ADVERTISEMENT

ഈ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കി ഞെട്ടിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്. ലോകത്തെ ഏറ്റവും വലിയ മിഡ് സൈസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാണ കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡ് മോട്ടര്‍ സൈക്കിള്‍ മോഡലുകളില്‍ 50 ശതമാനത്തിന്റെ വര്‍ധന വരുത്താനാണ് ലക്ഷ്യമിടുന്നത്. വിപണിയിലെ മത്സരം നേരിടാന്‍ ആറ് പുതിയ മോഡലുകളാണ് റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുക.

ഗോവന്‍ ക്ലാസിക് 350, സ്‌ക്രാം 440, ഗറില്ല 450, ഇന്റര്‍സെപ്റ്റര്‍ ബിയര്‍ 650, ക്ലാസിക് 650, ക്ലാസിക് 350 എന്നിവയുടെ പുതിയ മോഡലുകളാണ് എത്തുന്നത്. ബുള്ളറ്റ്, ഹണ്ടര്‍, മെറ്റിയോര്‍ എന്നിവയുടെ പരിഷ്‌ക്കരിച്ച വകഭേദങ്ങള്‍ പിന്നാലെ വരും. ഈ അടിമുടി പരിഷ്‌ക്കാരം ഒരു വര്‍ഷം പത്തുലക്ഷം മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കുകയെന്ന ലക്ഷ്യം ആദ്യമായി മറികടക്കാന്‍ ഈ നീക്കം റോയല്‍എന്‍ഫീല്‍ഡിനെ സഹായിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ ഈ വര്‍ഷത്തെ വില്‍പന വളര്‍ച്ച രണ്ടക്കത്തിലെത്തുകയും ചെയ്യും.

റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450

പുതിയ ഹിമാലയനിലേതു പോലെ 452സിസി എന്‍ജിനായിരിക്കും ഗറില്ല 450യിലും. മിനിമലിസ്റ്റ് ഡിസൈനുള്ള റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളെ അപേക്ഷിച്ച് മെലിഞ്ഞ മോട്ടോര്‍സൈക്കിളായാണ് ഗറില്ല 450യുടെ വരവ്. ബജാജിന്റെ ട്രയംഫ് സ്പീഡ് 400 അടക്കമുള്ളവരാണ് എതിരാളികള്‍. ജൂലൈ-സെപ്തംബര്‍ മാസങ്ങള്‍ക്കിടയില്‍ ഗറില്ല 450 പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം.

റോയല്‍ എന്‍ഫീല്‍ഡ് ബിയര്‍ 650

650 സിസി കരുത്തുള്ള ആദ്യത്തെ ഓഫ്‌റോഡ് മോട്ടോര്‍സൈക്കിളായാണ് ഇന്റര്‍സെപ്റ്റര്‍ ബിയര്‍ 650യുടെ വരവ്. ട്വിന്റ് എക്‌സ്‌ഹോസ്റ്റ് ഒന്നാക്കി കുറച്ചത് വാഹനത്തിന്റെ ഭാരം കുറയ്ക്കാന്‍ സഹായിച്ചു. 2018ല്‍ പുറത്തിറങ്ങിയ ശേഷം ബിയര്‍ 650 ആദ്യമായാണ് ഈ മോഡലില്‍ റോയല്‍ എന്‍ഫീല്‍ഡ് ഇത്രയേറെ മാറ്റങ്ങള്‍ വരുത്തുന്നത്. 

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650

ക്ലാസിക് 350യുടെ സ്റ്റൈലിങില്‍ വലിയ എന്‍ജിനും കരുത്തുമായാണ് ക്ലാസിക് 650യുടെ വരവ്. 650 സിസി പാരലല്‍ ട്വിന്‍ മോട്ടോര്‍. ഷോട്ട്ഗണ്‍ 650ന് സമാനമായ സബ്‌ഫ്രെയിമും പാസഞ്ചര്‍ സീറ്റുകളും. ഈ സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പകുതിയിലായിരിക്കും ക്ലാസിക് 650 എത്തുക. 

റോയല്‍ എന്‍ഫീല്‍ഡ് ഗോവന്‍ ക്ലാസിക് 350

ക്ലാസിക് 350 പ്ലീറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന റെട്രോ സ്‌റ്റൈല്‍ ബോബറാണ് ഗോവന്‍ ക്ലാസിക് 350. 2024ലും വൈറ്റ് വാള്‍ ടയറുകളുമായി ഇറങ്ങുന്ന മോട്ടോര്‍സൈക്കിളായിരിക്കും ഇത്. ക്ലാസിക്കിന്റെ അടിസ്ഥാന ഫീച്ചറുകള്‍ തുടരും. 60കളിലെ വിന്റേജ് മോട്ടോര്‍ സൈക്കിളുകളുടെ സവിശേഷതകളുള്ള മോട്ടോര്‍സൈക്കിളായിരിക്കും ഗോവന്‍ ക്ലാസിക് 350. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഗോവന്‍ ക്ലാസിക് 350 എന്ന പേര് ട്രേഡ് മാര്‍ക്ക് ചെയ്തത്.

റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 440

450സിസി ലിക്യുഡ് കൂള്‍ഡ് പ്ലാറ്റ്‌ഫോമല്ല മറിച്ച് എയര്‍/ഓയില്‍ കൂള്‍ഡ് 440സിസി എന്‍ജിനായിരിക്കും സ്‌ക്രാം 440യിലുണ്ടാവുക. ഇതോടെ പെര്‍ഫോമെന്‍സിന്റെ കാര്യത്തില്‍ ഹിമാലയനേക്കാള്‍ അല്‍പം പിന്നിലാവും ഈ മോഡല്‍. എന്നാല്‍ വിലയില്‍ കുറവും പ്രതീക്ഷിക്കാം. സ്‌ക്രാമിനു കീഴില്‍ വരുന്നതിനാല്‍ ഹിമാലയനെ പോലെ വലിയ ഓഫ് റോഡിങ് മോട്ടോര്‍സൈക്കിള്‍ പ്രതീക്ഷിക്കരുത്. 

English Summary:

Royal Enfield's Record Release: 6 New Motorcycles to Rev Up the Market This Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com