ശ്രദ്ധിച്ച് കേൾക്കൂ! സ്റ്റിയറിങ്ങിൽ നിന്ന് അസാധാരണ ശബ്ദമുണ്ടോ?
Mail This Article
ഡ്രൈവിങ് ഏറ്റവും അനായാസമാക്കിയത് എന്തെന്ന ചോദ്യത്തിന് ആദ്യം ലഭിക്കുന്ന ഉത്തരങ്ങളിലൊന്നാണ് പവര്‍ സ്റ്റിയറിങ്. എത്ര വലിയ വാഹനവും അനായാസം നിയന്ത്രിക്കാന്‍ പവര്‍ സ്റ്റിയറിങ് വഴി സാധിക്കും. എങ്കിലും മറ്റേതൊരു വാഹന ഭാഗത്തേയും പോലെ പവര്‍ സ്റ്റിയറിങ്ങിനും വ്യക്തമായ പരിചരണവും ശ്രദ്ധയും ആവശ്യമാണ്. പവര്‍ സ്റ്റിയറിങ്ങും ഒപ്പം ഡ്രൈവിങും അനായാസമാവാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നു നോക്കാം.
ഇടവേളകളില്‍ പരിശോധന
കൃത്യമായ ഇടവേളകളില്‍ സര്‍വീസ് സെന്ററുകളില്‍ പവര്സ്റ്റിയറിങ്ങിന്റെ കാര്യക്ഷമത കൂടി പരിശോധിക്കണം. പവര്സ്റ്റിയറിങ്ങിനെ അനായാസമാക്കുന്നതില്‍ അതിനുള്ളിലെ ഫ്ളൂയിഡിന് പങ്കുണ്ട്. അതുകൊണ്ട് ചോര്ച്ചകളില്ലെന്ന് ഉറപ്പുവരുത്തണം. അതിനൊപ്പം പവര്സ്റ്റിയറിങിന്റെ ഭാഗമായുള്ള പൈപ്പുകളും കണക്ഷനും പവര്‍സ്റ്റിയറിങ് പമ്പും പരിശോധിക്കുന്നുവെന്ന് ഉറപ്പിക്കണം. ഇത്തരം പരിശോധനകളില്‍ നിന്നു തന്നെ സ്റ്റിയറിങിന്റെ കാര്യത്തില്‍ കാര്യക്ഷമത ഉറപ്പിക്കാം. ചെറിയ പ്രശ്നങ്ങള്‍ വളരെയെളുപ്പം പരിഹരിക്കപ്പെട്ടേക്കാം. എന്നാല്‍ ഇതു ശ്രദ്ധയില്‍ പെടാതിരുന്നാല്‍ തുടക്കത്തിലെ ചെറിയ പ്രശ്നങ്ങള്‍ പോലും ഗുരുതര കുഴപ്പങ്ങളിലേക്കു നയിച്ചേക്കാം.
ശരിയായ ഫ്ളൂയിഡ്
സ്റ്റിയറിങ് ഫ്ളൂയിഡ് ഏതാണോ നിങ്ങളുടെ വണ്ടിക്ക് ആവശ്യം അതുതന്നെയായിരിക്കണം ഉപയോഗിക്കേണ്ടത്. ഉടമകള്‍ക്കുള്ള വാഹന നിര്‍മാതാക്കളുടെ മാനുവലില്‍ ഇത് വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. ഇതില്‍ എന്തെങ്കിലും വിട്ടുവീഴ്ച്ച വരുത്തിയാല്‍ പവര്‍ സ്റ്റിയറിങ്ങിന്റെ ദീര്‍ഘായുസില്‍ കൂടിയാണ് കുറവുണ്ടാവുക. ശരിയായ ഫ്ളൂയിഡിന്റെ ഉപയോഗം പവര്സ്റ്റിയറിങ്ങിന്റെ ആയുസ് മാത്രമല്ല പ്രശ്നങ്ങളില്ലാത്ത യാത്രകളെ കൂടിയാണ് സഹായിക്കുന്നത്.
സൂചനകള്‍ ഒഴിവാക്കരുത്
പവര്‍ സ്റ്റിയറിങ് ഫ്ളൂയിഡ് ചോരുന്നുണ്ടെന്ന് എന്തെങ്കിലും കാരണവശാല്‍ നിങ്ങള്‍ക്ക് സംശയം തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ ഉടന്‍ തന്നെ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കണം. ചെറിയ ചോര്‍ച്ചകള്‍ വളരെയെളുപ്പം പരിഹരിക്കാനാവും. എന്നാല്‍ ചോര്‍ച്ച ഗുരുതരമാണെങ്കില്‍ മെക്കാനിക് നിര്‍ദേശിക്കുന്ന പരിഹാരം തന്നെ കാണേണ്ടി വരും.
പവര്‍ സ്റ്റിയറിങ്ങിന്റെ പ്രവര്‍ത്തനത്തില്‍ തന്ത്രപ്രധാനമാണ് ഫ്ളൂയിഡിന്റെ അളവ്. വാഹനം നിര്‍ത്തിയിട്ട ഭാഗത്ത് അസാധാരണമായ എന്തെങ്കിലും ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടാല്‍ പരിശോധിക്കാന്‍ മടിക്കരുത്. പ്രത്യേകിച്ച് സ്റ്റിയറിങ് വീല്‍ തിരിക്കാന്‍ പ്രയാസം നേരിടുന്നുണ്ടെങ്കിലോ ഡ്രൈവിങിനിടെ സ്റ്റിയറിങിന്റെ പരിസരത്തു നിന്നും അസാധാരണ ശബ്ദം വല്ലതും കേള്‍ക്കുന്നുണ്ടെങ്കിലോ ശ്രദ്ധിക്കണം.
ഡ്രൈവിങ് അനായാസമാക്കാന്‍ മാത്രമല്ല യാത്രകളെ സുരക്ഷിതമാക്കാന്‍ കൂടി സഹായിക്കുന്നതാണ് പവര്‍ സ്റ്റിയറിങ്. അതുകൊണ്ട് പവര്സ്റ്റിയറിങിന്റെ മേല്‍ ഒരു ശ്രദ്ധ എപ്പോഴും വേണം. കൃത്യമായ ഇടവേളകളില്‍ പരിശോധന, അനുയോജ്യമായ ഫ്ളൂയിഡ് തന്നെ ഉപയോഗിക്കുക, സൂചനകളെ ഒഴിവാക്കരുത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ പവര്‍സ്റ്റിയറിങ് കണ്ടീഷനാണെന്ന് ഉറപ്പിക്കാനാവും.