് അടുത്തത്. 48V സ്റ്റാര്‍ട്ടര്‍ മോട്ടറാണ് 130 ബിഎച്ച്പി കരുത്തുള്ള ഈ എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. 1.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് അടുത്തത്. ചില വിപണികളില്‍ മാത്രം എല്‍പിജിയും ലഭിക്കും. പുതിയ ഡസ്റ്ററില്‍ റെനോ ഡീസല്‍ മോഡല്‍ ഇറക്കുന്നില്ല. 

ഡ്രൈവ് മോഡുകൾ

ഓട്ടോ, സ്‌നോ, മഡ്/സാന്‍ഡ്, ഓഫ് റോഡ്, ഇക്കോ എന്നിങ്ങനെ പല ഡ്രൈവിങ് മോഡുകളുണ്ട് റെനോ ഡസ്റ്ററിന്. 217 എംഎം എന്ന മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും 31 ഡിഗ്രി അപ്രോച്ച് ആംഗിളും 36 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിളും ഈ വാഹനത്തിലുണ്ട്. അടുത്ത വര്‍ഷം രണ്ടാം പകുതിയില്‍ റെനോ ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെല്‍റ്റോസ്, ഫോക്‌സ്‌വാഗൻ ടൈഗുണ്‍, സ്‌കോഡ കുഷാക്ക്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ എന്നിവയോടായിരിക്കും ഡസ്റ്ററിന്റെ മത്സരം. 

English Summary:

Auto News, New Renault Duster revealed, gets unique styling bits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com