6 ലക്ഷം രൂപയുടെ എസ്യുവികൾ; പോരാടാൻ എക്സ്റ്റർ, കരുത്ത് തെളിയിക്കാൻ പഞ്ച്
Mail This Article
ദിവസങ്ങള്‍ക്കു മുമ്പാണ് ഹ്യുണ്ടേയ് ഇന്ത്യന്‍ ചെറു എസ്യുവി വിപണിയിലേക്ക് പുതിയ താരമായി എക്സ്റ്ററിനെ അവതരിപ്പിച്ചത്. ബുക്കു ചെയ്യുന്നവര്‍ക്ക് ഓഗസ്റ്റില്‍ എക്സ്റ്റര്‍ സ്വന്തമാക്കാനാവും. അഞ്ചു വകഭേദങ്ങളിലായി മാനുവല്‍, ഓട്ടോമാറ്റിക്, സിഎന്‍ജി മോഡലുകളില്‍ എത്തിയ എക്സ്റ്റര്‍ വിലയിലും സൗകര്യങ്ങളിലും ടാറ്റയുടെ പഞ്ചുമായാണ് നേരിട്ടു മത്സരിക്കുന്നത്. എങ്ങനെയൊക്കെയാണ് പഞ്ചിന് എക്സ്റ്റര്‍ വെല്ലുവിളിയാവുന്നതെന്ന് നോക്കാം.
രൂപം
രൂപകല്പനയില് എക്സ്റ്ററിനും പഞ്ചിനും തനതായ സവിശേഷതകളും സമാനതകളുമുണ്ട്. ഇരു എസ്യുവികളിലും സ്പ്ലിറ്റ് ഹെഡ്ലാംപും മുന്നിലെ ഗ്രില്ലോടു ചേര്‍ന്ന് ഡേടൈം റണ്ണിങ് ലാംപുമാണുള്ളത്. വലിയ വീല്‍ ആര്‍ക്കുകളും പിന്നില്‍ കറുത്ത വീതിയേറിയ സ്കഫ് പ്രേറ്റും റൂഫ് റെയില്‍സും ഇരു മോഡലുകള്‍ക്കും സമാനമായുണ്ട്.
ഹ്യുണ്ടേയ് വാഹനങ്ങളില്‍ അധികം കണ്ടുപരിചയമില്ലാത്ത രൂപമാണ് എക്സ്റ്ററിന്റേത്. അയോണിക് 5 മോഡലുമായാണ് എക്സ്റ്ററിന്റെ മുന്‍ഭാഗത്തിന് സാമ്യതയുള്ളത്. എച്ച് ആകൃതിയിലുള്ള പിന്നിലെ ലാംപും സില്‍വര്‍ സ്കില്‍ പ്ലേറ്റും ഡ്യുവല്‍ എക്സ്ഹോസ്റ്റും എ, ബി പില്ലറുകളും എക്സ്റ്ററിനുണ്ട്.
സൗകര്യങ്ങള്‍
ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും കണക്ടു ചെയ്യാവുന്ന ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് എക്സ്റ്ററിലും പഞ്ചിലുമുള്ളത്. കണക്ടഡ് കാര്‍ ടെക്, കൂള്‍ഡ് ഗ്ലൗ ബോക്സ്, ക്ലൈമറ്റ് കണ്ട്രോള് എന്നിങ്ങനെ പല സൗകര്യങ്ങളും ഇരു മോഡലുകളിലുമുണ്ട്. എന്നാല്‍ സെഗ്മെന്റില്‍ തന്നെ ആദ്യമായി സണ്‍റൂഫ്, ഡാഷ് ക്യാം, ഷാര്‍ക്ക് ഫിന് ആന്റിന, ഫൂട്ട്വെല്‍ ലൈറ്റിംങ്, പാഡില്‍ ഷിഫ്റ്റേഴ്സ്, വയര്‍ലസ് ചാര്‍ജിങ് പോഡ് തുടങ്ങിയവയുമായാണ് എക്സ്റ്ററിന്റെ വരവ്. ഗ്രാന്‍ഡ് ഐ10 നിയോസ്, ഓറ എന്നീ വാഹനങ്ങളോടാണ് എക്സ്റ്ററിന്റെ ഉള്‍ഭാഗത്തിന് സാമ്യത.
സ്ഥലവും സുരക്ഷയും
3,815 എംഎം നീളം, 1,710എംഎം വീതി, 1,631എംഎം ഉയരവുള്ള ഹ്യുണ്ടേയ് എക്സ്റ്ററിന്റെ വീല്‍ ബേസ് 2,450 എംഎം ആണ്. 391 ലീറ്ററാണ് ബൂട്ട് സ്പേസ്. ടാറ്റ പഞ്ചിന്റെ നീളം 3,827എംഎമ്മും വീതി 1,742എംഎമ്മും ഉയരം 1,615എംഎമ്മും വീല്‍ബേസ് 2,445എംഎമ്മുമാണ്. നീളത്തിലും വീതിയിലും കൂടുതലുണ്ടെങ്കിലും പഞ്ചിന് 366 ലീറ്റര്‍ മാത്രമാണ് ബൂട്ട്സ്പേസുള്ളത്. അടിസ്ഥാന മോഡല്‍ മുതല്‍ ആറ് എയര്‍ ബാഗുകളുടെ സുരക്ഷയുണ്ട് എക്സ്റ്ററിന്. സെഗ്മെന്റില്‍ മറ്റാരും നല്‍കാത്ത സുരക്ഷയാണിത്.
എന്ജിന്
1.2 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണ് ടാറ്റ പഞ്ചിനുള്ളത്. 84.48bhp കരുത്തും പരമാവധി 113Nm ടോര്‍ക്കും പുറത്തെടുക്കാന്‍ സാധിക്കും പഞ്ചിന്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയർബോക്സ് യൂണിറ്റാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. എക്സ്റ്ററിനും 1.2 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണുള്ളത്. 81.8bhp കരുത്തും പരമാവധി 113.8Nm ടോര്‍ക്കും ഈ എന്ജിന് പുറത്തെടുക്കും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി യൂനിറ്റുമായാണ് എന്ജിന് ബന്ധിപ്പിച്ചിരിക്കുന്നത്.
ഒരു ബൈ ഫ്യുവല്‍ വേരിയന്റും എക്സ്റ്ററില്‍ ഹ്യുണ്ടേയ് അവതരിപ്പിച്ചിട്ടുണ്ട് ഈ എന്‍ജിനില്‍ പെട്രോളിന് പുറമേ സിഎന്‍ജിയും ഇന്ധനമായി ഉപയോഗിക്കാനാവും. ഈ എൻജിന് 67.7bhp കരുത്തും പരമാവധി 95.2Nm ടോര്‍ക്കുമാണ് പുറത്തെടുക്കാനാവുക. 5 സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് മാത്രമാണ് ഈ എന്‍ജിനുള്ളത്.
വില
ടാറ്റ പഞ്ചിന്റെ വില ആരംഭിക്കുന്നത് 5.99 ലക്ഷം രൂപ മുതലാണ്. ഏറ്റവും ഉയര്‍ന്ന മോഡലിന് 9.52 ലക്ഷം രൂപയാണ് വില. ഹ്യുണ്ടേയ് എക്സ്റ്ററിന്റെ വിവിധ മോഡലുകളുടെ വില 5.99 ലക്ഷം മുതല്‍ 9.99 ലക്ഷം രൂപ വരെയാണ്. 1.2 ലീറ്റര്‍ പെട്രോള്‍ മാനുവലിന് 5.99 ലക്ഷം മുതല്‍ 9.31 ലക്ഷം വരെയും 1.2 ലീറ്റര്‍ പെട്രോള്‍ എംഎംടിയുടെ വില 7.96 ലക്ഷംരൂപ മുതല്‍ 9.99 ലക്ഷം രൂപ വരെയുമാണ്. 8.23 ലക്ഷം രൂപ മുതല്‍ 8.96 ലക്ഷം രൂപ വരെയാണ് 1.2 ലീറ്റര്‍ സിഎന്‍ജി മോഡലിന്റെ വില.
English Summary: Hyundai Exter Vs Tata Punch – Price, Powertrain, Features & More Comparison