148 കി.മീ വേഗം! ടോയ് കാറിൽ പറന്ന് ഗിന്നസ് റെക്കോർഡ്
Mail This Article
ടോയ് കാറുകൾ ഓടിക്കാൻ തൽപര്യമില്ലാത്ത ബാല്യങ്ങളുണ്ടാകുകയില്ല. എന്നാൽ മുതിർന്നിട്ടും ആ ആഗ്രഹത്തിനു അവസാനമില്ലെന്നു മാത്രമല്ല, അതിലൂടെ ഒരു ലോക റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് ജർമനിയിലെ എൻജിനീയറിങ് വിദ്യാർത്ഥിയായ മാർസെൽ പോൾ. മോഡിഫൈ ചെയ്ത ടോയ് കാറിൽ ഉയർന്ന വേഗത്തിൽ സഞ്ചരിച്ചാണ് പോൾ റെക്കോർഡിന് ഉടമയായായത്. മണിക്കൂറിൽ 148.454 കിലോമീറ്റർ വേഗത്തിലാണ് മാർസെൽ പോൾ തന്റെ ടോയ് കാർ ഓടിച്ചത്.
ഗിന്നസ് വേൾഡ് റെക്കോർഡ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പോളിന്റെ ഈ റെക്കോർഡ് നേട്ടം പങ്കുവെച്ചിട്ടുണ്ട്. ഹോക്കൻഹെയിംറിങ് റേസ് ട്രാക്കിലാണ് എല്ലാവരെയും തന്നെ അതിശയിപ്പിക്കുന്ന പോളിന്റെ പ്രകടനം. പോളിന്റെ ഈ റേസിങ് സമൂഹമാധ്യങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒറ്റദിവസം കൊണ്ടുതന്നെ 6.5 ലക്ഷം പേർ വിഡിയോ കാണുകയും 21000 ലൈക്കുകൾ സ്വന്തമാക്കുകയും ചെയ്തു. ബാല്യത്തിലെ എല്ലാവരുടെയും സ്വപ്നം യാഥാർഥ്യമാക്കിയ മാർസെൽ പോളിന്റെ ഉദ്യമം കാഴ്ചക്കാരെ ഏറെ ആകർഷിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയ്ക്ക് താഴെ നിരവധി പേരുടെ കമെന്റുകളുമുണ്ട്. ഒരു സൈക്കിളിന്റെ വിലയിൽ ഫെറാരി എന്നും ഇത് ഏറെ അപകടകരമാണെങ്കിലും റെക്കോർഡിനുടമ ഏറെ നന്നായി ചെയ്തുവെന്നുമൊക്കെ നീളുന്നുണ്ട് കമെന്റുകൾ. ഇത്തരമൊരു അപൂർവ നേട്ടം പോൾ സ്വന്തമാക്കിയത് പത്തു മാസം നീണ്ടുനിന്ന ആത്മസമർപ്പണത്തിന്റെയും ഗവേഷണത്തിന്റെയും ഫലമായാണെന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടത്തെ പ്രശംസിച്ചു കൊണ്ട് പറഞ്ഞത്.