ADVERTISEMENT

ടൊയോട്ട ഇൻഡസ്ട്രീസ് സ്ഥാപകന്‍ സകിശി ടൊയോട്ടയുടെ നൂറാം ജന്മവാര്‍ഷികത്തില്‍, 1967 ലാണ് സെഞ്ചറി പുറത്തിറക്കുന്നത്. അന്നു മുതല്‍ ടൊയോട്ടയുടെ അഭിമാനവും അന്തസ്സും കാക്കുന്ന ആഡംബര കാറാണ് സെഞ്ചറി. ലോക നേതാക്കള്‍ പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും ജപ്പാനില്‍ മാത്രമേ സെഞ്ചറി കാറുകള്‍ വിപുലമായി കാണാനാവൂ. ടൊയോട്ടയുടെ നിര്‍മാണ വൈദഗ്ധ്യത്തിന്റെയും സൂക്ഷ്മതയുടെയും പ്രതീകമായ സെഞ്ചറിയെ രാജ്യാന്തര തലത്തില്‍ത്തന്നെ ബ്രാന്‍ഡാക്കി അവതരിപ്പിക്കാനൊരുങ്ങുകയാണ് ടൊയോട്ട. 

toyota-century-1

റോള്‍സ് റോയ്‌സ് കള്ളിനനോടും മെഴ്‌സിഡീസ് മേബാക്കിനോടും ബെന്റ്‌ലി ബെന്റെയ്ഗയോടുമൊക്കെ സാമ്യമുള്ള വാഹനമാണ് ടൊയോട്ട സെഞ്ചറി. പുറംകാഴ്ചയില്‍ മാത്രമല്ല അകത്തെ സൗകര്യങ്ങളിലും ഒരു കുറവുമില്ല. എന്നാല്‍ വില മറ്റു ആഡംബര കാര്‍ കമ്പനികളെ അപേക്ഷിച്ച് കുറവാണു താനും. ടൊയോട്ടയുടെ വിജയിക്കുമെന്ന് ഉറപ്പുള്ള തന്ത്രങ്ങളിലൊന്നാണ് സെഞ്ചറി എന്ന ആഗോള ആഡംബര ബ്രാന്‍ഡ്. എട്ടു പതിറ്റാണ്ടിലേറെ വാഹന നിര്‍മാണ പാരമ്പര്യമുള്ള, പ്രതിവര്‍ഷം ഒരു കോടിയിലേറെ കാറുകള്‍ നിര്‍മിക്കുന്ന ടൊയോട്ടയുടെ മികവിന്റെ പ്രതീകമാണ് സെഞ്ചറി. 

toyota-century-3

നിലവില്‍ രണ്ടു മോഡലുകളാണ് ടൊയോട്ട സെഞ്ചറിയിലുള്ളത്. നിര്‍മാണ പ്രത്യേകതകള്‍ കൊണ്ട് സവിശേഷമായ മൂല്യമുള്ള വാഹനമാണ് സെഞ്ചറി. ടൊയോട്ടയുടെ മോട്ടോമാച്ചി പ്ലാന്റില്‍ പ്രതിമാസം 50 സെഞ്ചറി സെഡാന്‍ മാത്രമേ നിര്‍മിക്കുന്നുള്ളൂ. സെഞ്ചറി എസ്‌യുവി ടഹാറ പ്ലാന്റിലാണ് നിര്‍മിക്കുന്നത്. ഓരോ സെഞ്ചറി കാറും നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും നിരവധി സൂക്ഷ്മപരിശോധനകളിലൂടെ കടന്നു പോവുന്നുണ്ട്. 

toyota-century-4

GA-K പ്ലാന്റ്‌ഫോമിലാണ് സെഞ്ചറി എസ്‌യുവി നിര്‍മിക്കുന്നത്. ടൊയോട്ടയുടെ തന്നെ ആഡംബര ബ്രാന്‍ഡായ ലെക്‌സസിലെ ടൊയോട്ട ഗ്രാന്‍ഡ് ഹൈലാന്‍ഡര്‍, ലെക്‌സസ് ടിഎക്‌സ് എസ്‌യുവി എന്നിവയെല്ലാം ഇതേ പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കുന്നത്. ടര്‍ബോചാര്‍ജ്ഡ് 3.5 ലീറ്റര്‍ വി 6 എന്‍ജിനും ഇലക്ട്രിക് മോട്ടറും ലിഥിയം അയേണ്‍ ബാറ്ററിയും ചേര്‍ന്ന് 406എച്ച്പി കരുത്ത് വാഹനത്തിന് നല്‍കുന്നു. ടൊയോട്ടയുടെ ഈ ഹൈബ്രിഡ് സാങ്കേതികവിദ്യ, ആഡംബര വാഹനങ്ങള്‍ വാങ്ങുന്നവരുടെ, മലിനീകരണം കുറവുള്ള വാഹനങ്ങളെന്ന താല്‍പര്യത്തിനൊപ്പവും നില്‍ക്കുന്നു. 

Representative Image
Representative Image

ലെക്‌സസിനും മുകളിലായിരിക്കും സെഞ്ചറി ബ്രാന്‍ഡു ചെയ്യപ്പെടുക. സാങ്കേതികവിദ്യയിലും വിശ്വാസ്യതയിലും തനിമ കൊണ്ടും സെഞ്ചറി ഒരുപടി മുകളില്‍ നില്‍ക്കും. ടോക്യോ ഓട്ടോ സലോണില്‍ GRMN സെഞ്ചറി എസ്‍യുവിയെ ടൊയോട്ട പുറത്തിറക്കിയിരുന്നു. രാജ്യാന്തര തലത്തില്‍ സെഞ്ചറി എന്ന പേര് ടൊയോട്ട ട്രേഡ് മാര്‍ക്കു ചെയ്തതും അവരുടെ നീക്കങ്ങളുടെ സൂചന നല്‍കുന്നുണ്ട്. ടൊയോട്ടയില്‍ നിന്നൊരു മുന്‍നിര ഗ്ലോബല്‍ ആഡംബര ബ്രാന്‍ഡായിട്ടായിരിക്കും സെഞ്ചറി അവതരിക്കുക. 

toyota-century-5

ജപ്പാനില്‍ സൂപ്പര്‍ഹിറ്റെങ്കിലും രാജ്യാന്തര വിപണിയിലേക്കെത്തുമ്പോള്‍ പല തരം വെല്ലുവിളികള്‍ സെഞ്ചറിയും ടൊയോട്ടയും നേരിടുന്നുണ്ട്. കൂടുതല്‍ മോഡലുകളും കൂടുതല്‍ എണ്ണം കാറുകളും സെഞ്ചറിക്ക് കീഴില്‍ ടൊയോട്ട കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. ചൈനയില്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവുള്ള സെഞ്ചറി എസ്‌യുവി ടൊയോട്ട പുറത്തിറക്കിയിരുന്നു. വിപണിക്കനുസരിച്ചുള്ള മാറ്റങ്ങള്‍ സെഞ്ചറി വാഹനങ്ങളില്‍ പ്രതീക്ഷിക്കാമെന്ന സൂചനയും ഇതുവഴി ടൊയോട്ട നല്‍കുന്നുണ്ട്.

English Summary:

Auto News, Toyota Century to become separate ultra-luxury brand above Lexus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com