നോർട്ടൻ, ടിവിഎസ് സ്വന്തമാക്കിയ ബ്രിട്ടിഷ് പരമ്പര്യം: ആദ്യ മോട്ടർസൈക്കിൾ 1902ൽ
Mail This Article
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബ്രിട്ടിഷ് ഇരുചക്രവാഹന നിർമാതാക്കളാണ് നോർട്ടൻ മോട്ടർസൈക്കിൾസ് . റേസിങ് ട്രാക്കുകളിലെ മികച്ച പ്രകടനമാണ് നോർട്ടൻ മോഡലുകളെ ലോകപ്രശസ്തമാക്കിയത്. 1898 ൽ ഓട്ടമൊബീൽ വിദഗ്ധനായ ജെയിംസ് ലാൻസ്ഡൗൺ നോർട്ടൻ (James Lansdowne Norton) ഇരുചക്രവാഹനങ്ങളുടെ പാർട്സുകൾ നിർമിക്കുന്നതിനായി ഇംഗ്ലണ്ടിൽ ഒരു കമ്പനി തുടങ്ങി. ജെയിംസിനു പാ നോർട്ടൻ എന്നും വിളിപ്പേരുണ്ടായിരുന്നു. സ്‌പെയർ പാർട്സ് ബിസിനസിൽ നിന്നാണ് നോർട്ടൻ മോട്ടർസൈക്കിളുകളുടെ തുടക്കം. 1902 ആദ്യ നോർട്ടൻ മോട്ടർസൈക്കിൾ നിർമിച്ചു. ഫ്രഞ്ച്-സ്വിസ് നിർമിത എൻജിനാണ് ഇതിൽ ഉപയോഗിച്ചിരുന്നത്.
റേസിങ് ട്രാക്കിലേക്ക്
ദ് ഐൽ ഓഫ്മാൻ ടിടി (The Isle of Man TT) റേസിങ്ങിൽ ട്വിൻ സിലിണ്ടർ ക്ലാസിൽ 1907 റെം ഫ്ലവർ വിജയിച്ചതോടെയാണ് നോർട്ടൻ മോട്ടർസൈക്കിളുകളുടെ റേസ് ട്രാക്കിലെ കുതിപ്പു തുടങ്ങുന്നത്. പിന്നീട് ബ്രൂക്ക് ലാൻഡ് റേസ്, മറ്റു യൂറോപ്യൻ റേസുകളിൽ നോർട്ടൻ മോട്ടോഴ്സ് വെന്നിക്കൊടി പാറിച്ചു. തുടർച്ചയായി റേസുകളിൽ വിജയം മോഡലുകളുടെ വിശ്വാസ്യത വർധിപ്പിച്ചു. അതോടെ റോഡ്, റേസ് ബൈക്കുകൾ നിർമിക്കുന്നതിൽ മികച്ചവർ എന്ന ഖ്യാതി നോർട്ടൻ നേടി. 1908 ൽ സിംഗിൾ സിലിണ്ടർ സൈഡ് വാൽവ് യൂണിറ്റുള്ള സ്വന്തം എൻജിനോടു കൂടിയ ബൈക്ക് നിർമിച്ചു. 1980 ൽ ഇംഗ്ലണ്ടിലെ ഹാരോഡ്സിൽ നോർട്ടൻ ബൈക്കുകളുടെ വിൽപന ആരംഭിച്ചു.
സ്വന്തം ലോഗോ
1916 നോർട്ടൻ സ്വന്തം ലോഗോ പുറത്തിറക്കി. പാ നോർട്ടനും അദ്ദേഹത്തിന്റെ മകൾ ഇതെലും (Ethel) ചേർന്നാണ് ലോഗോ ഡിസൈൻ ചെയ്തത്. 1924 നോർട്ടൻ ബൈക്കുകൾ സീനിയർ ആൻഡ് സൈഡ് കാർ ടിടി റേസുകളിൽ വിജയിച്ചു. ഓവർ ഹെഡ് സിംഗിൾ വാൽവ് ഉള്ള 500 സിസി മോഡൽ 18 ബൈക്കാണ് റേസുകളിൽ ഉപയോഗിച്ചിരുന്നത്. ഇതോടെ യൂറോപ്പിലെ ഏറ്റവും പ്രധാന മോഡലുകളിൽ ഒന്നായി നോർട്ടൻ മാറി. 1925 ൽ പാ നോർട്ടൻ അന്തരിച്ചു. 1930 ആദ്യ പാദം പിന്നിടുമ്പോഴേക്കും നോർട്ടൻ ഒരു വർഷം 4000 റോഡ് ബൈക്കുകൾ ഉൽപാദിപ്പിച്ചിരുന്നു. അപ്പോഴേക്കും ദ് ഐൽ ഓഫ് മാൻ ടിടി റേസ് 10 പ്രാവശ്യവും 92 ഗ്രാൻഡ് പ്രിക്സ് റേസുകളിൽ 78 ഉം നോർട്ടൻ വിജയിച്ചിരുന്നു.
ഡോമിനേറ്റർ/ കമാൻഡോ മോഡലുകളുടെ വരവ്
രണ്ടാം ലോകമഹായുദ്ധ സമയത്ത് റേസിങ് ഉപേക്ഷിച്ചു മിലിട്ടറി ബൈക്കുകൾക്ക് ആവശ്യമായ സൈഡ് വാൽവ് നിർമാണത്തിലേക്ക് കമ്പനി തിരിഞ്ഞു. ഏകദേശം ഒരു ലക്ഷം സൈഡ് വാൽവുകളാണ് അക്കാലത്ത് നിർമിച്ചിരുന്നത്. 1950 ൽ ഭാരം കുറഞ്ഞതും എന്നാൽ ദൃഢതയുള്ളതുമായ ഫെതർബെഡ് ഫ്രെയിം മോഡലുകൾ അവതരിപ്പിച്ചു. ഇതോടൊപ്പം ഹാൻഡിൽ ഡിസൈനുകളിലും മാറ്റം വരുത്തി. പിന്നീട് ഡോമിനേറ്റർ, കഫെ റേസർ മോഡലുകളിൽ ഫെതർബെഡ് ഫ്രെയിമുകൾ ലഭ്യമായിത്തുടങ്ങി. 1982 ൽ 350 സിസി - 500 സിസി ക്ലാസിൽ നോർട്ടൻ ബൈക്ക് ഉപയോഗിച്ച ജ്യോഫ് ഡ്യൂക്ക് ലോകചാംപ്യൻ ആയി. 1961 ൽ ഏൾസ് കോർട്ട് മോട്ടർ ഷോയിൽ (1961 Earls Court Motor Show) സ്മൂത്തായതും വൈബ്രേഷൻ കുറഞ്ഞതുമായ എൻജിനോടു കൂടിയ കമാൻഡോ മോഡൽ അവതരിപ്പിച്ചു. തുടർച്ചയായി അഞ്ചു വർഷം ‘മെഷീൻ ഓഫ് ദി ഇയർ’ എന്ന വിശേഷണം ഈ കമാൻഡോ മോഡലിന് ലഭിച്ചിരുന്നു.
വൻവിജയം നേടിയ മോഡൽ കൂടിയായിരുന്നു കമാൻഡോ. 1970 ൽ റേസിങ് ട്രാക്കുകളിൽ വിജയിച്ച കമാൻഡോ 1976 വരെ നിർമിച്ചിരുന്നു. അക്കാലത്തെ റേസിങ് ട്രാക്കുകളിൽ ജാപ്പനീസ് മോഡലുകളുടെ വെല്ലുവിളികളെ അതിജീവിച്ച ബ്രിട്ടിഷ് കമ്പനിയായിരുന്നു നോർട്ടൻ. 1980കളിൽ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളിലൂടെ നോർട്ടൻ മോട്ടോഴ്സ് കടന്നുപോയി. നോർട്ടൻ എന്ന ബ്രാൻഡ് വിഭജിക്കപ്പെടുകയും പല രാജ്യങ്ങളിലായി പടർന്നു പോവുകയും ചെയ്തു. 1988 ൽ ലിച്ച്ഫീൽഡ്, നോർട്ടൻ എന്ന ബ്രാൻഡ് വീണ്ടും ലോഞ്ച് ചെയ്തു. 1989 മുതൽ വീണ്ടും റേസിങ് ട്രാക്കുകളിൽ സജീവമായി. നോർട്ടൻ മോഡലുകൾ വീണ്ടും ബ്രിട്ടിഷ് സൂപ്പർ ബൈക്ക് ചാംപ്യൻഷിപ്പുകൾ വിജയിച്ചു.
അക്കാലത്ത് കൊമേഴ്‌സ്യൽ വിപണി അത്ര സജീവമല്ലായിരുന്നെങ്കിലും നോർട്ടൻ മോട്ടർസൈക്കിളുകൾ പൊലീസ് ഫോഴ്സിലും ബ്രിട്ടനിലെ റോയൽ ഓട്ടമൊബീൽ ക്ലബ്ബിലും വളരെ പ്രിയങ്കരമായിരുന്നു. 1992 ൽ നോർട്ടൻ മോഡലുകൾ ദ് ഐൽ ഓഫ് മാൻ സീനിയർ ടിടി റേസിൽ വീണ്ടും വിജയിച്ചു. 30 വർഷത്തിനു ശേഷമാണ് ബിട്ടിഷ് നിർമിത ബൈക്ക്, റേസ് വിജയിക്കുന്നത്. 1994 ലും വിജയം ആവർത്തിച്ചു. 2009 ൽ അന്നത്തെ നോർട്ടൻ മോട്ടർസൈക്കിൾ സിഇഒ സ്റ്റ്യുവർട്ട് ഗാർനർ വേൾഡ് സ്പീഡ് റെക്കോർഡ് സ്ഥാപിച്ചു. 2010 ൽ വിപണിയിലെത്തിയ കമാൻഡോ 961 SE യുടെ വിപണി വിജയം കാരണം നോർട്ടൻ ബൈക്കുകളുടെ നിർമാണം പുനരാരംഭിക്കാൻ കാരണമായി. 2012 ൽ വീണ്ടും റേസിങ് ട്രാക്കുകളിൽ സജീവമായി.
ടിവിഎസ് ഏറ്റെടുക്കുന്നു
കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് ഇന്ത്യയിലെ പ്രശസ്ത ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോഴ്സ് നോർട്ടനെ ഏറ്റെടുക്കുന്നത്. ടിവിഎസിനു കീഴിലാണെങ്കിലും പ്രത്യേക ബ്രാൻഡ് ആയിത്തന്നെയായിരിക്കും നോർട്ടൻ നിലനിൽക്കുക.
പ്രധാന മോഡലുകൾ
1. നോർട്ടൺ 961 കമാൻഡോ
മോഡൽ പഴയ ഫെയ്സ് ഡിസൈൻ രൂപകൽപ്പന ചെയ്ത മോഡൽ. 961 സിസി ശേഷിയുള്ള പാരലൽ ട്വിൻ എൻജിൻ. കരുത്ത് 80 പി എസ്. കൂടിയ ടോർക്ക് 90 എൻ എം. ഇലക്ട്രോണിക് ഫ്യൂവൽ ഇൻജക്‌ഷൻ സിസ്റ്റം ആണ് ഇതിന്. ട്രാൻസ്മിഷൻ 5 -സ്പീഡ് മാന്വൽ.
2. ഡോമിനേറ്റർ
ട്രയംഫിന്റെ സ്പീഡ് ട്വിൻ മോഡലിനിനെതിരായാണ് ഡോമിനേറ്റർ നോർട്ടൻ അവതരിപ്പിച്ചത്. 1949 ആണ് ആദ്യ മോഡലായ മോഡൽ 7 വിൽപനയ്ക്കെത്തിയത്. 497 സി സി ട്വിൻ സിലിണ്ടർ എൻജിനായിരുന്നു അതിന്റെ പ്രത്യേകത. പിന്നീട് മോഡൽ 77, ഫെതർബെഡ് ഫ്രെയിം മോഡൽസ്, മോഡൽ 88, മോഡൽ 99, 1960 മാക്സ്മാൻ 650 തുടങ്ങിയവയാണ് ഡോമിനേറ്റർ സീരീസിലെ പ്രധാന മോഡലുകൾ.
3. നോർട്ടൻ വിഫോർ ആർ ആർ
ടി ടി റേസർ റീബോൺ എന്നാണ് വി 4 ആർ ആറിനെ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും കഠിനമായ റേസ് ട്രാക്കുകളിൽ വെന്നിക്കൊടി പാറിക്കാൻ വികസിപ്പിച്ചെടുത്ത മോഡലാണ് വി 4 ആർ ആർ. ഇപ്പോൾ റോഡുകൾക്കും അനുയോജ്യമാകും വിധം റിഫൈൻ ചെയ്തിട്ടുണ്ട്. 1200 സി സി എൻജിന്റെ കരുത്ത് 200 ബിഎച്ച്പി. ടോർക്ക് 130 എൻഎം. ഫ്യൂവൽ ഇൻജക്‌ഷൻ സിസ്റ്റമാണിതിന്. എച്ച് ഡി ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, കാർബൺ ഫൈബർ ബോഡി തുടങ്ങിയവ പ്രത്യേകതകളാണ്.
4. അറ്റ്ലസ് റേഞ്ചർ &അറ്റ്ലസ് നോമഡ്
അറ്റ്ലസ് നിരയിലെ രണ്ടു വേരിയന്റുകളാണ് റേഞ്ചറും നോമഡും. 650 സിസി പാരലൽ ട്വിൻ എൻജിൻ കരുത്ത് 84 ബിഎച്ച്പി . ടോർക്ക് 64 എൻഎം. ഇലക്ട്രോണിക് ഫ്യൂവൽ ഇൻജക്‌ഷൻ സിസ്റ്റമാണ് ഇതിലും. വീൽബേസ് 1470 എം എം. ഡ്രൈ വൈറ്റ് 178 കിലോഗ്രാം.
5. സൂപ്പർലൈറ്റ്
650 സിസി എൻജിൻ ശേഷിയുള്ള മോഡൽ. കരുത്ത് 105 ബിഎച്ച്പി. 75 എൻഎം. വെറ്റ്, റോഡ് സ്പോർട്സ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകളുണ്ട്. കീലെസ് ഇഗ്നീഷ്യൻ സിസ്റ്റമാണ് ഇതിന്. ഡ്രൈ വൈറ്റ് 158 കിലോഗ്രാം. സീറ്റ് ഹൈറ്റ് 824 എംഎം.
English Summary: History Of British Motorcycles