‘എക്സ്യുവി 400 ലഭിച്ചു, മാതാപിതാക്കൾ വളരെ സന്തോഷത്തിലാണ്, നന്ദി ആനന്ദ് മഹീന്ദ്ര സാർ’
Mail This Article
സമ്മാനങ്ങൾ പ്രഖ്യാപിക്കുക മാത്രമല്ല, അത് നൽകി മാതൃകയാകാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പ്രമുഖ വ്യവസായിയും മഹീന്ദ്ര & മഹീന്ദ്രയുടെ ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. ചെസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഗ്രാൻഡ് മാസ്റ്ററായ പ്രഗ്‌നാനന്ദയുടെ നേട്ടത്തിന് പുറകിലെ പ്രേരക ശക്തികളായ മാതാപിതാക്കൾക്കു വാഹനം സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ച വാക്കുപാലിച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമായ എക്സ് യു വി 400 ആണ് ഇന്ത്യയുടെ അഭിമാനമായ ചെസ്സ് താരത്തിന്റെ മാതാപിതാക്കൾക്ക് നൽകിയത്.
കഴിഞ്ഞ വർഷം നടന്ന ചെസ് ലോകകപ്പ് ഫൈനലിൽ ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസനോട് ടൈബ്രെക്കേറിലാണ് പ്രഗ്‌നാനന്ദ പരാജയപ്പെട്ടത്. പരാജയപ്പെട്ടെങ്കിലും രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ താരത്തിന്റെ മാതാപിതാക്കളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് മഹീന്ദ്ര വാഹനം സമ്മാനമായി നൽകുമെന്ന് അറിയിച്ചിരുന്നത്. മാതാപിതാക്കൾക്കൊപ്പമെത്തിയാണ് താരം എക്സ് യു വി 400 വിന്റെ താക്കോൽ സ്വീകരിച്ചത്. ചിത്രം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചുകൊണ്ടു പ്രഗ്‌നാനന്ദ കുറിച്ച വാക്കുകൾ ഇപ്രകാരമാണ് " എക്സ് യു വി 400 സ്വീകരിച്ചു. എന്റെ മാതാപിതാക്കൾ വളരെ ആഹ്ളാദത്തിലാണ്. നന്ദി, ആനന്ദ് മഹീന്ദ്ര സാർ."
ചെസ് ലോകകപ്പിന്റെ ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പ്രഗ്‌നാനന്ദ. അന്ന് ആ നേട്ടം സ്വന്തമാക്കിയപ്പോൾ, മകന്റെ ആഗ്രഹങ്ങളെ പിന്തുണച്ച ആ മാതാപിതാക്കൾക്ക് സമ്മാനമായി വാഹനം നൽകുമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക്ക് വാഹനങ്ങൾ പോലെ തന്നെ നമ്മുടെ ഗ്രഹത്തിന്റെ നല്ല ഭാവിയിലേക്കുള്ള നിക്ഷേപമാണിത്. മകന്റെ താല്പര്യം വളർത്തിയതിനും അവനു നിരന്തരമായ പിന്തുണ നൽകിയതിനും മാതാപിതാക്കളായ നാഗലക്ഷ്മിയ്ക്കും രമേഷ്ബാബുവിനും എക്സ് യു വി 400 സമ്മാനിക്കണമെന്നു കരുതുന്നതായാണ് അന്ന് ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചത്. പ്രഗ്‌നാനന്ദയെ ആദരിക്കുന്നതിനായി മഹീന്ദ്ര ഒരു ചടങ്ങു സംഘടിപ്പിക്കുകയും ആ ചടങ്ങിൽ വെച്ച് താരത്തിന്റെ മാതാപിതാക്കൾക്ക് ഇലക്ട്രിക്ക് എസ് യു വി സ്പെഷ്യൽ എഡിഷന്റെ താക്കോൽ കൈമാറുകയും ചെയ്തു.
മഹീന്ദ്രയുടെ 5 സീറ്റര്‍ ഇവിയാണ് എക്‌സ് യു വി 400. വില ആരംഭിക്കുന്നത് 15.49 ലക്ഷം രൂപ മുതല്‍ 19.19 ലക്ഷം രൂപ വരെ. രണ്ടു ബാറ്ററി പായ്ക്കുകൾ. 34.5 kWh ബാറ്ററി 375 കിലോമീറ്റർ റേഞ്ചും 39.4 kWh ബാറ്ററി 456 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. സാധാരണ ചാര്‍ജറില്‍ ഫുള്‍ ചാര്‍ജാവാന്‍ 13 മണിക്കൂറെടുക്കും. അതിവേഗ ചാര്‍ജറില്‍ 0-80 ശതമാനം വരെ വെറും 50 മിനിറ്റില്‍ എത്തും. 6 എയര്‍ബാഗും മറ്റു സുരക്ഷാ ഫീച്ചറുകളുമുള്ള എക്‌സ് യു വി 400നെ 20 ലക്ഷത്തില്‍ കുറവു വിലയിലുള്ള ഏറ്റവും സുരക്ഷയുള്ള വാഹനങ്ങളിലൊന്ന് എന്നു വിശേഷിപ്പിക്കാം.