ഇനി വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രം
Mail This Article
ന്യൂഡൽഹി∙ ഒരേ വാഹനത്തിൽ ഉപയോഗിക്കുന്ന ഒന്നിലേറെയുള്ള ഫാസ്ടാഗുകൾ ഏപ്രിൽ 15നകം റദ്ദാക്കാൻ നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ബാങ്കുകളോട് നിർദേശിച്ചു. ഏപ്രിൽ 1 മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രമേ അനുവദിക്കൂ. ഒരു വാഹനത്തിൽ ഒന്നിലേറെ ഫാസ്ടാഗുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, ഏറ്റവും ഒടുവിൽ വാങ്ങിയ ഫാസ്ടാഗ് മാത്രമേ ആക്ടീവ് ആയിരിക്കൂ. ഒരു വാഹനത്തിന് നിലവിൽ ഒരു ആക്ടീവ് ഫാസ്ടാഗ് ഉണ്ടെങ്കിൽ രണ്ടാമതൊരു ഫാസ്ടാഗ് നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്.
നിലവിൽ ഒരു വാഹനത്തിൽ ഒന്നിലേറെ ഫാസ്ടാഗുകൾ ഒട്ടിക്കുന്ന പതിവുണ്ട്. ഇതു പലപ്പോഴും 2 തവണ ടോൾ പിരിവിനും ആശയക്കുഴപ്പങ്ങൾക്കും കാരണമാകുന്നുണ്ട്. ഇനി മുതൽ ആക്ടീവായ ഒരു ഫാസ്ടാഗ് മാത്രമേ അനുവദിക്കൂ. അതിന്റെ കെവൈസി നടപടികൾ പൂർത്തിയാക്കിയിരിക്കുകയും വേണം. ഒന്നിലധികം ഫാസ്ടാഗുകളുണ്ടെങ്കിൽ ഡീആക്ടിവേറ്റ് ചെയ്യാൻ ടോൾ ബൂത്തുകളുമായോ ബാങ്കുമായോ ബന്ധപ്പെടണമെന്നും മന്ത്രാലയം നേരത്തെ നിർദേശിച്ചിരുന്നു.