ADVERTISEMENT

19,024 അടി ഉയരത്തിൽ ചരിത്രം സൃഷ്ടിച്ച് ഒരു ഇലക്ട്രിക് വാഹനം. ഇലക്ട്രിക് വാഹനലോകത്തു വളർന്നുവരുന്ന വാഹന നിർമാതാക്കളായ ആസ്ട്രോ മോട്ടോഴ്സാണ് തങ്ങളുടെ ഇലക്ട്രിക് ത്രീ വീലർ കാർഗോയായ നവ്യയുമായി ഉംലിങ്‌ല കീഴടക്കിയത്. വാഹനം ഡ്രൈവ് ചെയ്തത് മുംബൈയിലെ ആദ്യ വനിത ബസ് ഡ്രൈവറായ പ്രതീക്ഷ ദാസാണ്.

ലഡാക്കിലെ ഉംലിംങ്‌ല പാസിൽ എത്തിയ ആദ്യ ഇലക്ട്രിക് മുച്ചക്ര വാഹനം നവ്യയാണെന്ന് ആസ്ട്രോ മോട്ടോഴ്സ് അവകാശപ്പെടുന്നു. ലോകത്തിലെ ഏറ്റവും ഉയരത്തിൽ വാഹനമെത്തുന്ന റോഡാണ് ഉംലിങ്‌ലയിലുള്ളത്. 

ഈ നേട്ടം കൈവരിച്ചതിനു പിന്നാലെ 3 വീലർ കാർഗോ വാഹനങ്ങളുടെ ശ്രേണിയിൽ പുതിയ താരോദയമാകും ആസ്ട്രോ നവ്യ എന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇന്ത്യയിലെ വ്യത്യസ്ത കാലാവസ്ഥകളിൽ പലതരത്തിലുള്ള റോഡുകളിലൂടെ പരീക്ഷണം നടത്തി വിജയിച്ചാണ് വാഹനം 

വിപണിയിലെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 

ബെംഗളൂരു പോലെയുള്ള വലിയ നഗരങ്ങളിലെ ഗതാഗതക്കുരുക്കിലും, ഡൽഹിയിലെയും ഗുജറാത്തിലെയും കൊടുംചൂടിലും മഹാരാഷ്ട്രയിലെ ഈർപ്പമുള്ള മലമ്പ്രദേശങ്ങളിലും, ലഡാക്കിലെ മഞ്ഞുമൂടിയ വലിയ പർവതങ്ങളിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നിർമിച്ച വാഹനമാണ് നവ്യയെന്നു നിർമാതാക്കൾ പറയുന്നു.

630 കിഗ്രാം പേലോഡ് ശേഷിയുള്ള വാഹനമാണ് ഇത്. ഈ ഭാരം വഹിച്ച് മണിക്കൂറിൽ 50 കിമീ വരെ വേഗം കൈവരിക്കാൻ അവന്യക്കാകും. 10.2 കിലോവാട്ട് ബാറ്ററിയാണ് ഇതിലുള്ളത്.നട്ടുച്ചയ്ക്കുപോലും പൂജ്യത്തിനു താഴെ മാത്രം താപനിലയുള്ള മേഖലയായ ലഡാക്കിൽപോലും വാഹനത്തിനു യാതൊരുവിധത്തിലും പ്രശ്നങ്ങളുണ്ടായില്ലെന്നാണ് പ്രതീക്ഷ ദാസിന്റെ സാക്ഷ്യം. ഇലക്ട്രിക് മോട്ടറും മാന്വൽ ഗിയർ ബോക്സുമായി ചേർത്ത് മികച്ച പ്രകടനം ഉറപ്പാക്കുന്നതിനു പ്രത്യേകം നിർമിച്ച വാഹനമാണ് അവന്യയെന്ന് അണിയറ ശിൽപികൾ ഉറപ്പുനൽകുന്നുണ്ട്. 

പരമ്പരാഗത ഫോസിൽ ഇന്ധനങ്ങൾ ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് ജനങ്ങൾക്കും ആത്മവിശ്വാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിലാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് ആസ്ട്രോ മോട്ടോഴ്സ് സ്ഥാപകൻ വിതൻ ജഗദ പറയുന്നു.

നിലവിൽ വാഹനവിൽപനയുടെ 2 ശതമാനത്തോളമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന. മുൻവർഷം ഇത് കേവലം 1 ശതമാനമായിരുന്നു. 2030ഓടെ ഇത് 30 % ഉയർത്താനുള്ള വലിയ പ്രയത്നത്തിലാണു സർക്കാരുകൾ. അതിനു പിന്തുണ എന്ന നിലയിലാണ് എൽ5 വിഭാഗത്തിൽ വിവിധ വെല്ലുവിളികൾ മറികടക്കുന്നതിനായി ആസ്ട്രോ നവ്യ രൂപപ്പെടുത്തിയത്. ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ പുറത്തിറക്കുന്നതിലൂടെ ഫ്ലീറ്റ് ഓപ്പറേറ്റർമാർ നേരിടുന്ന വെല്ലുവിളികൾ കുറയ്ക്കാൻ സാധിക്കുമെന്നു വിശ്വസിക്കുന്നതായി ആസ്ട്രോ മോട്ടോഴ്സ് സഹ സ്ഥാപകൻ കുനാൽ ചന്ദ്ക, സഹ സ്ഥാപകനും വ്യാവസായിക ഡിസൈനറുമായ ഹർദിക് ധനക് എന്നിവർ പറയുന്നു. എല്ലാ ഘടകങ്ങളും പഠിച്ച ശേഷമാണ് വാഹനം രൂപപ്പെടുത്തിയത്. കഠിനമായ കാലാവസ്ഥയിലും ഭൂപ്രകൃതികളിലും വാഹനം പരീക്ഷിച്ചു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡും കീഴടക്കിയതോടെ വാഹനത്തിന്റെ കഴിവിൽ ആർക്കും സംശയമുണ്ടാകില്ലെന്നും വിപണിയിൽ മികച്ച പ്രതികരണം നേടാനാകുമെന്നു കരുതുന്നെന്നും ഇവർ പറഞ്ഞു. 

 

English Summary: Astro Motors’ electric three-wheeler reaches highest motorable pass

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com