ADVERTISEMENT

രണ്ടു വര്‍ഷം മുന്‍പ് ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയാണ് പ്രവെയ്ഗ് ഡൈനാമിക്‌സ്. ഇതേ കാലയളവില്‍ തന്നെ എക്സ്റ്റിങ്ഷന്‍ എന്ന പേരില്‍ ഒരു ഇലക്ട്രിക് സെഡാനെയും കമ്പനി അവതരിപ്പിച്ചിരുന്നു. ഇതാ ഇപ്പോള്‍ പുതിയ പ്രഖ്യാപനവുമായി കമ്പനി എത്തിയിരിക്കുകയാണ്. നവംബറില്‍ ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തിക്കുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ അറിയിച്ചിട്ടുള്ളത്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നവംബര്‍ 25ന് പുതിയ എസ്‌യുവി അവതരിപ്പിക്കുമെന്നാണ് സൂചന. വാഹനത്തിന്റെ അവതരണം സൂചിപ്പിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ടീസറുകള്‍ കണ്ടാല്‍ വിപണി അവതരണത്തിന് തയാറായ വാഹനമെന്നു തന്നെ കരുതാം. 

 

ലീനിയറായ സ്‌പോര്‍ടി ഭാവങ്ങളുള്ള വാഹനത്തിന്റ നിഴലുകളാണ് ടീസറില്‍ നിര്‍മാതാക്കള്‍ പങ്കുവച്ചിട്ടുള്ളത്. ചരിഞ്ഞുകയറുന്ന വിധത്തിലുള്ള മുന്‍ഭാഗങ്ങളം വടിവൊത്ത സൈഡ് പ്രൊഫൈലും പിന്നിലേക്ക് ആഴ്ന്നിറങ്ങുന്ന വിധത്തിലുള്ള റിയര്‍ പ്രൊഫൈലുമുള്ള വാഹനത്തിന് പിന്നില്‍ വലിയ എല്‍ഇഡി സ്ട്രിപ് ലൈറ്റും കാണാം. ഇവരുടെ ഉല്‍പന്നങ്ങള്‍ക്ക് 5 സ്റ്റാര്‍ ക്രാഷ് ടെസ്റ്റ് റേറ്റിങ് ലഭിക്കുമെന്ന് കമ്പനി മുന്‍പ് അവകാശപ്പെട്ടിരുന്നതാണ്. 

 

വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഒറ്റത്തവണ ചാര്‍ജില്‍ 504 കിലോമീറ്റര്‍ താണ്ടാന്‍ ശേഷിയുണ്ടാകും എസ്‌യുവിക്ക് എന്നാണ് നിർമാതാക്കൾ പറയുന്നത്. നൂറു കിലോമീറ്റർ വേഗത്തിലെത്താൻ 4.3 സെക്കൻഡ് മാത്രം മതി വാഹനത്തിന്, ഉയർന്ന വേഗം മണിക്കൂറിൽ 200 കിലോമീറ്റർ. 10 ലക്ഷം കിലോമീറ്ററാണ് ബാറ്ററിക്ക് കമ്പനി നൽകുന്ന വാറന്റി.  മികച്ച എയര്‍ ഫില്‍ടറേഷന്‍ സൗകര്യവും പ്രവെയ്ഗിന്റെ വാഹനങ്ങളില്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതാണ്. നിലവില്‍ ഇലക്ട്രിക് വിഭാഗത്തില്‍ മികച്ച കാഴ്ച വയ്ക്കുന്ന ടാറ്റ നെക്‌സോണ്‍, എംജി സിഎസ് ഇവി, ഹ്യുണ്ടായി കോന എന്നിവയോട് കിടപിടിക്കുന്ന സന്നാഹങ്ങളുള്ള വാഹനമായിരിക്കും ഇത്. 

 

പ്രവെയ്ഗ് ഡൈനാമിക്‌സ്

 

2011ല്‍ ജയ്പുരില്‍ ആരംഭിച്ച ഓഫ്‌റോഡ് ബഗി നിര്‍മാതാക്കളാണ് പ്രവെയ്ഗ്. ഫ്രാന്‍സില്‍ നിന്നുമുള്ള എറാന്‍ ഗ്രൂപ്പിന്റെ പിന്തുണിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ബെംഗളൂരുവിലാണ് കോര്‍പറേറ്റ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. 2025 ഓടെ ഇലക്ട്രിക് വാഹന വിപണിയില്‍ സ്വന്തമായി സ്ഥാനം ഉറപ്പിക്കാനുള്ള പദ്ധതികളാണ്  കമ്പനിക്കുള്ളത്.

 

English Summary: Bengaluru-based Pravaig to launch electric SUV in November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com