ടാറ്റ കർവിന്റെ എതിരാളി, ബസാൾട് കൂപ്പെ എസ്യുവി അവതരിപ്പിച്ച് സിട്രോൺ
Mail This Article
ബസാള്‍ട്ട് കൂപ്പെ എസ് യു വി രാജ്യാന്തര വിപണിയിൽ പ്രദർശിപ്പിച്ച് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍. സി3, ഇസി3, സി3 എയര്‍ക്രോസ് എസ്യുവി എന്നിവക്കു ശേഷം സി ക്യൂബ്ഡ് പ്രോഗ്രാമിന്റെ ഭാഗമായി സിട്രോണ്‍ പുറത്തിറക്കുന്ന നാലാമതു വാഹനമാണ് ബസാള്‍ട്ട്. ഇന്ത്യയില്‍ ഈ വര്‍ഷം രണ്ടാം പകുതിയില്‍ പുറത്തിറങ്ങുമെന്നു കരുതുന്ന ബസാള്‍ട്ടിന്റെ രൂപകല്പനയിലെ സവിശേഷതകള്‍ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ കര്‍വിന്റെ എതിരാളിയായിട്ടായിരിക്കും ബസാള്‍ട്ട് എത്തുക.
സി3 എയര്ക്രോസുമായുള്ള ബന്ധം
ഇന്ത്യയില്‍ നിര്‍മിക്കുന്ന ബസാള്‍ട്ട് എസ് യു വി തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നും സിട്രോണ്‍ അറിയിച്ചിട്ടുണ്ട്. സിട്രോണിന്റെ സി എം പി പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് ബസാള്‍ട്ട് ഒരുങ്ങുക. സിട്രോണിന്റെ സി3 എയര്‍ക്രോസിന് മുകളിലായിട്ടാണ് ബസാള്‍ട്ടിന്റെ സ്ഥാനമുണ്ടാവുക. സി3 എയര്‍ ക്രോസുമായി നിരവധി സാമ്യങ്ങള്‍ കൂപ്പെ ബോഡി സ്റ്റൈലില്‍ നാലു ഡോര്‍ എസ് യു വിയായെത്തുന്ന ബസാള്‍ട്ടിനുണ്ട്.
എക്സ്റ്റീരിയര്‍
മുന്നിലെ ഗ്രില്ലുകള്‍ രണ്ട് ഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു. സി ക്യൂബ്ഡ് മോഡലുകളില്‍ നല്‍കിയിരുന്ന ഹാലോജന്‍ ലൈറ്റിന് പകരം പ്രൊജക്ടര്‍ ഹെഡ്ലാംപുകള് ബസാള്‍ട്ടില്‍ സിട്രോണ്‍ നല്‍കിയിട്ടുണ്ട്. അതേസമയം എല്‍ഇഡി ഡിആര്എല്ലുകളിലോ ബോണറ്റിലോ കാര്യമായ മാറ്റമില്ല. ചക്രങ്ങള്‍ക്കു മുകളിലെ ക്ലാഡിങ് കൂടുതല്‍ ചതുരത്തിലാക്കിയിട്ടുണ്ട്. മുകളില്‍ നിന്നും വശങ്ങളിലേക്ക് ചരിഞ്ഞിറങ്ങുന്ന റൂഫ് ലൈന്‍ വാഹനത്തിന്റെ കൂപ്പെ ഡിസൈനെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. ഗണ്‍ മെറ്റല്‍ ഫിനിഷില്‍ സ്റ്റൈലിഷായാണ് അലോയ് വീലുകള്‍ നല്‍കിയിരിക്കുന്നത്.
കൂപ്പെ ഡിസൈനുള്ള ബസാള്‍ട്ടിന്റെ പിന്നിലെ ടെയില്‍ ലാംപുകള്‍ക്ക് സി3 എയര്‍ ക്രോസിനേക്കാള്‍ വലിപ്പം കൂടുതലുണ്ട്. കറുപ്പ്, സില്‍വര്‍ നിറങ്ങളിലാണ് ഡ്യുവല്‍ ടോണ്‍ ബംപര്‍. 4.3 മീറ്റര്‍ നീളമുള്ള ബസാള്‍ട്ടിന് സി3 എയര്‍ക്രോസിന്റെ നീളം തന്നെയാണുള്ളത്. മിഡ് സൈസ് കൂപ്പെ എസ് യു വി വിഭാഗത്തില്‍ ടാറ്റ കര്‍വിന് ശക്തമായ മത്സരമായിട്ടായിരിക്കും ബസാള്‍ട്ടിന്റെ വരവ്.
ഇന്റീരിയര്‍
ബസാള്‍ട്ടിന്റെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ ഇപ്പോഴും ഔദ്യോഗികമായി സിട്രോണ്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും സി 3 എയര്‍ക്രോസിന് സമാനമായ എന്നാല്‍ കൂടുതല്‍ ഫീച്ചറുകളുള്ള ഡാഷ് ബോര്‍ഡ് പ്രതീക്ഷിക്കാം. സി ക്യൂബ് മോഡലുകളില്‍ ഇല്ലാതിരുന്ന ഇലക്ട്രിക്ക് ഫോള്‍ഡിങ് മിറര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ക്രൂസ് കണ്ട്രോള്, വയര്‍ലെസ് ചാര്‍ജിങ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് എന്‍ട്രി എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ക്ക് സാധ്യത ഏറെ.
പവര്‍ട്രെയിന്‍
110 എച്ച്പി, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും ബസാള്‍ട്ടിന്റെ കരുത്ത്. മാനുവല്‍/ ഓട്ടോമാറ്റിക് വകഭേദങ്ങളും ഉണ്ടാവും. ബസാള്‍ട്ട് പുറത്തിറങ്ങി ആറു മാസത്തിനു ശേഷം വൈദ്യുത മോഡലും എത്തുമെന്ന് കരുതപ്പെടുന്നു. ഈ വര്‍ഷം പകുതിയോടെ ബസാള്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാമെന്നാണ് സിട്രോണ്‍ അറിയിച്ചിരിക്കുന്നത്. അതു വെച്ചു നോക്കുമ്പോള്‍ അടുത്ത വര്‍ഷം തുടക്കത്തിലായിരിക്കും ബസാള്‍ട്ടിന്റെ ഇവി മോഡല്‍ ഇറങ്ങുക.