ADVERTISEMENT

മാരുതിയും ടൊയോട്ടയും തമ്മിൽ കൈകോർത്ത് ഇന്ത്യൻ വിപണിയിൽ വാഹനമിറക്കിയപ്പോൾ ഇതെന്തു കഥ എന്നു ചോദിച്ചവരാണ് ഏറെയും. രണ്ടു ബ്രാൻഡിൽ ഒരേ വണ്ടികൾ. ഇതിൽ ഒരെണ്ണത്തിനല്ലേ വിൽപനയുണ്ടാകൂ? സർവീസിൽ ടൊയോട്ടയല്ലേ മികച്ചത്? സർവീസ് നെറ്റ്‌വർക്ക് മാരുതിക്കല്ലേ? ഇങ്ങനെ ചോദ്യങ്ങളും തർക്കവുമൊക്കെ ഒരു വശത്ത് അരങ്ങു തകർത്തുകൊണ്ടേയിരുന്നു. ബെലീനോ ടൊയോട്ട ബാഡ്ജ് അണിഞ്ഞപ്പോൾ ഗ്ലാൻസയായി. ബ്രെസ്സ അർബൻ ക്രൂസറും. തൊട്ടു പിന്നാലെയാണ് ടൊയോട്ട അർബൻ ക്രൂസർ ഹൈറൈഡറിനെയും മാരുതി അതേ പ്ലാറ്റ്ഫോമിൽത്തന്നെ ഗ്രാൻഡ്‍വിറ്റാരെയെയും അവതരിപ്പിച്ചത്. ഹ്യുണ്ടെയ് ക്രേറ്റ, കിയ സെൽറ്റോസ് എന്നിവരുടെ ഇടയിലേക്കാണ് രണ്ടുപേരുമെത്തിയത്. 

ഒരേ പ്ലാറ്റ്ഫോമിൽ ഒരേ എൻജിനും ഫീച്ചേഴ്സുമായാണ് രണ്ടു പേരുടെയും വരവ്. രണ്ട് എൻജിൻ ഒ‍ാപ്ഷനുകൾ– മൈൽഡ് ഹൈബ്രിഡും സ്ട്രോങ് ഹൈബ്രിഡും. രണ്ടിനും വ്യത്യസ്ത പേര് ഉണ്ടെന്നു മാത്രം. അളവുകളിലും ഫീച്ചറുകളിലും വലിയ വ്യത്യാസമില്ല. ഇന്ധനക്ഷമതയും സമം. പക്ഷേ, ഈ സെഗ്‌മെന്റിലെ വാഹനങ്ങളിലൊന്ന് എടുക്കാൻ തീരുമാനിക്കുന്നവരെ സംബന്ധിച്ച് ചില്ലറ കൺഫ്യൂഷൻ നിലനിൽക്കുന്നുണ്ട്. ഹൈറൈഡറിന്റെയും ഗ്രാൻഡ് വിറ്റാരയുടെയും കാര്യത്തിൽ തന്നെയാണത്. ഏതെടുക്കണം? മികച്ചതേത്? ഇരുവരും തമ്മിൽ വ്യത്യാസമെന്ത്? എന്നിങ്ങനെ സംശയങ്ങൾ ഒട്ടേറെ. അവയ്ക്കുത്തരം തേടി രണ്ടുപേരെയും ഒന്നിച്ചൊന്നു കാണാം...

 

ഡിസൈൻ

 

grand-vitara-hyrider22

അളവുകളിൽ ഇരുവരും തമ്മിൽ നേരിയ വ്യത്യാസമുണ്ട്. നീളം കൂടുതൽ ഹൈറൈഡറിനാണ് 4365 എംഎം (വിറ്റാര-4345 എംഎം). ഉയരം കൂടുതൽ വിറ്റാരയ്ക്കാണ്- 1645 എംഎം (ഹൈ റൈഡർ-1635 എംഎം). വീതി രണ്ടു പേർക്കും 

grand-vitara-hyrider9

1795 എംഎം. വീൽബേസ് മാറ്റമില്ല– 2600 എംഎം. മുൻ ഡിസൈനിൽ ഇരുവരും തമ്മിൽ കാര്യമായ മാറ്റമുണ്ട്. കാഴ്ചയിൽ ഇരുവരെയും ഇതു വേറിട്ടു നിർത്തുന്നുണ്ട്. പരുക്കൻ എസ്‌യുവിയുടെ ഗൗരവം ഉള്ളത് വിറ്റാരയ്ക്കാണ്. അരിഞ്ഞിറക്കിയതുപോലുള്ള ബോണറ്റും ഗ്ലോസ് ബ്ലാക്ക് ഇൻസേർട്ടോടുകൂടിയ വലിയ ഗ്രില്ലും ക്രോം ഇൻസേർട്ടോടുകൂടിയ ചതുരവടിവുള്ള ഹെഡ്‌ലാംപ് ക്ലസ്റ്ററും ഗ്രാൻഡ് വിറ്റാരയെ വേറിട്ടു നിർത്തുന്നു. ബെലീനോയിൽ കണ്ടതുപോലുള്ള 3 പോഡ് എൽഇഡി ഡിആർഎൽ രസമുണ്ട്. 

ടൊയോട്ട കുടുംബത്തിലെ പുതു തലമുറക്കാരിൽ നൽകിയിട്ടുള്ള ഗ്രില്ലാണ് ഹൈറൈഡറിൽ. കനം കുറഞ്ഞ ഗ്രില്ലിൽ നൽകിയിരിക്കുന്ന വലിയ ലോഗോ എടുത്തു നിൽക്കുന്നു. എൽഇഡി ഡേ ടൈം റണ്ണിങ് ലാംപ് ഗ്രില്ലിലേക്കു ലയിക്കുന്ന തരത്തിലാണ് ഡിസൈൻ. വലിയ എയർ ഡാമാണ്. ബോണറ്റ് ഗ്രില്ലിലേക്കു ചെരിഞ്ഞിറങ്ങുന്ന രൂപകൽപന. വശക്കാഴ്ചയിൽ ഇരുവർക്കും കാര്യമായ മാറ്റമില്ല. ആകെയുള്ളത് അലോയ് വീൽ ഡിസൈനിലാണ്. സ്ലിം ആയ ടെയിൽ ലാംപുകളാണ് ഇരുവർക്കും. ഗ്രാൻഡ് വിറ്റാരയിൽ ഇരു ടെയിൽ ലാംപുകളെയും ബന്ധിപ്പിച്ച് ഒരു ലൈറ്റ്ബാർ നൽകിയിട്ടുണ്ട്. ഹൈറൈഡറിൽ ക്രോം സ്ട്രിപ്പാണു നൽകിയിരിക്കുന്നത്. സി ആകൃതിയിലുള്ള ഏൽഇഡി ടെയിൽ ലാംപാണ് ഹൈറൈഡറിന്. വിറ്റാരയിൽ ഡിആർഎൽ ഡിസൈൻ പോലെയുള്ള 3 ബ്ലോക്ക് എൽഇഡി ലൈറ്റുകളാണ്. 

grand-vitara-hyrider8

 

ഇന്റീരിയർ

 

പ്രീമിയം ഇന്റീരിയറാണ് ഇരുവരുടെയും. ലേ ഔട്ടിലും ഡിസൈനിലും കാര്യമായ മാറ്റമില്ല. എന്നാൽ, കളർ തീമിലും ടെക്സ്ചറുകളിലും ചെറിയ മാറ്റമുണ്ട്. സ്വിച്ചുകളും ബട്ടണുകളും അടക്കം എല്ലാം സമം. വെന്റിലേറ്റഡ് സീറ്റും പനോരമിക് സൺറൂഫും രണ്ടു പേരുടെയും ഉയർന്ന വേരിയന്റിലുണ്ട്. പനോരമിക് സൺറൂഫ് വരുന്ന മാരുതിയുടെ ആദ്യ മോഡലാണ് ഗ്രാൻഡ് വിറ്റാര.  നടുവിനും തോളിനും വശങ്ങൾക്കുമെല്ലാം നല്ല സപ്പോർട്ട് നൽകുന്ന വലിയ സീറ്റുകളാണ് മുന്നിലേത്. പിൻനിരയിൽ മൂന്നുപേർക്കിരിക്കാം. ലെഗ് സ്പേസും ഹെഡ്‍റൂമും യഥേഷ്ടം. 

grand-vitara

 

ഫീച്ചേഴ്സ്

 

രണ്ടു പേർക്കും 9 ഇഞ്ച് സ്മാർട് പ്ലേ ടച്ച് സ്ക്രീൻ ഇൻഫൊടെയ്ൻ‍മെന്റ് സിസ്റ്റമാണ്. പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജിങ്, ആംബിയന്റ് ലൈറ്റിങ്, ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഒ‍ാട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടിങ്, ഡ്രൈവ് മോഡ് സിലക്ടർ (ഒ‍ാൾവീൽ ഡ്രൈവ് വേരിയന്റിൽ) എന്നിങ്ങനെയാണ് ഫീച്ചർ ലിസ്റ്റുകൾ. ബെലീനോയിൽ കണ്ട തരത്തിലുള്ള ഹെഡ്‍അപ് ഡിസ്പ്ലേ ഇരുമോഡലിലും ഉണ്ട്. ഡിജിറ്റൽ മീറ്റർ കൺസോൾ രണ്ടു പേരുടെയും ഹൈബ്രിഡ് പതിപ്പിലേയുള്ളൂ. 

 

എൻജിൻ

 

Urban Cruiser Hyryder
Urban Cruiser Hyryder

സ്ട്രോങ് ഹൈബ്രിഡ്, മൈൽഡ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എൻജിൻ ഒ‍ാപ്ഷനുകളുണ്ട് ഇരുവർക്കും. മൈൽഡ് ഹൈബ്രിഡ് സിസ്റ്റം മാരുതിയുടെയും സ്ട്രോങ് ഹൈബ്രിഡ് ടെക്നോളജി ടൊയോട്ടയുടേതുമാണ്. 1.5 ലീറ്റർ ഫോർ സിലിണ്ടർ കെ15 സി ഡ്യൂവൽ ജെറ്റ് പെട്രോൾ എൻജിനാണ് മൈൽഡ് ഹൈബ്രിഡ് വേരിയന്റിൽ.6000 ആർപിഎമ്മിൽ 103.06 പിഎസ് ആണ് ഇരു മോഡലുകളുടെയും മൈൽഡ് ഹൈബ്രിഡ് മോഡലിന്റെ കൂടിയ കരുത്ത്. ടോർക്ക് 4400 ആർപിഎമ്മിൽ 136. 8 എൻഎമ്മും. നഗര, ഹൈവേ യാത്രകളിൽ മോശമല്ലാത്ത പ്രകടനം ഈ എൻജിൻ പുറത്തെടുക്കുന്നുണ്ട്. സ്മൂത്തും സൈലന്റുമാണ്. 5 സ്പീഡ് മാന്വൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഒ‍ാട്ടമാറ്റിക് ഗിയർബോക്സുകൾ ഈ എൻജിനു നൽകിയിട്ടുണ്ട്. 

 

1.5 ലീറ്റർ 3 സിലിണ്ടർ ടിഎൻജിഎ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എൻജിനും മോട്ടറും ബാറ്ററിയുമടങ്ങുന്നതാണ് ഹൈബ്രിഡ് സംവിധാനം. ടൊയോട്ടയുടെ പ്രസിദ്ധമായ ഹൈബ്രിഡ് ടെക്നോളജിയാണ് ഇതിൽ നൽകിയിരിക്കുന്നത്. മികച്ച ഇന്ധനക്ഷമതയും പെർഫോമൻസുമാണ് ഈ ഹൈബ്രിഡ് സിസ്റ്റത്തിന്റെ മേന്മകൾ. ബാറ്ററി പ്രത്യേകം ചാർജ് ചെയ്യേണ്ടതില്ലെന്നതാണ് എടുത്തു പറയേണ്ടത്. പെട്രോൾ എൻജിൻ പ്രവർത്തിക്കുമ്പോഴും റീ ജനറേറ്റീവ് ബ്രേക്കിങ് സംവിധാനമുപയോഗിച്ചുമാണ് (ബ്രേക്ക് ചെയ്യുമ്പോൾ കൈനറ്റിക് എനർജി ഇലക്ട്രിക് എനർജിയായി കൺവേർട്ട് ചെയ്യുന്നു) ബാറ്ററി ചാർജ് ചെയ്യുന്നത്. ചെറിയ വേഗത്തിൽ ബാറ്ററി കറന്റ് ഉപയോഗിച്ച് മോട്ടർ പ്രവർത്തിക്കും. കുതിപ്പു കൂടുതൽ വേണ്ടിവരുമ്പോൾ പെട്രോൾ എൻജിനിലേക്ക് ഒ‍ാട്ടമാറ്റിക്കായി മാറിക്കൊള്ളും.

 

എൻജിനും ഇലക്ട്രിക് മോട്ടറും കൂടി നൽകുന്ന മാക്സിമം ഒ‍ൗട്പുട്ട് 115. 56 പി എസാണ്. ബൂട്ടിൽ ഘടിപ്പിച്ചിരിക്കുന്ന ബാറ്ററിയിലാണ് ഇലക്ട്രിക് എനർജി സ്റ്റോർ ചെയ്യുന്നത്.     ടൊയോട്ടയുടെ ഫോർത്ത് ജനറേഷൻ ഹൈബ്രിഡ് സിസ്റ്റമാണ് ഇത്. മറ്റു ഹൈബ്രിഡ് സിസ്റ്റത്തിൽ എൻ‍െഎ എംഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഇതിൽ കൂടുതൽ ലൈറ്റും പ്രകടനക്ഷമത ഏറിയതുമായ 0.76 കിലോവാട്ട് അവറിന്റെ ലിഥിയം അയോൺ ബാറ്ററിയാണു നൽകിയിരിക്കുന്നത്. മൈൽഡ് ഹൈബ്രിഡ് വേരിയന്റിനെ നിയോ ‍‍ഡ്രൈവ് എന്നാണ് ടൊയോട്ട വിളിക്കുന്നത്. മാരുതി സ്മാർട്ട് ഡ്രൈവെന്നും. ഹൈബ്രിഡ് വേരിയന്റിനുഹൈബ്രിഡ് എന്നും സ്മാർട് ഇലക്ട്രിക് ഹൈബ്രിഡെന്നും. 

grand-vitara-hyrider1
ഹൈറൈഡറും ഗ്രാൻഡ് വിറ്റാരയും

ഡ്രൈവ്

 

പെർഫോമൻസിനെക്കാളും ഇന്ധനക്ഷമതയ്ക്കു പ്രാധാന്യം നൽകിയാണ് 1.5 ലീറ്റർ ഫോർ സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് എൻജിൻ ട്യൂൺ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ചെറുതായി അണ്ടർപവേർഡ് എന്നു തോന്നാം. എങ്കിലും സിറ്റിയിലും ഹൈവേയിലും മോശമല്ലാത്ത പെർഫോമൻസ് മാന്വൽ ഗിയർബോക്സ് വേരിയന്റ് പുറത്തെടുക്കുന്നുണ്ട്. മൈൽഡ് ഹൈബ്രിഡിൽ ഡ്രൈവിങ് കൂടുതൽ സുഖം 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഒ‍ാട്ടമാറ്റിക് ഗിയർബോക്സുള്ള മോഡലാണ്. സിറ്റി ഡ്രൈവ് വളരെ ഈസിയാണ്. ഗിയർ ഷിഫ്റ്റിങ്ങും മികച്ചത്. ആ വേരിയന്റിൽ പാഡിൽ ഷിഫ്റ്റും നൽകിയിട്ടുണ്ട്. മൈൽഡ് ഹൈബ്രിഡ് വേരിയന്റിലാണ് സുസുക്കിയുടെ ഒ‍ാൾവീൽ ഡ്രൈവ് സംവിധാനം നൽകിയിട്ടുള്ളത്.    കടുത്ത ഒ‍ാഫ്റോഡിങ്ങിനു സാധ്യമല്ലെങ്കിലും അത്യാവശ്യം വെല്ലുവിളി ഏറ്റെടുക്കാൻ ആ സംവിധാനം സജ്ജമാണ്. യാത്രാ സുഖവും ഹാൻഡ്‌ലിങ്ങുമെടുത്താൽ ഹൈറൈഡറിന്റെയും ഗ്രാൻഡ് വിറ്റാരയുടെയും മൈൽഡ് ഹൈബ്രിഡ് വേരിയന്റുകൾക്ക് അൽപം സോഫ്റ്റായ സസ്പെൻഷനാണ്. സുഖയാത്ര നൽകുന്നുണ്ടെങ്കിലും വളവുകളിൽ വീശുമ്പോൾ നേരിയ ബോഡി റോൾ ഉണ്ടെന്നു പറയാം. 

ഹൈബ്രിഡ് വകഭേദമാണ് ഡ്രൈവ് ചെയ്യാൻ മികച്ചത്. ചെറു വേഗത്തിൽ ബാറ്ററി കരുത്തിൽ നിശ്ശബ്ദനായി നീങ്ങിക്കൊള്ളും. ആക്സിലറേറ്റർ‌ കൊടുക്കുന്നതനുസരിച്ച് പെട്രോൾ എൻജിൻ കരുത്ത് എടുത്തു തുടങ്ങും. ബിഎച്ച്പി-ടോർക്ക് കണക്കു നോക്കിയാൽ കുറവായി തോന്നുമെങ്കിലും നല്ല കുതിപ്പ് ഹൈബ്രിഡ് മോഡൽ കാഴ്ചവയ്ക്കുന്നുണ്ട്. അൽപം സ്റ്റിഫ് ആയ സസ്പെൻഷൻ മികച്ച നിയന്ത്രണം ഉറപ്പു നൽകുന്നു. ഇ–സിവിടി ഗിയർബോക്സാണ്. മാറ്റങ്ങളിൽ ലാഗ് കാര്യമായി അറിയില്ല. വേണമെങ്കിൽ ഇവി മോഡിൽ രണ്ടു മോഡലിനെയും ഒ‍ാടിക്കാം. അതിനുള്ള സ്വിച്ച് പ്രത്യേകം നൽകിയിട്ടുണ്ട്. വളരെ കുറച്ചു കിമീ മാത്രമേ പറ്റുള്ളൂ എന്നു മാത്രം.

ഇന്ധനക്ഷമത

ഗ്രാൻഡ് വിറ്റാര-  സ്മാർട് ഹൈബ്രിഡ് മാന്വൽ ട്രാൻസ്മിഷന് 21.11 കിമീ, ഒ‍ാട്ടമാറ്റിക് ട്രാൻസ്മിഷന് 20.58 കിമീ, ഒ‍ാൾഗ്രിപ് മാന്വൽ ട്രാൻസ്മിഷന് 19.38 കിമീ. ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡിന് 27.97 കിമീ ആണ് മാരുതി പറയുന്ന ഇന്ധനക്ഷമത.

ഹൈറൈഡർ- നിയോ ഡ്രൈവ് മാന്വൽ് ട്രാൻസ്മിഷന് 21.12 കിമീ. ഒ‍ാട്ടമാറ്റിക് ട്രാൻസ്മിഷന് 20.58 കിമീ, ഒ‍ാൾവീൽ ഡ്രൈവ് മാന്വൽ ട്രാൻസ്മിഷന് 19.39 കിമീയും.  ഹൈബ്രിഡ് വേരിയന്റിന് 27.97 കിമീ.

വേരിയന്റ

ഗ്രാൻഡ് വിറ്റാരയ്ക്കു മൊത്തം 15 വേരിയന്റുകളുണ്ട്. പെട്രോൾ മാന്വൽ ട്രാൻസ്മിഷന് 7 വേരിയന്റുകൾ. ഇതിൽ രണ്ടു വേരിയന്റുകളിൽ ഒ‍‍ാൾവീൽ ഡ്രൈവ് സെറ്റപ്പുണ്ട്. 10.45 ലക്ഷമാണ് ബേസ് മോഡലിന്റെ വില. 17.05 ലക്ഷം ഉയർന്ന മോഡലിനും. സ്ട്രോങ് ഹൈബ്രിഡ് സിവിടി ട്രാൻസ്മിഷന് നാലു വേരിയന്റുകളുണ്ട്. 17. 99 ലക്ഷത്തിലാണു വില ആരംഭിക്കുന്നത്. ടോപ് വേരിയന്റിന് 19.65 ലക്ഷവും. 6 സ്പീഡ് ഒ‍ാട്ടമാറ്റിക്കിന് നാലു വേരിയന്റുകളുണ്ട്. 13. 40 ലക്ഷത്തിൽ വില ആരംഭിക്കുന്നു. ഉയർന്ന വേരിയന്റിന് 16.89 ലക്ഷം. പതിനാറ് വേരിയന്റുകളാണ് അർബൻ ക്രൂസർ ഹൈറൈഡറിനുള്ളത്. നിയോ ഡ്രൈവിന് 8 വേരിയന്റും ഹൈബ്രിഡിന് മൂന്നു വേരിയന്റും. നിയോ ഡ്രൈവിന്റെ വില ആരംഭിക്കുന്നത് 10.48 ലക്ഷത്തിലാണ്. ഒ‍ാൾവീൽ ഡ്രൈവ് ഉള്ള ഉയർന്ന വേരിയന്റിന് 17.39 ലക്ഷം. ഹൈബ്രിഡിന് 5 വേരിയന്റുകളുണ്ട്. 15.61 ലക്ഷത്തിലാണ് വില ആരംഭിക്കുന്നത്. ടോപ് എൻഡ് വേരിയന്റിന് 19.69 ലക്ഷം.

 

രണ്ടു പേരും തമ്മിൽ താരതമ്യം ചെയ്താൽ വിലയിൽ നേരിയ വ്യത്യാസമേയുള്ളൂ. ഹൈറൈഡറിന്റെ ബേസ് മോഡലിന് ഗ്രാൻഡ് വിറ്റാരയെക്കാളും 3000 രൂപ കൂടുതൽ. എന്നാൽ ഇരുവരുടെയും ടോപ് വേരിയന്റിന്റെ വില താരതമ്യം ചെയ്താൽ 4000 രൂപ കൂടുതൽ ഹൈറൈഡറിനുണ്ട്. 

വാറന്റി

 

മൂന്നു വർഷം അല്ലെങ്കിൽ ഒരുലക്ഷം കിമീ ആണ് ഹൈറൈഡറിന്റെ സ്റ്റാൻഡേർഡ് വാറന്റി. അഞ്ചു വർഷത്തേക്കോ അല്ലെങ്കിൽ 2.20 ലക്ഷം കിലോമീറ്ററിലേക്കോ വാറന്റി നീട്ടാവുന്നതാണ്. വാറന്റി കാലാവധിയിൽ 24x7 റോഡ് സൈഡ് അസിസ്റ്റൻസ് ടൊയോട്ട വാഗ്‍ദാനം ചെയ്യുന്നുണ്ട്.

രണ്ടു വർഷം അല്ലെങ്കിൽ 40,000 കിമീ ആണ് ഗ്രാൻഡ് വിറ്റാരയുടെ സ്റ്റാൻഡേർഡ് വാറന്റി. മൂന്നു വർഷം അല്ലെങ്കിൽ 60,000 കിലോമീറ്ററിലേക്ക് വാറന്റി നീട്ടിയെടുക്കാം. സ്ട്രോങ് ഹൈബ്രിഡ് വേരിയന്റിന്റെ ബാറ്ററിക്ക് 8 വർഷം അല്ലെങ്കിൽ 2.50 ലക്ഷം കിമീ റീപ്ലേസ്മെന്റ് വാറന്റി മാരുതി വാഗ്‍ദാനം ചെയ്യുന്നുണ്ട്. 8 വർഷം അല്ലെങ്കിൽ 1.60 കിമീ ആണ് ടൊയോട്ട ഹൈബ്രിഡ് ഹൈഡറിന്റെ ബാറ്ററിക്കു നൽകുന്ന വാറന്റി. 

ഫൈനൽ ലാപ്ടെക്നിക്കൽ ഭാഗം നോക്കിയാൽ ഇരുവരും തമ്മിൽ യാതൊരു മാറ്റമില്ല. ഒരേ പ്ലാറ്റ്ഫോമിൽതന്നെയാണ് ഇരുവരുടെയും നിർമാണം. എക്സ്റ്റീരിയർ, ഇന്റീരിയർ ഭാഗങ്ങളിലാണ് മാറ്റമുള്ളത്. ഇതിൽ ഇന്റീരിയറിൽ വലിയ മാറ്റമില്ലെന്നത് എടുത്തു പറയാം. ഘടകങ്ങൾ മാരുതി വാഹനങ്ങളുടേതാണെങ്കിലും മൊത്തത്തിൽ നോക്കിയാൽ ടൊയോട്ട വാഹനങ്ങളോടു സാമ്യമുള്ള ഫിനിഷാണ് ഇന്റീരിയറിനു നൽകിയിരിക്കുന്നത്. ഫീച്ചേ‍ഴ്സിലും യാത്രാ സുഖത്തിലും പെർഫോമൻസിലും ഒന്നും മാറ്റമില്ല. വിലയിലും വാറന്റിയിലുമാണ് ചെറിയ അന്തരമുള്ളത്. വാറന്റിയിൽ ടൊയോട്ടയാണ് കൂടുതൽ ഒ‍ാഫർ ചെയ്യുന്നത്. രണ്ടു മോഡലിലും നേരിയ വിലക്കുറവ് ഗ്രാൻഡ് വിറ്റാരയ്ക്കാണ്. പക്ഷേ സ്ട്രോങ് ഹൈബ്രിഡ് വേരിയന്റ് നോക്കുന്നവർക്ക് ഹൈറൈഡർ ഒരു ഒ‍ാഫർ വയ്ക്കുന്നുണ്ട്. സ്ടോങ് ഹൈബ്രിഡ് വേരിയന്റിൽ ആൽഫ പ്ലസ്, സീറ്റ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റും അവയുടെ ഡ്യൂവൽ ടോൺ ട്രിമ്മുമേ മാരുതിക്കുള്ളൂ. എന്നാൽ എസ്, ജി, വി എന്നിങ്ങനെ മൂന്നു വേരിയന്റും ഒപ്പം ജി, വി എന്നിവയുടെ ഡ്യൂവൽ ടോൺ ട്രിമ്മുമുണ്ട് ഹൈറൈഡറിന്. അതായത് കുറഞ്ഞ വിലയിൽ ഹൈബ്രിഡ് വേണമെങ്കിൽ ഹൈറൈഡറിന്റെ എസ് വേരിയന്റ് നോക്കാം എന്നു സാരം. സർവീസിന്റ കാര്യത്തിലാണ് ഇരുവരും തമ്മിലുള്ള മറ്റൊരു താരതമ്യം. സർവീസ് നെറ്റ്‍വർക്കിന്റെയും സർവീസ് കോസ്റ്റിന്റെയും കാര്യത്തിൽ ആരാണു മികച്ചതെന്ന് പ്രത്യേകിച്ച എടുത്തു പറയേണ്ടതില്ലല്ലോ. 

Englih Summary: Comparison Toyota Hyryder v/s Maruti Grand Vitara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com