ADVERTISEMENT

അതൊരു വാശിയായിരുന്നു. ‘എവിടേക്കാടാ ഈ ‘സോപ്പുപെട്ടീം’ കൊണ്ട്...? നാണമില്ലേ’ എന്നു ചോദിച്ചു കളിയാക്കിയവരോടുള്ള വാശി. ആ സോപ്പുപെട്ടി ആലത്തൂരിലെ ഇടവഴികളില്‍നിന്ന് ചെറുതും വലുതുമായ റോഡുകളും കുന്നുകളും കുഴികളും നാഷനല്‍ ഹൈവേകളും താണ്ടി ഒന്നും നോക്കാതെ ഇന്ത്യ മുഴുവന്‍ ഓടി തിരികെയെത്തി. ഓടിയത് 16,000 കിലോമീറ്റര്‍! അന്തംവിട്ടുപോയത് നാട്ടുകാര്‍ മാത്രമല്ല, 2002 മോഡല്‍ KL 09 K 8390 കൂള്‍ സില്‍വര്‍ സെന്‍ ‘സോപ്പുപെട്ടി’യുമായിപ്പോയ റാഫിയും അര്‍ഷാകും സിനാനുമാണ്; ഈ പഹയന്‍ എങ്ങനെ ഇത്രേം ഓടി ഫിനിഷ് ചെയ്തു എന്നാലോചിച്ച്. സെന്‍ പോയ വഴിയേ നമുക്കും ഒന്നു പാഞ്ഞുപോയി നോക്കി‌വരാം.

ചായക്കടയിലെ കാര്‍‌ചര്‍ച്ച

ഒന്നാംക്ലാസ്‌മുതല്‍ ഒപ്പം പഠിച്ചും കളിച്ചും വളര്‍ന്നവരാണ് പാലക്കാട് ആലത്തൂരുകാരായ റാഫിയും അര്‍ഷാകും സിനാനും. കേരളത്തിനകത്തു ചെറിയ ചെറിയ യാത്രകള്‍ പോകുന്നതു പതിവാക്കിയിരുന്നു ഇവർ‌.  വലുതാകുന്തോറും യാത്രകളുടെ സ്വഭാവം മാറി, ദൂരവും സുഹൃത്തുക്കളുടെ എണ്ണവും ബന്ധങ്ങള്‍ക്കു ശക്തിയും കൂടി. മൂന്നു പേര്‍ എട്ടായി. കൊടൈക്കനാല്‍‌പോലുള്ള ‘ദൂര’സ്ഥലങ്ങളിലേക്കായി യാത്രകള്‍.  പഠിക്കുന്ന കാലത്ത് പാര്‍ട് ടൈം വര്‍ക്കുകള്‍ക്കു പോയി കിട്ടുന്ന ചെറിയ പോക്കറ്റ് മണിയില്‍‌നിന്നാണ് യാത്രാച്ചെലവുകള്‍ കണ്ടെത്തിയിരുന്നത്.

ബൈക്കിനെക്കാളും കാറിനോടായിരുന്നു ക്രെയ്‌സ്. വൈകുന്നേരം വീടിനടുത്തുള്ള ചായക്കടയില്‍ കൂടുമ്പോഴൊക്കെ കാറുകളെക്കുറിച്ചാകും ചര്‍ച്ച. ഒടുവില്‍ തീരുമാനിച്ചു, എങ്ങനെയും ഒരു കാര്‍ സ്വന്തമാക്കണം. മാരുതി 800 വാങ്ങാനായിരുന്നു ആദ്യ പ്ലാന്‍. അതു പിന്നെ സെന്‍ ആയി. ഒരിക്കല്‍ ഈ ചായക്കടയിലേക്കു പോകുന്ന‌വഴിയിലെ ചെറിയൊരു കാര്‍ സെയില്‍ ഷോപ്പില്‍ മൂന്നു കാറുകള്‍ കണ്ടു. അതിലെ കൂള്‍ സില്‍വര്‍ സെന്നില്‍ കണ്ണുടക്കി. അപ്പോള്‍ത്തന്നെ പോയി സംസാരിച്ചു വച്ചു. അൻപതിനായിരം രൂപ വില പറഞ്ഞു. പഠിക്കുന്ന സമയമാണ്, കയ്യിലാണെങ്കില്‍ അഞ്ചു പൈസയില്ല. വീട്ടില്‍ ചോദിക്കാനും പറ്റില്ല. കേറ്ററിങ്ങിനു പോയി, കടകളില്‍ സെയിൽസ്മാനായി‌നിന്നു, സൊമാറ്റോ ഡെലിവറിക്കു പോയി, അങ്ങനെ ചെറിയ ചെറിയ ജോലികള്‍‌വരെ ചെയ്ത് പൈസ സ്വരുക്കൂട്ടി. അതു തികയാതെവന്നപ്പോള്‍ കൂട്ടുകാരന്റെ ഇത്തയുടെ സ്വര്‍ണം‌വച്ച് ലോണെടുത്തു. എല്ലാം ചേര്‍ത്തുവച്ച് 2020ല്‍ സെന്‍ സ്വന്തമാക്കി.  

zen-all-india-drive-3

പ്ലാനിങ്, പ്ലാനിങ് വീണ്ടും പ്ലാനിങ്

‘വാങ്ങുമ്പോള്‍ കുറച്ചു മോശം അവസ്ഥയിലായിരുന്നു കാർ. സ്വന്തമായി ടൂള്‍സ് വാങ്ങി, പൊട്ടിപ്പൊളിഞ്ഞതെല്ലാം വെല്‍ഡ് ചെയ്ത് പാച്ച്‌വര്‍ക്കുകള്‍ ഞങ്ങള്‍തന്നെ നടത്തി. ലൈറ്റും കളറും ടയറുകള്‍ നാലും മാറ്റി. ടയറിന് പതിനായിരം രൂപയോളം ആയി. എന്‍ജിന്‍ പക്ഷേ, നല്ല കണ്ടീഷനായിരുന്നു. ‘കൂട്ടുകാരന്റെ ബന്ധു ഷഫീക്കിന്റെ സീറ്റ്‌മാര്‍ട്ട് ഷോപ്പില്‍ കൊടുത്തു സീറ്റുകള്‍ മാറ്റി. ലോങ് ട്രാവല്‍ ചെയ്യാന്‍ സൗകര്യത്തിന് ബക്കറ്റ് സീറ്റാക്കി. പതിനയ്യായിരത്തിനടുത്തു ചെലവു വരുന്നത് അയ്യായിരത്തിനു സെറ്റാക്കിത്തന്നു. മുപ്പത്തയ്യായിരത്തോളം ചെലവാക്കി കാര്‍ മൊത്തത്തില്‍ കണ്ടീഷനാക്കി.’ സിനാന്‍ കാര്‍‌വിശേഷങ്ങൾ പറഞ്ഞുതുടങ്ങി.   

ആദ്യത്തെ ലോങ്ട്രിപ് മൈസൂരു-ബെംഗളൂരു ആയിരുന്നു. കൊറോണസമയത്ത്. കാറുംകൊണ്ടു ഞങ്ങള്‍ പോകുന്നതുകാണുമ്പോള്‍ ഇടയ്ക്ക് അടുത്തുള്ള ഒരു ഇത്താത്ത ചോദിക്കും, ‘ഈ സോപ്പുപെട്ടിയുംകൊണ്ട് എങ്ങോട്ടാടാ?’ എന്ന്. ഞങ്ങളെയതു വല്ലാതെ വേദനിപ്പിച്ചു. അവരെക്കൊണ്ടു രണ്ടു നല്ലവാക്ക് പറയിപ്പിക്കണമെന്ന് അന്നു ഞങ്ങള്‍ തീരുമാനിച്ചു. ആ ചൂടിലാണ് ഓള്‍ ഇന്ത്യാ ട്രിപ്പ് ഐഡിയ വരുന്നത്. 

പതിവുപോലെ ചായകുടിക്കിടയില്‍ വന്‍‌പ്ലാനിങ്. ആദ്യം എട്ടു പേര്‍ രണ്ടു കാറില്‍ പോകാനായിരുന്നു വിചാരിച്ചത്. പലര്‍ക്കും പല അസൗകര്യങ്ങള്‍. ഒടുവില്‍ ഒരു കാറും അഞ്ചുപേരും ബാക്കി. ഇടയ്ക്ക് പ്ലാനിങ് മടുത്തു നിര്‍ത്തി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും പ്ലാന്‍ പൊങ്ങിവന്നു. ഒരു കൂട്ടുകാരന്റെ ഇക്ക ഇന്ത്യയില്‍ മിക്കവാറും എല്ലാ സ്ഥലത്തും പോയ ആളാണ്. പുള്ളിയോടു ചോദിച്ച് റൂട്ട് മാപ്പ് റെഡിയാക്കി. പെട്രോള്‍ ചെലവ് ഒരാള്‍ക്ക് എഴുപതിനായിരം-എണ്‍പതിനായിരം വരും. അഞ്ചില്‍ രണ്ടുപേര്‍ അതോടെ കൊഴിഞ്ഞുപോയി. ആദ്യം ലഡാക്ക്‌വരെ പോകാനേ പ്ലാനുണ്ടായിരുന്നുള്ളൂ. അന്നൊക്കെ എല്ലാവരും ലഡാക്ക് പോകുന്ന സമയമാണ്. എന്നാല്‍പ്പിന്നെ, നമുക്ക് ഓള്‍ ഇന്ത്യ പോകാം എന്നായി. ഒരു ചിട്ടി ചേര്‍ന്നു. പണിക്കു പോയി പണം സേവു ചെയ്യാന്‍ തുടങ്ങി. കൂട്ടുകാര്‍ ലോണെടുത്തൊക്കെ പുതിയ ബൈക്ക് വാങ്ങിയപ്പോഴും ഞങ്ങളുടെ മനസ്സ് ഈ സെന്നിലും ഓള്‍ ഇന്ത്യായാത്രയിലും ഉടക്കിനിന്നു.

zen-all-india-drive

സേ നോ ടു ഡ്രഗ്‌സ്

‘ഓള്‍ ഇന്ത്യ ട്രിപ്പ് പോകണം, വണ്ടി കണ്ടീഷനാക്കണം,’ ഞങ്ങള്‍ക്കറിയാവുന്ന ഒരു മെക്കാനിക്കിനോട് ആവശ്യം പറഞ്ഞു. നാല് സസ്‌പെന്‍ഷനും മാറ്റി. എ‌സിയുടെ ഫാന്‍ റെഡിയാക്കി, ഓയില്‍ മാറ്റിയതടക്കം എല്ലാ ജനറല്‍ സര്‍വീസും ചെയ്തു. മുപ്പതിനായിരം അവിടെ കത്തി. പതിനയ്യായിരം കിലോമീറ്റര്‍ ആയിരുന്നു ഞങ്ങളുടെ ടാര്‍ഗറ്റ്. അതനുസരിച്ച് സകല പാർട്സും മാറ്റി. മാരുതിയായതുകൊണ്ട് പാര്‍ട്‌സ് കിട്ടാനൊന്നും ബുദ്ധിമുട്ടുണ്ടായില്ല. മുന്നിലെ ആക്‌സില്‍ കുറച്ചു പ്രശ്‌നമായിരുന്നു. അതും മാറ്റി. ഒരു പതിനായിരം കിലോമീറ്ററൊക്കെ ഓടാന്‍ ഇതുമതി. 

എന്നിട്ടു വേണമെങ്കില്‍ മാറ്റിയാല്‍ മതി എന്നു പുള്ളി പറഞ്ഞു. ലൈറ്റും കാരിയറുമൊക്കെ ചില കൂട്ടുകാര്‍ തന്നു. അനാവശ്യമായി പൈസയിറക്കാതെ നോക്കി. ഭക്ഷണം, ചെലവ്, ലഗേജ് ചുമതലകള്‍ ഞങ്ങള്‍ ഓരോരുത്തര്‍ ഏറ്റെടുത്തു. ജൂണ്‍ 8ന് യാത്ര തുടങ്ങുകയാണെന്ന് വീട്ടില്‍ വിഷയം അവതരിപ്പിച്ചു. സമ്മതിച്ചെങ്കിലും കുറച്ചു ടെന്‍ഷനുണ്ടായിരുന്നു അവര്‍ക്ക്. ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ പറഞ്ഞപ്പോള്‍ എസ്‌ഐ ഉണ്ണിക്കൃഷ്ണന്‍ സാര്‍ പറഞ്ഞു, ‘ഇവിടെനിന്നു ഫ്ലാഗ് ഓഫ് ചെയ്തു പോകാം, ഇങ്ങോട്ടു വാ,’ എന്ന്. പൊലീസുകാര്‍ക്കെല്ലാം വലിയ ഉത്സാഹം, കട്ട സപ്പോര്‍ട്ട്. ‘സേ നോ ടു ഡ്രഗ്‌സ്’ ലോഗോ‌വച്ചായിരുന്നു യാത്ര. 8ന് രാവിലെ ഗോള്‍ഡന്‍ സ്‌പോര്‍ട്‌സ് ക്ലബിലെയും കുടുംബത്തിലെയും അംഗങ്ങളും പൊലീസുകാരും ചേര്‍ന്ന് ഞങ്ങളെ യാത്രയാക്കി. വയനാടുവരെ യാത്രയാക്കാന്‍ രണ്ടു ബൈക്കുകളിലായി നാലു കൂട്ടുകാരും ഒപ്പം‌വന്നു. 

zen-all-india-drive-2

കയറ്റങ്ങളില്‍ കിതച്ച്, കുന്നുകള്‍ ഓടിയിറങ്ങി

ട്രാവലര്‍ ജെഫ്രിയുടെ വക അന്നു രാത്രി വയനാട് സ്റ്റേ. കൂട്ടുകാര്‍ക്കാണെങ്കില്‍ തിരിച്ചുപോകാന്‍ സങ്കടം. ചിക്കമംഗളൂരു വിജയപുരത്തെ ഒരു പെട്രോള്‍ പമ്പിലായിരുന്നു രണ്ടാമത്തെ ദിവസം ടെന്റടിച്ചത്. നല്ല മഴ. ഭക്ഷണം ഉണ്ടാക്കി. പുഴയിലൊക്കെ കുളിച്ചു. കുടജാദ്രി, ഉഡുപ്പി ആയിരുന്നു അടുത്ത ലക്ഷ്യം. രണ്ടു ദിവസമെടുത്ത് മൂകാംബിക ക്ഷേത്രത്തിലും കുടജാദ്രിയിലും പോയി. കുടജാദ്രിയില്‍ നല്ല ഫീലായിരുന്നു. ജോഗ് ഫോള്‍സ് കണ്ട് ശിവമോഗ ഒസന്‍നഗരയില്‍ രാത്രി ടെന്റടിക്കാനായിരുന്നു പ്ലാന്‍. പറ്റിയ സ്ഥലം കിട്ടാത്തതുകൊണ്ട് ആദ്യമായി റൂമെടുക്കേണ്ടി‌വന്നു. എവിടെ ചെന്നാലും ഈ വണ്ടിയും റൂട്ട്മാപ്പുമൊക്കെ കണ്ട് കുറെ പേര്‍ ചുറ്റും കൂടും. വിശേഷം ചോദിക്കും. ബത്കല്‍, മുരുഡേശ്വര്‍ ആയപ്പോള്‍ കൂട്ടുകാര്‍ തിരിച്ചുപോയി.

ദിവസവും ഇന്‍സ്റ്റയില്‍ വിഡിയോസും റീല്‍സും പോസ്റ്റു ചെയ്തിരുന്നു. അതുകൊണ്ടു വിവരങ്ങളെല്ലാം കൂട്ടുകാരും വീട്ടുകാരും കൃത്യമായി അറിയുന്നുണ്ടായിരുന്നു. ഹൊന്നവാല്‍ കഴിഞ്ഞ് ഗോവ‌റൂട്ടില്‍ യാത്ര തുടര്‍ന്നപ്പോള്‍ ഒരു ജീപ്പില്‍വന്ന രണ്ടുപേര്‍ ഞങ്ങളെ തടുത്തുനിര്‍ത്തി. കാറിലെ പിന്‍സീറ്റിലിരുന്നവരുടെ കൈ കുറച്ചുഭാഗം പുറത്തിട്ടിരുന്നു. കൈ പുറത്തിടരുത്, ഫൈന്‍ അടയ്ക്കണം പൊലീസ് സ്റ്റേഷനിലേക്കു വരണം എന്നൊക്കെയായി. ഐഡി കാര്‍ഡ് കാണിക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ കാണിച്ചില്ല. 

വരാന്‍‌പറ്റില്ലെന്നു ഞങ്ങളും. ഒടുവില്‍ 500 രൂപ കൊടുത്തു പ്രശ്‌നം തീര്‍ത്തു. സൗത്ത് ഗോവയില്‍ റെയില്‍വേ സ്‌റ്റേഷന്‍ പാര്‍ക്കിങ്ങില്‍ ടെന്റടിച്ച് ഭക്ഷണമുണ്ടാക്കി അടുത്ത ദിവസം കൂടി. അതിനിടെ നാട്ടില്‍നിന്ന് രണ്ടു കൂട്ടുകാര്‍ വന്നിറങ്ങി. ഗോവയില്‍ കുറച്ചു സ്ഥലങ്ങള്‍ കണ്ടു. അംബോളി എന്നൊരു ഹില്ലി ഏരിയയിലാണ് ടെന്റടിച്ചത്. 20 വയസ്സുള്ള കാറും അഞ്ചുപേരും ആയതുകൊണ്ടു കയറ്റങ്ങളില്‍ കുറച്ചു ബുദ്ധിമുട്ടി പതിയെ കയറി. പ്രതീക്ഷിച്ചത്ര കുഴപ്പമുണ്ടായില്ല. ഹില്ലി ഏരിയകളില്‍ പന്ത്രണ്ട്-പതിമൂന്ന് ഒക്കെ മൈലേജ് കിട്ടി. എല്ലാം‌കൂടി ശരാശരി പതിമൂന്ന്-പതിന്നാല് കിലോമീറ്റര്‍ കിട്ടിക്കാണും.  

ദിവസം 150 കിലോമീറ്റര്‍

എല്ലായിടത്തും പറ്റാവുന്നത്രയും സ്ഥലങ്ങള്‍ കണ്ടാണു പോയത്. ദിവസം 150-200 കിലോമീറ്റര്‍‌വരെ ഓടിച്ചു. പുണെ കഴിഞ്ഞപ്പോള്‍ വീണ്ടും ഞങ്ങള്‍ മൂന്നുപേരായി. ലോണാവാല കഴിഞ്ഞ് മുംബൈയില്‍ കയറിയതും പൊലീസുകാര്‍ പെര്‍മിറ്റ് ചോദിച്ചു. പതിനയ്യായിരം രൂപ ഫൈന്‍ അടയ്ക്കണം എന്നായി. പരിചയത്തിലുള്ള ഒരാള്‍ അവിടത്തെ ഒരു ബ്ലോക്കിലെ പ്രസിഡന്റായിരുന്നു. അദ്ദേഹം വിളിച്ചു സംസാരിച്ചപ്പോള്‍ അവര്‍ അയഞ്ഞു. ഏഴു ദിവസം മുംബൈയില്‍. മുംബൈയില്‍ മഴ പെയ്തു വെള്ളം കയറിപ്പോള്‍ നാലു ടയറുകളും മുങ്ങിപ്പോയിരുന്നു. എന്നാലും കുഴപ്പമുണ്ടായില്ല. പിന്നെ നാസിക്, സൂറത്ത്, വഡോദര, റാന്‍ ഓഫ് കച്ച് എത്തി. വഴി ചോദിക്കാനോ ചായകുടിക്കാനോ നിര്‍ത്തുമ്പോള്‍ ആളുകള്‍ ടയറില്‍ കാറ്റടിച്ചു‌തരും, വണ്ടി ചെക്ക് ചെയ്തു തരും,  ഇങ്ങോട്ടു ചായ വാങ്ങിത്തരും. അങ്ങനെ വന്‍ സപ്പോർട്ടായിരുന്നു ഗുജറാത്തില്‍. അതുവരെ കാറിന് റിപ്പയര്‍ ഒന്നും വേണ്ടി‌വന്നില്ല.  

zen-all-india-drive-6
റാഫി, സിനാൻ, അർഷാക്

വെള്ളപ്പൊക്കത്തില്‍ നീന്തിക്കയറി

അടുത്തത് ജയ്‌സല്‍മീര്‍. മരുഭൂമിയില്‍ അധികം ഓടിച്ചില്ല. ലാന്‍ഡ്‌സ്കെയ്പുകളിലൂടെ ഓടിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ അവിടെയും നല്ല മഴയും വെള്ളപ്പൊക്കവും. ജോധ്പുര്‍, ഉദയ്പുര്‍, അജ്മീര്‍, ജയ്പുര്‍...പോകുന്നിടത്തെല്ലാം മഴ. ഒരു സ്ഥലത്തെത്തിയപ്പോൾ ആക്‌സില്‍ പൊട്ടി കാര്‍ നിന്നു. വണ്ടിക്കകത്തു വെള്ളം കയറാൻ തുടങ്ങി. കൂട്ടത്തിൽ രണ്ടുപേർ മെക്കാനിക്കിനെ വിളിക്കാന്‍ പോയി. വെള്ളം പൊങ്ങി നെഞ്ചോളമെത്തി. അടുത്തുകണ്ട ഒരു കുട്ടിയെ കാറിലിരുത്തി ക്ലച് റിലീസ് ചെയ്യാനും ഹാന്‍ഡ്‌ബ്രേക്കിടാനും ഇംഗ്ലിഷില്‍ ഒരുവിധത്തില്‍ പറഞ്ഞു മനസ്സിലാക്കി. പുറത്തുനിന്ന് ഞാന്‍ തള്ളിക്കൊണ്ടിരുന്നു. അങ്ങനെ കാര്‍ ഒരു കോംപൗണ്ടിന്റെ ഉള്ളിലെത്തിച്ചു. മെക്കാനിക്കിനെ അന്വേഷിച്ചുപോയവര്‍ രണ്ടു‌മൂന്നു കിലോമീറ്റര്‍ ദൂരെയെത്തി അപ്പോഴേക്കും. ലംബോര്‍ഗിനി, ഉറൂസ് പോലുള്ള വിലകൂടിയ വണ്ടികള്‍ ബ്രേക്ക് ഡൗണായി വഴിയിൽ കിടക്കുന്നുണ്ടായിരുന്നു. രാത്രി പത്തു മണി‌വരെ വെള്ളമിറങ്ങാന്‍ കാത്തുനിന്നു. വെള്ളം കണ്ട സന്തോഷത്തില്‍ എല്ലാവരും ചാടിക്കളിക്കുകയാണ്. ആളുകളെല്ലാം‌കൂടി ഒരു ക്രെയിന്‍ സംഘടിപ്പിച്ച് ഞങ്ങളുടെ കാര്‍ പൊക്കിയെടുത്തു മെക്കാനിക്കിന്റെ അടുത്തെത്തിച്ചു. ഞങ്ങൾ അന്ന് അവിടെ തങ്ങി. ഓയിലും ആക്‌സിലും മാത്രമേ മാറ്റേണ്ടിവന്നുള്ളൂ. പിറ്റേന്നു രാവിലെ വണ്ടി റെഡിയായി.  

വീട്ടില്‍‌നിന്നും പൊലീസ് സ്റ്റേഷനില്‍‌ നിന്നും തിരിച്ചു‌വരാന്‍ പറഞ്ഞു വിളി തുടങ്ങി. ലഡാക്ക്–മണാലി റൂട്ടെല്ലാം മഴ കാരണം അടച്ചു. കാര്‍ തല്‍ക്കാലം ഡല്‍ഹിയില്‍ നേവിയിലുള്ള കൂട്ടുകാരന്റെ അടുത്തു വച്ച് തിരിച്ചുപോകാന്‍ തീരുമാനിച്ചു.  ജയ്പുര്‍‌മുതല്‍ ഡല്‍ഹി‌വരെ ഇടയ്ക്കിടയ്ക്ക് വണ്ടിക്ക് റെസ്റ്റ് കൊടുത്തും വെള്ളം ഒഴിച്ചുകൊടുത്തും ഇരുന്നൂറ്റി അൻപതോളം കിലോമീറ്റര്‍ ഒറ്റപ്പോക്കില്‍ എത്തിച്ചു. രാത്രിയോടെ ഡല്‍ഹി എത്തി. നേവല്‍ ബേസില്‍ കാര്‍ ഇട്ടു. ട്രെയിനില്‍ നാട്ടിലേക്കു തിരിച്ചു.

ആവേശത്തില്‍ രണ്ടാമൂഴം  

മഴ തോരാന്‍ ഒരു മാസം കാത്തിരുന്നു. സെപ്റ്റംബര്‍ 6ന് വീണ്ടും ട്രെയിന്‍ കയറി. ഡല്‍ഹിയിലെത്തി കാറെടുത്തു. നോക്കുമ്പോള്‍ ലൈറ്റ് ഫ്യൂസായിരിക്കുന്നു, ബാറ്ററിയും ഇറങ്ങിയിരുന്നു. അതെല്ലാം കണ്ടീഷനാക്കി. ലുധിയാന, അമൃത്‌സര്‍, ലാഹോര്‍, പഞ്ചാബ് വാഗാ ബോര്‍ഡര്‍ കഴിഞ്ഞ് പത്താന്‍കോട്ട് എത്തിയപ്പോള്‍ എ‌സിയുടെ ഫാന്‍ കേടായി. ഓയില്‍ മാറ്റി. അപ്പോഴേക്കും 8000 കിലോമീറ്റര്‍ ആയി. ജമ്മു, ശ്രീനഗര്‍, കാര്‍ഗില്‍, ലേ–ലഡാക്, ലേ കടന്ന് കര്‍തുംഗ്‌ല എത്തി. പതിനേഴായിരം അടി ഉയരത്തിലെത്തിയപ്പോള്‍ വണ്ടിക്കു ചെറിയ വലിവ്. മൈനസ് സീറോയിലെത്തിയപ്പോള്‍ ഓക്‌സിജന്‍ കിട്ടാതായി. അവിടെ ഒരു ഹോംസ്‌റ്റേയില്‍ നിന്നു. പാങ്ങോങ് ലെയ്ക്കിലേക്കുള്ള മണല്‍പാതയിലൂടെയും കിലോമീറ്ററുകളോളം വണ്ടിയോടിച്ചു. വണ്ടി ഓഫ് ആയതേയില്ല. അങ്ങനെ പതിനഞ്ചു ദിവസം ജമ്മുവില്‍. പജേറോയും ഥാറും ബൈക്കുകളുമൊക്കെ പാഞ്ഞുപോകുമ്പോള്‍ ഞങ്ങളുടെ സെന്‍ സാവധാനം ഓടി. 

zen-all-india-drive-7
ആലത്തൂർ പൊലീസ് സ്റ്റേഷനിൽ നിന്നാണ് യാത്ര തുടങ്ങിയത്

റോഹ്തങ് പാസില്‍ മഞ്ഞുവീണ് റോഡ് അടഞ്ഞു! അറുപത്–എഴുപത് വാഹനങ്ങള്‍ ക്യൂവിലാണ്. ഏറ്റവും ചെറിയ വണ്ടി ഞങ്ങളുടെയായിരുന്നു. സ്വന്തം റിസ്‌കില്‍ പൊയ്ക്കൊള്ളാം എന്ന് എഴുതിക്കൊടുത്തു ഞങ്ങള്‍ യാത്ര തുടര്‍ന്നു. അടല്‍ ടണല്‍, മണാലി, കടന്ന് സൊലാങ്‌വാലി ആയി. ഇതിനിടയിലൊക്കെ ഇന്‍സ്റ്റ പോസ്റ്റുകള്‍ കണ്ട് കുറെപ്പേര്‍ വിളിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിലൊരു മലയാളിയുടെ ഹോംസ്‌റ്റേയില്‍ രണ്ടു ദിവസം താമസം കിട്ടി. കസൂള്‍, ശിംല, ആഗ്ര‌വഴി ലക്‌നൗ എത്തി. മാഗിയും ബ്രെഡ്ഡും ചോറും മാത്രം കഴിച്ചു മടുത്തിരുന്നു അപ്പോഴേക്കും. കുറെ ദിവസത്തിനുശേഷം  ലക്‌നൗവിലെ ലുലുമാളില്‍‌നിന്ന് അന്ന് നോണ്‍വെജ് ഭക്ഷണം കഴിച്ചു.

പണി തന്ന് ഇന്‍ലെറ്റ് മാനിഫോള്‍ഡ്   

വാരാണസിയും ഋഷികേശും കണ്ട്  കൊല്‍ക്കത്തയിലെ പ്രധാന തെരുവുകളില്‍ കറങ്ങി. താമസ‌സ്ഥലം അന്വേഷിക്കാനായി ഒരു വർക്‌ഷോപ്പിന്റെ അടുത്ത് കാര്‍ നിര്‍ത്തി. കാര്‍ കണ്ട് അവര്‍ ഫ്രീയായി വണ്ടി ഫുള്‍ ചെക്കപ്പും കൂള്‍ എന്‍ഡ് ചെയ്ഞ്ചും ചെയ്തു‌തന്നു. ഒഡിഷയിലെ ജലേശ്വര്‍ എത്തിയപ്പോള്‍ കാറില്‍‌നിന്ന് പുക വരാന്‍‌തുടങ്ങി. ഓയില്‍ കുറവായതാണോ എന്നു കരുതി ഓയില്‍ ഒഴിച്ചിട്ടും രക്ഷയില്ല. കൂള്‍ എന്‍ഡ് ചൂടായിട്ടാണോ എന്നു കരുതി വെള്ളം ഒഴിച്ചു. അപ്പോള്‍ ലീക്കാകുന്നു. ഇന്‍ലെറ്റ് മാനിഫോള്‍ഡിലെ ബോള്‍ട്ടില്‍ തുരുമ്പുപിടിച്ച് തുള വീണിരിക്കുന്നു. ഇനി പോകാനാവില്ല എന്നു മനസ്സിലായി. അടുത്തുള്ള മാരുതി സുസുക്കി ഷോറൂമില്‍ കാര്‍ കയറ്റി. അവിടെ എല്ലാവരും കാര്‍ കണ്ട് വാ പൊളിച്ചു നോക്കി നില്‍ക്കുകയാണ്. പാര്‍ട്‌സ് ഒക്കെ വരുത്താന്‍ മിനിമം പത്തു ദിവസം പിടിക്കും എന്ന് അവര്‍ പറഞ്ഞു. 

നാട്ടിലുള്ള മെക്കാനിക്കിനെ വിളിച്ചപ്പോള്‍, അതിനടിയിലെ ബോള്‍ട്ട് ഇളകിപ്പോയതാകും. തല്‍ക്കാലം എം സീല്‍‌വച്ച് ഒട്ടിച്ചാല്‍ മതി എന്നു പറഞ്ഞു. അതുപോലെ അവരോടു പറഞ്ഞു ചെയ്യിപ്പിച്ചിട്ടും ശരിയാകുന്നില്ല.  വലിയ വര്‍ക്‌ഷോപ്പിലേക്കു കൊണ്ടുപോകണം. 20 ലീറ്ററിന്റെ വാട്ടര്‍ക്യാനില്‍ വെള്ളം നിറച്ച് ഓരോ നാലു കിലോമീറ്റര്‍ കഴിയുമ്പോഴും വണ്ടി‌നിര്‍ത്തി വെള്ളം ഒഴിച്ചുകൊടുത്തു യാത്ര തുടർന്നു. 60 കിലോമീറ്റര്‍ കഴിഞ്ഞുള്ള ബാലേശ്വരിലെ വര്‍ക് ഷോപ്പില്‍ എത്തിച്ചു. കാര്‍ നാട്ടിലേക്കു ട്രാന്‍സ്‌പോര്‍ട് ചെയ്യേണ്ടി‌വരുമോ എന്നൊക്കെ ആലോചിച്ചുപോയി. അവസാനം ലീക്ക് എവിടെയാണെന്നു കണ്ടുപിടിക്കാന്‍ ഞങ്ങൾതന്നെ ഒരു ശ്രമം നടത്തി നോക്കി. അപ്പോഴാണു മനസ്സിലായത് ആദ്യം എം സീല്‍ ഒട്ടിച്ചത് ചോര്‍ച്ചയുള്ള ഭാഗത്തല്ലായിരുന്നു എന്ന്. കൃത്യസ്ഥാനത്ത് എം സീല്‍ ഒട്ടിച്ചതും ലീക്ക് മാറി. ഇനിയേതായാലും കാറോടിച്ചു‌തന്നെ നാട്ടില്‍ തിരിച്ചെത്തണം എന്നു വാശിയായി.  

16,000 കിമീ @ ഫിനിഷിങ് പോയിന്റ്!

ഭുവനേശ്വര്‍മുതല്‍ വിശാഖപട്ടണംവരെ ഒറ്റ സ്‌ട്രെച്ചില്‍ പിടിച്ചു. കാര്‍ ചൂടാകാതിരിക്കാന്‍ കൃത്യമായി നിര്‍ത്തിയിട്ട്, തണുപ്പിച്ചാണ് ഓടിച്ചത്. വിജയവാഡ, തിരുപ്പതി, ചെന്നൈ, ബെംഗളൂരു, കൃഷ്ണഗിരി, ഹൊസൂര്‍, സേലം, കോയമ്പത്തൂര്‍വഴി വിജയകരമായി ഫിനിഷ് ചെയ്തു. ഒക്ടോബര്‍ 16ന് കേരളത്തിലെത്തി. കാര്‍ മുഴുവന്‍ പൊടിപിടിച്ചു കണ്ടാല്‍പോലും മനസ്സിലാകാത്ത രൂപത്തിലായിരുന്നു. നേരേ എറണാകുളത്തുവന്ന് നല്ലൊരു വാട്ടര്‍‌വാഷ് ചെയ്ത് പാലക്കാട്ടേക്കു വിട്ടു. ഞങ്ങള്‍ ബെംഗളൂരുവില്‍ എത്തിയിട്ടേയുള്ളൂ എന്നായിരുന്നു വീട്ടുകാരുടെ വിചാരം. പ്രതീക്ഷിക്കാതെ ഞങ്ങളെക്കണ്ടപ്പോള്‍ നാട്ടിലും വീട്ടിലും എല്ലാവര്‍ക്കും അദ്ഭുതമായി. തിരിച്ചെത്തി നോക്കുമ്പോള്‍ ആക്‌സില്‍ കുറച്ചു പ്രശ്‌നമായിട്ടുണ്ടായിരുന്നു. പതിനാറായിരം കിലോമീറ്റര്‍ ഓടിയതല്ലേ? വേറൊരു പണിയും തന്നില്ലല്ലോ, എവിടെയും നിന്നില്ലല്ലോ. അതുതന്നെ വലിയ കാര്യം. ‘ഫുള്‍ കണ്ടീഷനാക്കി ഇപ്പോള്‍ ഞങ്ങളുടെ സെന്‍ വീട്ടില്‍ നില്‍ക്കുന്നു. കാര്‍ വില്‍ക്കുന്നോ എന്നു പലരും ചോദിച്ചു. തല്‍ക്കാലം കൊടുക്കുന്നില്ല. ഈ യാത്രയില്‍ പോകാനാകാത്ത, നോര്‍ത്ത് ഈസ്റ്റിലേക്ക് അടുത്ത യാത്ര പോകണം. ഇപ്പോള്‍ എവിടെയും പോകാന്‍ ധൈര്യമായി.’ സിനാന്റെ മുഖത്തു സന്തോഷം. അതിനുമുൻപ് ജോലിയും ലൈഫും സെറ്റിലാക്കാനുള്ള ഓട്ടത്തിലാണ് ചങ്ങായിമാര്‍.

English Summary:

All India Trip in Maruti Suzuki Zen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com