ADVERTISEMENT

ഹെക്ടര്‍ ബ്ലാക്ക്‌സ്റ്റോം എഡിഷന്‍ പുറത്തിറക്കി എംജി മോട്ടോര്‍ ഇന്ത്യ. ഗ്ലോസ്റ്ററിലും അസ്റ്ററിലും ബ്ലാക്ക് എഡിഷന്‍ ഹിറ്റായതിനു പിന്നാലെയാണ് എംജി ഹെക്ടറിലേക്കുകൂടി ബ്ലാക്ക് എഡിഷന്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ഹെക്ടര്‍ മോഡലിനെ അപേക്ഷിച്ച് 25,000 രൂപ അധികം നല്‍കണം ഈ ബ്ലാക്ക് എഡിഷന്‍ മോഡലുകള്‍ക്ക്. അടിമുടി കറുപ്പില്‍ കുളിച്ച് എത്തുന്നു എന്നല്ലാതെ മെക്കാനിക്കലി ബ്ലാക്ക് എഡിഷന് വലിയ മാറ്റങ്ങളില്ല. 

വില

അഞ്ച് ഹെക്ടര്‍ ബ്ലാക്ക്‌സ്റ്റോം മോഡലുകളാണ് ഹെക്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. 1.5 ലീറ്റര്‍ പെട്രോള്‍ സിവിടി 5 സീറ്ററിന് 21.25 ലക്ഷവും 1.5 പെട്രോള്‍ സിവിടി 7 സീറ്റര്‍ 21.98 ലക്ഷം രൂപയുമാണ് വില. 2.0 ഡീസല്‍ 5 സീറ്റര്‍ മാനുവല്‍ മോഡലിന് 21.95 ലക്ഷവും 7 സീറ്ററിന് 22.55 ലക്ഷവും 6 സീറ്ററിന് 22.76 ലക്ഷം രൂപയുമാണ് വില. ഇന്‍ട്രോഡക്ടറി ഓഫറായാണ് ബ്ലാക്ക് സ്റ്റോമിന് ഈ വില എംജി നല്‍കിയിരിക്കുന്നത്. ഭാവിയില്‍ വിലയില്‍ മാറ്റങ്ങളുണ്ടായേക്കാം. 

സവിശേഷത

പേരു പറയും പൊലെ അടിമുടി കറുപ്പിന്റെ അഴകിലാണ് ബ്ലാക്ക്‌സ്റ്റോം മോഡലുകളുടെ വരവ്. സ്റ്റാറി ബ്ലാക്ക് എക്‌സ്റ്റീരിയര്‍ കളറിലെത്തുന്ന ഈ കാറുകളില്‍ ക്രോം ഡീറ്റെയില്‍സും റെഡ് ഹൈലൈറ്റുകളും നല്‍കിയിരിക്കുന്നു. ഗ്രില്ലിലും ബംപറിലും ഡോറുകളിലും തുടങ്ങി എംജി ലോഗോയില്‍ വരെ കറുപ്പു നിറഞ്ഞു നില്‍ക്കുന്നു. 

MG Hector Black Storm
MG Hector Black Storm

സ്‌മോക്ഡ് ഔട്ട് ഫിനിഷിലാണ് ഹെഡ് ലാംപും ടെയില്‍ ലാംപുകളും. ഹെഡ്‌ലാംപിന്റെ വശങ്ങളിലും ബ്രേക്ക് കാലിപ്പറുകളിലും വിങ് മിററുകളിലും നല്‍കിയിരിക്കുന്ന ചുവപ്പ് ഹൈലൈറ്റ് ആരും ശ്രദ്ധിക്കും. പുതിയ ഗ്ലോസ് ബ്ലാക്ക് ഫിനിഷിലാണ് 18 ഇഞ്ച് അലോയ് വീലുകളും റൂഫ് റെയിലുകളുമുള്ളത്. അധിക ചിലവൊന്നുമില്ലാതെ ബ്ലാക്ക് സ്‌റ്റോംഎംബ്ലവും ഉടമകള്‍ക്ക് കാറില്‍ പതിപ്പിക്കാം. 

ഉള്ളിലേക്കു വന്നാല്‍ സെന്‍ട്രല്‍ കണ്‍സോള്‍, എസി വെന്റുകള്‍, ഡോര്‍ ട്രിംസ്, സ്റ്റിയറിങ് വീല്‍ തുടങ്ങിയ പ്രധാന ഭാഗങ്ങളെല്ലാം കറുപ്പില്‍ തന്നെയാണ്. ബ്ലാക്ക് ലെതറേറ്റ് അപ്‌ഹോള്‍സ്റ്ററിയാണ് സീറ്റുകള്‍ക്ക് നല്‍കിയിരിക്കുന്നത്. മുന്നിലെ സീറ്റുകളുടെ ഹെഡ് റെസ്റ്റില്‍ ബ്ലാക്ക്‌സ്‌റ്റോം എന്ന് എഴുതിയിട്ടുമുണ്ട്. 

ഫീച്ചറും പവര്‍ട്രെയിനും

14 ഇഞ്ച് പോര്‍ട്രെയിറ്റ് ഓറിയന്റഡ് ടച്ച് സ്‌ക്രീനാണ് ബ്ലാക്ക്‌സ്‌റ്റോമിന് എംജി നല്‍കിയത്. പനോരമിക് സണ്‍റൂഫ്, ഡിജിറ്റല്‍ ഡ്രൈവേഴ്‌സ് ഡിസ്‌പ്ലേ, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപുകള്‍, എല്‍ഇഡി കണക്ടഡ് ടെയില്‍ ലാംപ്, വയര്‍ലസ് ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും, വയര്‍ലസ് ഫോണ്‍ ചാര്‍ജര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/ സ്‌റ്റോപ് ബട്ടണ്‍, സ്മാര്‍ട്ട് കീ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 

പെട്രോള്‍ സിവിടി, ഡീസല്‍ എംടി പവര്‍ട്രെയിനുകളിലാണ് ഹെക്ടര്‍ ബ്ലാക്ക്‌സ്റ്റോം എഡിഷന്‍ വരുന്നത്. 143എച്ച്പി, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനില്‍ സിവിടി ഗിയര്‍ബോക്‌സാണുള്ളത്. 170എച്ച്പി, 2.0ലീറ്റര്‍ ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് നല്‍കിയത്. 5, 6, 7 സീറ്റര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. എന്നാല്‍ പെട്രോള്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ബ്ലാക്ക്‌സ്റ്റോമില്‍ ഇല്ല. 

എതിരാളികള്‍

ഇന്ത്യയില്‍ വലിയ സ്വീകാര്യതയാണ് ബ്ലാക്ക് എഡിഷന്‍ മോഡലുകള്‍ക്ക് ലഭിച്ചത്. ഓരോ ബ്ലാക്ക് എഡിഷനുകളുടേയും വിജയം കൂടുതല്‍ കാര്‍ കമ്പനികള്‍ക്ക് ബ്ലാക്ക് എഡിഷനുകള്‍ പുറത്തിറക്കാന്‍ പ്രേരണയായി. ഹ്യുണ്ടേയ് അല്‍കസാര്‍, ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV700, ജീപ്പ് കോംപാസ് എന്നിവയാണ് ഹെക്ടറിന്റെ എതിരാളികള്‍. ഇതില്‍ അല്‍കസാര്‍ ഒഴികെയുള്ള എല്ലാ മോഡലുകളിലും ബ്ലാക്ക് എഡിഷന്‍ ലഭ്യമാണ്.

English Summary:

MG Hector Black Storm edition SUV Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com