മൊപ്പെഡുകൾ... നിങ്ങൾ സ്വപ്നകുമാരികളല്ലോ...
Mail This Article
ജീവിതം യൗവന സുരഭിലവും വാഹനങ്ങൾ അസുലഭ സുന്ദരവുമായിരുന്ന ആ കാലഘട്ടങ്ങൾ... അമ്പതുകൾ മുതൽ എൺപതുകളുടെ പാതി വരെ. ഇരു ചക്രങ്ങളിലേറി ‘പറക്കാ’നുള്ളവരുടെ മോഹങ്ങൾ നിറവേറ്റാൻ സൈക്കിളുകളേ ഉള്ളൂ. പിന്നെ പണമുള്ളവർക്കായി എണ്ണം പറഞ്ഞ സ്കൂട്ടറുകളും ബൈക്കുകളും മാത്രം. ബുള്ളറ്റ്, ജാവ, രാജ് ദൂത്... ബൈക്ക് നിര തീർന്നു. സ്കൂട്ടറുകൾ അക്കാലത്ത് വെസ്പ എന്ന ബജാജ്, ലാംബ്രെട്ട എന്ന ലാംബി. ഇത്രയൊക്കേയുള്ളൂ. ലാംബ്രട്ടയുടെ തന്നെ മറ്റൊരു വകഭേദം വിജയ് സൂപ്പറായും ആൽവിൻ പുഷ്പക്കായും എഴുപതുകളുടെ അവസാന കാലത്ത് പുഷ്പിച്ചു നിന്നിരുന്നു.
ഈയാംപാറ്റകൾ പോലെ മൊപ്പെഡുകൾ
അക്കാലത്ത് യുവാക്കളുടെ ഇരുചക്രമോഹങ്ങൾക്കു ഭംഗമേകാതെ കാത്തിരുന്നത് ഇന്നത്തെ തലമുറയ്ക്ക് അപരിചിതമായ മൊപ്പെഡുകൾ എന്ന വാഹനങ്ങളാണ്. ഒതുക്കമുള്ള, വില കുറഞ്ഞ, ഇന്ധനം കുറച്ചു മാത്രം കുടിക്കുന്ന വാഹനങ്ങൾ. 22 സി സി മുതൽ 50 സി സി വരെ ശേഷിയിൽ ധാരാളം മോഡലുകൾ. എന്നാൽ ഈയാംപാറ്റകൾ പോലെ കൂട്ടമായെത്തി പെട്ടെന്നു ചത്തൊടുങ്ങിയ വാഹന വിഭാഗം കൂടിയാണ് മൊപ്പെഡുകൾ. എൺപതുകളുടെ തുടക്കത്തിലാരംഭിച്ച 100 സി സി വിപ്ലവത്തിൽ മൊപ്പെഡുകളുടെ ആയുസ്സറ്റു. 100 സി സി കുതിപ്പിൽ പ്രസക്തി നഷ്ടപ്പെട്ട്, ലക്ഷ്യബോധമില്ലാതെ മൊപ്പെഡുകൾ ‘മരിക്കുക’യായിരുന്നു. ലക്ഷക്കണക്കിനിറങ്ങിയ ഈ ചെറു വാഹനങ്ങളുടെ ശേഷിപ്പുകൾ ഇന്നു പഴമക്കാരുടെ മനസ്സുകളിൽപോലും വിരളം. വളരെ കുറച്ച് വാഹനങ്ങൾ ചില ശേഖരങ്ങളിൽ കണ്ടെത്തിയേക്കാം. മൺമറഞ്ഞെങ്കിലും ഒരു തലമുറയെ മുഴുവൻ ത്രസിപ്പിച്ച ഈ വാഹനങ്ങൾ ഏതൊക്കെ? തെല്ലു തമസ്കരിക്കപ്പെട്ട ഇരുചക്രവാഹന ചരിത്രത്തിലെ ഒരു ഏടിലേക്ക് തിരിച്ചുപോക്ക്.
മൊപ്പെഡുകൾ എന്താണ്, എന്തിനാണ്?
സ്വാതന്ത്ര്യാനന്തര ഇന്ത്യ. ലൈസൻസ് രാജ് കാലം. ഇന്നു ചിന്തിക്കാൻ പോലും സാധിക്കാത്തത്ര വിധം അക്കാലം നിയന്ത്രിതമായിരുന്നു. എന്തു നിർമിക്കാനും ഇന്നത്തെപ്പോലെ തന്നെ ലൈസൻസ് വേണം, എന്നാൽ ലൈസൻസികളുടെ എണ്ണം നിയന്ത്രിക്കപ്പെട്ടിരുന്നു. അതായത്, കാറുണ്ടാക്കാൻ ലൈസൻസ് നൽകിയിരുന്നത് വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾക്കു മാത്രം. ഹിന്ദുസ്ഥാൻ മോട്ടോഴ്സ്, പ്രീമിയർ ഓട്ടമൊബീൽസ്, സ്റ്റാൻഡേർഡ് മോട്ടർ കമ്പനി. ഈ മൂന്നു സ്ഥാപനങ്ങൾ മാത്രമാണ് കാറുണ്ടാക്കിയിരുന്നത്. അതേപോലെ തന്നെ ബസുകളും ട്രക്കുകളും സ്കൂട്ടറുകളും ബൈക്കുകളുമെല്ലാം എൺപതുകളുടെ തുടക്കം വരെ നിയന്ത്രിതമായാണ് നിർമിച്ചിരുന്നത്. ഒരു ഇരുചക്രവാഹനം വാങ്ങണമെങ്കിലും ബുദ്ധിമുട്ടാണ്. പണമുണ്ടെങ്കിലും ബുള്ളറ്റും ജാവയും രാജ് ദൂതുമൊന്നും കിട്ടില്ല.സ്കൂട്ടർ ശ്രേണിയിലെ വെസ്പയോ ലാംബ്രട്ടയോ സ്വന്തമാക്കണമെങ്കിലും ബുക്ക് ചെയ്ത് 25 വർഷമെങ്കിലും കാത്തിരിക്കണം. പഴയതൊന്നു വാങ്ങാമെന്നു വച്ചാൽ പുതിയതിനെക്കാൾ വില. എന്തൊരു കഷ്ട‘കാലം’...
ലൈസൻസ് രാജിൽ ലൈസൻസ് ഇല്ലാതെ
ഇക്കാലഘട്ടത്തിൽ സാധാരണക്കാരനായി ലൈസൻസ് ഇല്ലാത്ത ഒരു ഇരുചക്രവാഹനം. മൊപ്പെഡുകൾ ഇന്ത്യയിൽ ജനിക്കാൻ കാരണമായത് ഈ ചിന്താധാരയാണ്. 50 സി സിയിൽ താഴെ 22 സി സി വരെ എൻജിൻ ശേഷിയുള്ള മൊപ്പെഡുകൾക്ക് ലൈസൻസ് വേണ്ടായിരുന്നു. സൈക്കിളിലും വലുതാണ്, എന്നാൽ സ്കൂട്ടറിന്റെയോ മോട്ടർ സൈക്കിളിന്റെയോ വലുപ്പമോ പകിട്ടോ ഇല്ല. ലാളിത്യം മുഖമുദ്ര. ചവിട്ടാൻ പെഡലുകളുണ്ട്. പെഡൽ ചവിട്ടിയാണ് സ്റ്റാർട്ടിങ്. വലിയ കയറ്റം വന്നാൽ കുഞ്ഞു പെട്രോൾ എൻജിൻ വലിക്കില്ല, ചവിട്ടി സഹായിക്കാം. ചവിട്ടിയും യന്ത്രങ്ങളാൽ ചലിച്ചും മണ്ടുന്ന മൊപ്പെഡ് വളരെപ്പെട്ടെന്ന് പതിവു കാഴ്ചയായി.
ലാംബ്രട്ടയിലുണ്ടായ ലക്ഷ്മീകടാക്ഷം
1948 ൽ ബ്രിട്ടിഷ് കമ്പനിയായ റൂട്സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ മുംബൈയിൽ സ്ഥാപിതമായ ഓട്ടമൊബീൽ പ്രൊഡക്ട്സ് ഓഫ് ഇന്ത്യ (എപിഐ)യാണ് ഇന്ത്യയിലെ ആദ്യ മൊപ്പെഡ് നിർമിച്ചതെന്നു വേണം കരുതാൻ. അതിനു മുമ്പ് യൂറോപ്പിൽനിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത് വിറ്റിട്ടുള്ള സ്ഥാപനങ്ങളും മൊപ്പെഡുകളുമുണ്ടായിരിക്കാം. എന്നാൽ വ്യവസ്ഥാപിതമായി ആദ്യം മൊപ്പെഡുണ്ടാക്കിയത് എപിഐയാണ്. ഇറ്റലിയിലെ ഇന്നസെന്റിയുടെ ലൈസൻസിൽ നിർമിച്ച ലാംബ്രട്ട 48. ആദ്യകാലത്ത് ഇറക്കുമതി ചെയ്തും ഘടകങ്ങൾ യോജിപ്പിച്ചും ഇറക്കിയ ലാംബ്രട്ട പിന്നീട് പല ലൈസൻസികൾക്കായി നിർമാണക്കരാറും വിൽപനക്കരാറും നൽകി. അതിൽ ഏറ്റവും പ്രശസ്തരായ നിർമാതാക്കളാണ് കിർലോസ്കർ വസന്ത് റാവു ഘാട്ഗെ (കെജിപി). ലക്ഷ്മീദേവിയുടെ നാമത്തിൽ ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് ഇവർ ലാംബ്രട്ട 48 ഇറക്കി. മോറീസ്, ലാംബ്രട്ട കമ്പനികളുടെ വിതരണക്കാരും ട്രാൻസ്പോർട്ടിങ് ശൃംഖല ഉടമകളുമായിരുന്ന കെജിപിയുടെ പ്രഥമ വാഹനനിർമാണ പദ്ധതികൾ വിപുലമായിരുന്നു.
ലക്ഷ്മീദേവി കനിഞ്ഞില്ല
ബ്രിട്ടിഷ് ഉടമസ്ഥതയിൽനിന്ന് എം.എ.ചിദംബരം ഗ്രൂപ്പ് സ്വന്തമാക്കിയ എപിഐക്ക് ഇറ്റലിയിലെ ഇന്നസെന്റിയിൽനിന്ന് മൂന്നു ചക്രവും ഇരുചക്രവും വാഹനങ്ങളുണ്ടാക്കാൻ സർക്കാർ ലൈസൻസ് ലഭിച്ചത് ഇക്കാലത്താണ്. ഇതിൽ ഏറ്റവും ചെറിയ ലാംബ്രട്ട 48 ഇതിനകം കോലാപgരിൽ വ്യാപകമായി കെജിപി ഗ്രൂപ്പ് നിർമിക്കാനാരംഭിച്ചിരുന്നു. 1972 മുതൽ 74 വരെ കാൽ ലക്ഷം ലക്ഷ്മികൾ നിർമfക്കാൻ ലക്ഷ്യമിട്ട പദ്ധതി പക്ഷs തെല്ലു പാളി. ഉദ്ദേശിച്ചത്ര നിർമാണം നടന്നില്ലെന്നു മാത്രമല്ല, ഉടമയായ വസന്ത റാവു ഘാട്കെയുടെ മരണത്തോടെ ലക്ഷ്മി മൊപ്പെഡ് വിട പറഞ്ഞു. ഇതോടെ മറ്റൊരു ലൈസൻസിയായ എപിഐ ഈ ചുമതല ഏറ്റെടുത്തു. മൊപ്പെഡ് ജനകീയമാക്കുന്നതിൽ എപിഐ ലാംബ്രട്ട 48, ലക്ഷ്മി 48 എന്നീ വാഹനങ്ങളുടെ പങ്ക് നിർണായകമാണ്. അവസാന കാലത്ത് കാര്യമായ രൂപകൽപനാമാറ്റങ്ങളും ഇരുയാത്രികർക്കുള്ള സീറ്റുമൊക്കെയായി മൊപ്പെഡിറക്കിയെങ്കിലും അപ്പോഴേക്കും വിപണിയുടെ രീതികൾ മാറി മറിഞ്ഞു. കൂടുതൽ സ്കൂട്ടറുകളും മോട്ടർസൈക്കിളുകളും മൊപ്പെഡുകളും എത്തിയതോടെ ലാംബ്രട്ട 48 എന്ന കുഞ്ഞൻ വിജയം കണ്ടില്ല.
ഫ്രാൻസിൽനിന്നു തിരുപ്പതിയിലേക്ക്
മൊപ്പെഡുകളുടെ ലോക ചരിത്രം യൂറോപ്പിലാണ് ആരംഭിക്കുന്നത്. രണ്ടാം ലോകയുദ്ധത്തിനു ശേഷമുണ്ടായ സാമ്പത്തിക മാന്ദ്യം യൂറോപ്പിൽ മൊപ്പെഡുകൾക്ക് വളക്കൂറുള്ള മണ്ണായി. വിലയും ഉപയോഗച്ചെലവും കുറവായിരുന്ന മൊപ്പെഡുകൾ ഒരുകാലത്ത് യൂറോപ്യൻ നിരത്തുകളിൽ സൈക്കിളുകളെക്കാൾ പെരുകി. അത്തരമൊരു മൊപ്പെഡ് നിർമാതാക്കളായിരുന്ന മോട്ടോബെക്കെയുടെ മോബിലൈറ്റായിരുന്നു ഏറ്റവും ജനപ്രിയം. 1948 ൽ ആദ്യമായിറങ്ങി 1997 വരെ വിവിധ മോഡലുകളായി 1.5 കോടി മോബിലൈറ്റുകൾ ഇറങ്ങി. ഇതിൽ ഏറ്റവും ആദ്യമിറങ്ങിയ മോബിലൈറ്റ് 50 യാണ് സുവേഗ സൂപ്പർ 50 എന്ന പേരിൽ ഇന്ത്യയിലിറങ്ങിയത്. ഒറ്റനോട്ടത്തിൽ ഒരു തടിയൻ സൈക്കിൾ എന്നു തോന്നിപ്പിച്ചിരുന്ന സുവേഗ ഫ്രഞ്ച് വിപ്ലവവേഗത്തിൽ ഇന്ത്യയിൽ പടർന്നു പിടിച്ചു.
സുവേഗം സുവേഗ...
സെക്കിളിന്റെ ഫ്രെയിം. തെല്ലു വണ്ണം കൂടിയെങ്കിലും സമാനമായ വീലുകൾ. ഒരൊറ്റ സൈക്കിൾ സീറ്റ്. പിന്നിൽ കാരിയർ. സൂക്ഷിച്ചു നോക്കിയാൽ മാത്രം കണ്ടെത്താവുന്ന രണ്ടു സൈക്കിളേതര മാറ്റങ്ങൾ, ഒന്ന് സീറ്റിനു താഴെ പതിയിരിക്കുന്ന പെട്രോൾ ടാങ്ക്. രണ്ട് പെഡലിനടുത്ത് ചെറിയൊരു എൻജിൻ. 49 സി സി രണ്ടു സ്ട്രോക്ക് സിംഗിൾ സിലണ്ടർ എൻജിൻ. പരമാവധി 64 കി മീ വരെ വേഗം. സിവിടി ഓട്ടമാറ്റിക് ട്രാൻസ് മിഷൻ. ലാളിത്യമായിരുന്നു സുവേഗ സൂപ്പർ 50യുടെ കൈമുതൽ. ഈ ലാളിത്യം ജനം ഏറ്റെടുത്തു. സുവേഗ പെരുകി. ഷോലവാരം റേസിങ്ങിൽ 50 സി സി വിഭാഗത്തിൽ വരെ മത്സരിച്ചിട്ടുണ്ട് സുവേഗ. 1988 ൽ കമ്പനി പൂട്ടും വരെ സുവേഗകൾ നിരത്തിലും ജനഹൃദയങ്ങളിലും പ്രായോഗികതയുടെ പര്യായമായി ഓടി. ഇതിനിടെ സുവേഗ 717, സുവേഗ സാമ്രാട്ട്, സുവേഗ സൂപ്പർ ഡീലക്സ് എന്നീ മോഡലുകളുമിറങ്ങി. മോട്ടർ സൈക്കിളുകൾക്ക് തുല്യമായ ടാങ്കുണ്ടായിരുന്ന സാമ്രാട്ട് ഇന്ത്യയിൽ വികസിപ്പിച്ചെടുത്തതാണ്.
ചൽ മേരി ലൂണ...
സുവേഗ ജനപ്രീതിയേകിയ വിപ്ലവത്തിന് ആവേഗം കൂട്ടിയത് കൈനറ്റിക്കും ടിവിഎസുമാണ്. ഹമാരാ ബജാജ് എന്നതുപോലെ ഒരു കാലത്ത് നാവിലൂറിയിരുന്ന ടെലിവിഷൻ പരസ്യവാചകമാണ് ചൽ മേരി ലൂണ. പിയൂഷ് പാണ്ഡെ എന്ന എക്കാലത്തെയും പരസ്യ രാക്ഷസന്റെ ആദ്യകാല വാചകങ്ങൾ. ചൽ മേരി ഘോഡേ എന്ന പ്രശസ്ത ഹിന്ദിഗാനത്തിൽ നിന്നുരുത്തിരിഞ്ഞുവന്ന വാക്യം. പാണ്ഡെയുടെ ആദ്യ പ്രഫഷനൽ പ്രോജക്ട് കൂടിയായിരുന്നു ലൂണ. 1972 ൽ കൈനറ്റിക് എൻജിനീയറിങ് 50 സിസി ലൂണ ആദ്യമായിറക്കി.
പക്കാ വാദാ...
ലൂണ പോലെ തന്നെ മറക്കാനാവില്ല അന്നത്തെ പരസ്യങ്ങളും. സാധാരണക്കാരായിരുന്നു അതിലെ കഥാപാത്രങ്ങൾ. ഒരു സർക്കാർ ഉദ്യോഗസ്ഥൻ, ഡോക്ടറാകാൻ പഠിക്കുന്ന യുവതി, കാമുകിയെക്കാണാൻ എന്നും വൈകുന്ന യുവാവ്... ഇവർക്കെല്ലാം ലൂണ ഉറപ്പു നൽകുന്നു. കുറഞ്ഞ വിലയിൽ കൂടുതൽ ഈട്... (ലൂണ കർത്തി പക്കാ വാദാ, ഖർചാ കം, മജ്ബൂദി സ്യാദാ...). ഫിറോദിയ ഗ്രൂപ്പാണ് നിർമാതാക്കൾ. വെസ്പയുമായുള്ള പങ്കാളിത്തത്തിൽ ബജാജിനൊപ്പം നിന്നവരാണിവർ. പിന്നീട് കിഴക്കൻ ജർമനിയിലെ ഹാനിമോഗുമായിച്ചേർന്ന് മറ്റഡോർ ടെംപോയും ജർമനികൾ ലയിച്ചപ്പോൾ മെഴ്സിഡീസുമായി ചേർന്ന് എൻജിൻ ഘടകങ്ങളുമൊക്കെ നിർമിച്ചവർ. ഹോണ്ടയുമായിച്ചേർന്ന് കൈനറ്റിക് ഹോണ്ടയെന്ന ആദ്യ ഗിയർലെസ് സ്കൂട്ടർ ഇറക്കിയ സ്ഥാപനം. എഴുപതുകളിൽ മൊപ്പെഡുകളുടെ സാധ്യത മനസ്സിലാക്കി ഫിറോദിയ പോയത് ഇറ്റലിയിലേക്കാണ്. സമീപിച്ചത് പഴയ പരിചയക്കാരായ വെസ്പയെത്തന്നെ. പിയാജിയോയുടെ സിയാവോയാണ് ആദ്യമായി ഇന്ത്യയിലിറങ്ങിയ ലൂണ.
രൂപഗുണം, കാര്യശേഷി
വ്യത്യസ്തമായ രുപവും സാങ്കേതികതയും ലൂണയെ വൻ വിജയമാക്കി. അന്നത്തെ പരസ്യ ടാഗ്‌ലൈനുകൾ പറയും പോലെ ‘സഫലതാ കാ സവാരി’യായി ലൂണ. വെസ്പ സ്കൂട്ടറുകളെപ്പോലെതന്നെ പൂർണമായും കവചിതമായ എൻജിനും ഡ്രൈവ് ട്രെയിനുമാണ് മുഖ്യപ്രത്യേകത. ചെയിനു പകരം കൂടുതൽ കാര്യക്ഷമമായ ബെൽറ്റ് ഡ്രൈവ്. സിവിടി ഓട്ടമാറ്റിക്. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകൾ. നല്ലൊരു ഡൈനാമോ. ചില മോഡലുകൾക്ക് 6 വോൾട്ട് ബാറ്ററി പിന്നീടു വന്നു. 40 കിലോ തൂക്കം. അത്യാവശ്യവശാൽ സൈക്കിൾ പോലെ പൊക്കിയെടുത്തു മാറ്റാം. 2.8 ലീറ്റർ ടാങ്ക് ഫുൾ അടിച്ചാൽ 140 കിലോമീറ്റർ ഓടും. പരമാവധി വേഗം 45 കി മീ. ലൂണ തരംഗമായി. രണ്ടായിരാമാണ്ടു വരെ പലതരം ലൂണകൾ ഇറങ്ങി. ലൂണ ടിഎഫ്ആർ പ്ലസ്, ഡബിൾ പ്ലസ്, വിങ്സ്, മാഗ്നം, സൂപ്പർ...
തമിഴന്റെ ടിവിഎസ് എക്സ്പ്രസ്
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ബസ് സർവീസുമായി വാഹന വ്യവസായ രംഗത്തെത്തിയ ടി.വി.സുന്ദരം അയ്യങ്കാർ പിന്നീട് ഈ രംഗത്തെ മുടിചൂടാമന്നന്മാരായി. ടിവിഎസ് സുസുക്കി എന്ന പേരിൽ ജപ്പാനിലെ സുസുക്കിയുമായിച്ചേർന്ന് 100 സി സി ബൈക്കുകൾ 1982 ൽ ആദ്യമായി ഇറക്കിയ ടിവിഎസ് ഇരുചക്രവ്യവസായരംഗത്ത് തുടക്കമിട്ടത് ടിവിഎസ് 50 എന്ന മൊപ്പെഡുമായാണ്. ബ്രിട്ടനിലെ ക്ലേയ്റ്റൻ ഹോൾഡിങ്സുമായിച്ചേർന്ന് ബ്രേക്ക്, എക്സ്ഹോസ്റ്റ്, കംപ്രസറുകൾ, അലൂമിനിയം, മഗ്നീഷ്യം കാസ്റ്റിങ്ങുകൾ എന്നിവ നിർമിച്ചുണ്ടായ പരിചയം ചെറിയൊരു ഇരുചക്രവാഹന നിർമാണത്തിലേക്ക് ടിവിഎസിനെ വളർത്തി.
ഹോളണ്ടിൽ നിന്നൊരുത്തൻ
ഇക്കാലത്താരും അധികം കേട്ടിട്ടില്ലാത്ത നെതർലൻഡ്സ് കമ്പനിയായ ബാറ്റാവൂസ്. 1904 മുതൽ ക്ലോക്കും വാച്ചും സൈക്കിളുകളും നിർമിച്ചിരുന്ന സ്ഥാപനം ഏഴുപതുകളിൽ ചെറു ബൈക്കുകളും മൊപ്പെഡുകളും ഉണ്ടാക്കിത്തുടങ്ങി. ഹോളണ്ടിൽ മാത്രമല്ല, യൂറോപ്പിലൊക്കെയും അമേരിക്കയിലും ഈ വാഹനങ്ങൾ ജനപ്രീതി നേടി. എൺപതുകളിൽ ബാറ്റാവൂസ് സാങ്കേതികത ടിവിഎസിലൂടെ ഇന്ത്യയിലിറങ്ങി. അനേകം ബാറ്റാവൂസ് മോഡലുകളുണ്ടായിരുന്നതിൽ ഏതാണ് ടിവിഎസ് ഏറ്റെടുത്തതെന്ന് കൃത്യമായ ധാരണയില്ലെങ്കിലും രൂപവും കാലഘട്ടവും വച്ചു നോക്കുമ്പോൾ ബാറ്റാവൂസ് ബിംഗോ എന്ന 1975 മോഡൽ സിംഗിൾ സീറ്റർ മൊപ്പെഡാണ് ടിവിഎസ് ഇറക്കിയതെന്ന് അനുമാനിക്കാം. ടിവിഎസ് 50 അങ്ങനെ 1979 ൽ യാഥാർഥ്യമായി.
രണ്ടാളെ കയറ്റിയ മൊപ്പെഡ്
ബിംഗോയിൽ പിടിച്ചു കയറി സ്വയം വികസനം ആരംഭിച്ച ടിവിഎസ് പിന്നീട് കൂടുതൽ മോഡലുകളിറക്കി. രണ്ടു പേരെ ആദ്യം മൊപ്പെഡിലേറ്റിയതിന്റെ മികവും ടിവിഎസിനാണ്. ടി.വി.സുന്ദരം അയ്യങ്കാരുടെ ഇളയ പുത്രനും വേണു ശ്രീനിവാസന്റെ പിതാവമായിരുന്ന ടി.എസ്. ശ്രീനിവാസന്റെ സ്വപ്നങ്ങൾ വിചിത്രങ്ങളായിരുന്നു. അതിലൊന്ന് രണ്ടു യാത്രക്കാരെയും വഹിച്ച് വെങ്കിടേശ്വര സന്നിധിയായ തിരുപ്പതിയിലേക്ക് ഓടിച്ചു കയറ്റാവുന്ന ഒരു ചെറു വാഹനം. അതാണ് ആദ്യ ടിവിഎസ് രണ്ടു സീറ്റ് മൊപ്പെഡ്. ഇന്നും ആനപ്പൊക്കത്തിൽ ലോഡ് കയറ്റി വലിഞ്ഞു നീങ്ങുന്ന ടിവിഎസ് തമിഴ്നാട്ടിലെ സാധാരണ കാഴ്ച.
നടപ്പിലും ലാഭം മോഫ
2995 രൂപയ്ക്ക് ഒരു റോയൽ എൻഫീൽഡ് മോഫ മൊപെഡ് വാങ്ങിയാൽ നടക്കുന്നതിലും ലാഭമാണെന്ന് പരസ്യവാചകം. മൊപ്പെഡുകളുടെ അവസാന കാലഘട്ടമായ എൺപതുകളിൽ വന്ന മോഫയ്ക്ക് വെറും 22 സിസി. പ്രശസ്തമായ ഇറ്റാലിയൽ റേസിങ് ബൈക്ക് നിർമാതാക്കളായ മോർബിഡെല്ലി വികസിപ്പിച്ചെടുത്ത സൂപ്പർ ക്യൂട്ട് മൊപ്പെഡ്. ഒറ്റ നോട്ടത്തിൽ സൈക്കിളെന്നു തോന്നിപ്പിക്കുന്ന മോഫയുടെ ഇന്ധന ടാങ്ക് ഫ്രേമിനുള്ളിൽത്തന്നെയാണ്. ഒരു ബിഎച്ച്പി തികച്ചില്ല, 0.8 ബിഎച്ച്പി. അതുകൊണ്ടു തന്നെ നിരപ്പായ റോഡിലേ മോഫ തിളങ്ങൂ. വനിതകൾക്കും വിദ്യാർഥികൾക്കും പ്രിയങ്കരമായ വാഹനം തമിഴ്നാട്ടിലാണ് കൂടുതൽ ഇറങ്ങിയത്. കൊച്ചു ബൈക്കുകളിൽ റോയൽ എൻഫീൽഡിന്റെ ആദ്യ പരീക്ഷണമായിരുന്നു മോഫ.
എൻഫീൽഡിനെ രക്ഷിക്കാൻ സുന്ദാപ്
എൻഫീൽഡിന്റെ മൊപ്പെഡ് കഥ മോഫയിൽ അവസാനിക്കുന്നില്ല. 100 സി സി ബൈക്കുകൾ ഇന്ധനക്ഷമതയിലും ഉപയോഗക്ഷമതയിലും പിന്നിലായിരുന്ന ബുള്ളറ്റിനു ഭീഷണിയായപ്പോൾ നിലനിൽപിനായി റോയൽ എൻഫീൽഡ് ലോകമാകെ പരതി. സഹായം ലഭിച്ചത് ജർമനിയിൽ നിന്ന്. നാത്‌സികൾ കുപ്രസിദ്ധമാക്കിയ ന്യൂറംബർഗ് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ബൈക്ക് നിർമാതാക്കളായ സുന്ദാപ് ചെറിയതെങ്കിലും മികവു പുലർത്തിയ കുറെ ബൈക്കുകൾ എൻഫീൽഡിനു നൽകി. സ്റ്റെപ് ത്രൂ മൊപ്പഡായ സിൽവർ പ്ലസ് 50, എക്സ്പ്ലോറർ, 175 സി സി ഫ്യൂറി. ഗുണമേന്മയിലും ഉപയോഗക്ഷമതയിലും മികച്ചവയെങ്കിലും കമ്പനിക്കു പൊതുവെ സംഭവിച്ച തകർച്ചയിൽ ഈ വാഹനങ്ങൾ അന്യം നിന്നു. പിന്നീട് എസ്കോർട്സ് ഏറ്റെടുത്തപ്പോഴും ശ്രദ്ധ ക്ലാസിക് ബുള്ളറ്റ് 350യിൽ ആയതിനാലും മാറിവന്ന സാഹചര്യങ്ങളിൽ മൊപ്പെഡുകൾക്ക് പ്രസക്തിയില്ലെന്നതിനാലും ഈ വാഹനങ്ങൾ പുനർജനിച്ചില്ല.
മൊപ്പെഡുകളിലെ സിൽവർ സ്റ്റാൻഡേർഡ്
1977 ൽ ജർമനിയിൽ ഇറങ്ങിയ സുന്ദാപ് സി ഡി 20യുടെ വകഭേദമായ സിൽവർ പ്ലസ് മൊപ്പെഡുകളുടെ രാജാവായിരുന്നു. ശക്തിയിലും രൂപഭംഗിയിലും ഈടിലും ജർമൻ നിലവാരം. ഗീയറുണ്ടായിരുന്നു എന്നതാണ് സിൽവർ പ്ലസിന്റെ മുഖ്യമികവ്. 2 സ്പീഡ് ഹാൻഡ് ഓപ്പറേറ്റഡ് ഗിയർ പിൽക്കാലത്ത് 3 സ്പീഡായി. വാഹനത്തിന്റെ ക്യുബിക് കപ്പാസിറ്റിയും 50 ൽ നിന്ന് 65 ആയി ഉയർത്തി. രണ്ടു സീറ്റും വലിയ ബൈക്കുകൾക്കു ചേർന്ന സൗകര്യങ്ങളുമുണ്ടായിരുന്ന സിൽവർ പ്ലസ് തിളങ്ങി.
ബൈക്കിനൊക്കുന്ന മൊപ്പെഡ്: എക്സ്പ്ലോറർ
ബൈക്കാണോ മൊപ്പെഡാണോ എന്നു സംശയിപ്പിക്കുന്ന രൂപവും പ്രകടനവും. കാഴ്ചയിൽ സ്കെയിൽ ഡൗൺ മോട്ടർ സൈക്കിൾ. 3 സ്പീഡ് ഫുട് ഓപ്പറേറ്റഡ് ഗീയർ. ബുള്ളറ്റ് എക്സ്പ്ലോറർ പുതിയൊരു വിഭാഗത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു. മൊപ്പെഡുകളുടെ അപ് ഗ്രേഡ്. പിന്നീടു കുറെക്കാലം ഇത്തരം വലുപ്പം കൂടിയ മൊപ്പെഡുകളുടെ കാലഘട്ടമായിരുന്നു.
സ്കൂട്ടറൈറ്റുകളും മിനി മോട്ടർ സൈക്കിളും
കാലം മാറിയപ്പോൾ പെഡലുകളുള്ള മൊപ്പെഡ് കുറച്ചിലായിത്തുടങ്ങിയ യുവതലമുറയ്ക്കായി സ്കൂട്ടറൈറ്റുകളും മിനി മോട്ടർ സൈക്കിളുകളും വ്യാപകമായി ഇറങ്ങിത്തുടങ്ങി. ബജാജ് സണ്ണി, ബജാജ് എം 50, 80, ടിവിഎസ് സ്കൂട്ടി, ഹീറോ സ്ട്രീറ്റ്, എൻഫീൽഡ് എക്സ്പ്ലോറർ, ഫ്യൂറി, ഹീറോ പുക്ക്, കൈനറ്റിക് സ്പാർക്ക്, യമഹ ടോറോ ജാസ്, ടോറോ റോസോ, അവാന്തി ഗരേലി, പെഷോ സ്പോർട്ടിഫ്, വിക്കി മൊപ്പെഡ് എന്നിങ്ങനെ അനേകം വാഹനങ്ങൾ മൊപ്പെഡുകളുടെ അനന്തരാവകാശികളായി കുറച്ചു നാൾ കൂടി വാണു. എൺപതുകളുടെ പകുതിയിൽ ജാപ്പനീസ് 100 സിസി അധിനിവേശത്തിൽ ഇവയൊക്കെത്തന്നെ പതിയെ വീഴുന്നതും കാലം കണ്ടു.
English Summary: History Of Moped in India