കെഎസ്ആർടിസി ബസ് അപകടം, വലിയ വാഹനങ്ങൾക്കും വേണ്ടേ സുരക്ഷ ?
Mail This Article
തൃശൂർ കൊടകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്കാണ് പരുക്കേറ്റത്. മുന്നിൽ പോയ ലോറി പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോഴാണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസിനു പിന്നിൽ മറ്റൊരു ലോറിയും വന്നിടിച്ചു. ഇത്തരത്തിൽ മുന്നിൽ പോകുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് പിടിക്കുന്നതു മൂലമുണ്ടായ നിരവധി അപകടങ്ങളെപ്പറ്റിയുള്ള വാർത്തകൾ നാം കേട്ടിട്ടുണ്ട്. പുത്തൻ സുരക്ഷ സംവിധാനങ്ങൾ നിരവധിയുണ്ടെങ്കിലും വലിയ വാഹനങ്ങൾ ഇതിന്റെ നിർബന്ധിത ഉപയോഗം കുറവാണ്.
പാസഞ്ചർ വാഹനങ്ങളിൽ കാണുന്ന തരത്തിലുള്ള എമർജെൻസി ബ്രേക്കിങ്, എഡിഎഎസ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങൾ വലിയ വാഹനങ്ങൾക്കും വേണ്ടേ?. കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പൊതു ഗതാഗത വാഹനങ്ങളിൽ ഇത്തരം സംവിധാനങ്ങളെത്തിയാൽ യാത്ര കൂടുതൽ സുരക്ഷിതമാകും. കാര്യക്ഷമമായ ബ്രേക്കിങ് നൽകുന്ന എബിഎസ് ഇബിഡി സംവിധാനം ഇപ്പോൾ മിക്ക വാഹനങ്ങളിലുണ്ടെങ്കിലും എമർജൻസി ബ്രേക്കിങ്, അറ്റൻഷൻ അസിസ്റ്റ്, ലൈൻ ചേഞ്ചിങ് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങൾ എത്തിയാൽ വാഹനങ്ങൾ കൂടുതൽ സുരക്ഷിതമാകും. എന്തൊക്കെയാണ് ഇത്തരം സുരക്ഷാസംവിധാനങ്ങളെന്ന് നോക്കാം.
എമർജെൻസി ബ്രേക്കിങ്
നിരവധി വാഹനങ്ങളിലുള്ള സുരക്ഷ ഫീച്ചറാണ് എമര്‍ജന്‍സി ബ്രേക്ക് സിസ്റ്റം. ക്യാമറ, റഡാര്‍ യൂണിറ്റ് എന്നിവ ചേര്‍ന്നാണ് ഇത് പ്രവർത്തിക്കുന്നത്. മുന്നിലുള്ള വാഹനത്തിന്റെ വേഗം, അവ തമ്മിലുള്ള ദൂരം എന്നിവ പ്രത്യേക കംപ്യൂട്ടര്‍ സംവിധാനം മനസിലാക്കുന്നു. മുന്നിലുള്ള വാഹനത്തെ മാത്രമല്ല മറ്റേത് പ്രതിബന്ധത്തേയും തിരിച്ചറിയാൻ ഇതിന് സാധിക്കും. പ്രതിബന്ധങ്ങളെ തിരിച്ചറിഞ്ഞ് ഡ്രൈവർ ബ്രേക്ക് അമർത്താൻ വൈകിയാൽ വാഹനം സ്വയം എമര്‍ജന്‍സി ബ്രേക്ക് പ്രവര്‍ത്തിപ്പിച്ച് അപകടം ഒഴിവാക്കും. കൂടാതെ സഡന്‍ ബ്രേക്കിടുമ്പോള്‍ പിന്നിലുള്ള വാഹനത്തിലെ ഡ്രൈവര്‍ക്ക് അപായസൂചനയും ഈ സാങ്കേതിക വിദ്യ നൽകും.
കൊളിഷൻ വാണിങ്
മുന്നിൽ പോകുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് പിടിക്കുകയോ നിർത്തുകയോ ചെയ്താൽ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണ് കൊളിഷൻ വാണിങ്. അപകടം നടക്കാൻ സാധ്യതയുണ്ട് എന്ന് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുകയാണ് ഈ സംവിധാനം ചെയ്യുന്നത്.
ലൈൻ കീപ്പ് അസിസ്റ്റ്
വാഹനത്തിന്റെ ട്രാഫിക് ലൈനിനുള്ളിൽ തന്നെ നിർത്താൻ ഈ ഫീച്ചർ സഹായിക്കും. ഏതെങ്കിലും സാഹചര്യത്തിൽ വാഹനം ലൈനിന് വെളിയിൽ പോയാൽ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണിത്. എഡിഎഎസ് ലെവൽ 2 സാങ്കേതികതയുള്ള വാഹനങ്ങളിൽ സ്റ്റിയറിങ് തനിയേ നിയന്ത്രിച്ച് തിരികെ ലൈനിനുള്ളിൽ എത്തിക്കുകയും ചെയ്യും.
ഡ്രൈവർ അന്റൻഷൻ അസിസ്റ്റ്
ഡ്രൈവറുടെ ശ്രദ്ധ റോഡിൽ നിന്ന് മാറിയെന്നോ, ഡ്രൈവർ മയങ്ങി തുടങ്ങിയെന്നോ വാഹനം മനസിലാക്കി മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണിത്.
അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ
കാറുകളിൽ കാണുന്ന ക്രൂസ് കൺട്രോളിന്റെ അടുത്ത തലമുറയാണ് അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ. ഹൈവേകളിൽ ഏറെ ഉപകാരപ്പെടുന്ന ഈ ഫീച്ചർ നിലവിൽ എഡിഎഎസ് ലെവൽ 2 സംവിധാനമുള്ള വാഹനങ്ങളിലാണുള്ളത്. മുന്നിൽ പോകുന്ന വാഹനവുമായി നിശ്ചിത അകലം പാലിക്കാൻ ഈ ക്രൂസ് കൺട്രോൾ സഹായിക്കുന്നു. മുന്നിലെ വാഹനം വേഗത്തിന് അനുസരിച്ച് വാഹനം സ്വയം വേഗം കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്നു. മുന്നിലെ വാഹനവുമായി എത്ര അകലം പാലിക്കണമെന്ന നിർദ്ദേശം ഡ്രൈവർക്ക് വാഹനത്തിന് മുൻകൂട്ടി നൽകാനാകും.