പണം ലാഭിക്കണോ? വാഹന ഇൻഷുറൻസ് ഓൺലൈനായി എടുക്കാം, എളുപ്പത്തിൽ!
Mail This Article
ഓണ്‍ലൈന്‍ വാഹന ഇന്‍ഷുറന്‍സിന്റെ വരവോടെ വാഹന ഇന്‍ഷുറന്‍സ് പോളിസി എടുക്കുകയെന്നത് എക്കാലത്തെക്കാളും എളുപ്പമുള്ള ഒന്നായി മാറിയിട്ടുണ്ട്. വളരെയെളുപ്പത്തില്‍ നമുക്ക് യോജിച്ചതും പ്രീമിയം കുറഞ്ഞതുമായ വാഹന ഇന്‍ഷുറന്‍സുകള്‍ ഓണ്‍ലൈനില്‍ താരതമ്യം നടത്തി തിരഞ്ഞെടുക്കാനാവും. നിങ്ങള്‍ക്ക് യോജിച്ച വാഹന ഇന്‍ഷുറന്‍സ് ഓണ്‍ലൈനില്‍ തിരഞ്ഞെടുക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
ആവശ്യം മനസിലാക്കുക
ഓണ്‍ലൈനില്‍ പോളിസി എടുക്കാന്‍ തീരുമാനിക്കുന്നതിനു മുമ്പു തന്നെ നിങ്ങളുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് സ്വയം തിരിച്ചറിയണം. ഏതുരീതിയിലുള്ള കവറേജാണ് നിങ്ങള്‍ക്ക് ആവശ്യമെന്ന് തീരുമാനിക്കണം. ഏതു തരം വാഹനമാണ് നിങ്ങള്‍ക്കുള്ളത്, എത്ര പഴക്കമുണ്ട്, നിങ്ങളുടെ ഡ്രൈവിങ് ശീലങ്ങള്‍ എന്തൊക്കെ, അധികമായ കവറേജ് വല്ലതും ആവശ്യമുണ്ടോ? ഇതൊക്കെ കണക്കിലെടുക്കണം.
പഠനം
എന്തു തീരുമാനമെടുക്കും മുമ്പും അതേക്കുറിച്ച് വ്യക്തമായ പഠനം നല്ലതാണ്. അത് വാഹന ഇന്‍ഷുറന്‍സിന്റെ കാര്യത്തിലായാലും മാറ്റമില്ല. വ്യത്യസ്ത ഇന്‍ഷുറന്‍സ് കമ്പനികള്‍, അവര്‍ നല്കുന്ന പോളിസികള്‍, ബ്രാന്‍ഡ് ഇമേജ് മുന്‍കാല അനുഭവങ്ങള്‍... എല്ലാം നോക്കണം. ഓണ്‍ലൈനില്‍ പോളിസി എടുക്കുമ്പോള്‍ പറ്റിക്കപ്പെടാനുള്ള സാഹചര്യം ഒഴിവാക്കാന്‍ ഈ പഠനം സഹായിക്കും. പോളിസികള്‍ താരതമ്യം ചെയ്യാന്‍ സാധിക്കുന്ന വെബ് സൈറ്റുകള്‍ ഉപയോഗിക്കാം.
കവറേജ്
ഓരോ ഇന്‍ഷുറന്‍സ് പോളിസിയിലും കവറേജ് വ്യത്യസ്തമായിരിക്കും. അപകടം സംഭവിച്ചാലോ വാഹനം മോഷ്ടിക്കപ്പെട്ടാലോ ഒരേ ആനുകൂല്യങ്ങളായിരിക്കില്ല ഇന്‍ഷുറന്‍സ് പോളിസികള്‍ വഴി ലഭ്യമാവുക. എന്തൊക്കെ തരത്തിലുള്ള കവറേജാണ് പോളിസികള്‍ നല്‍കുന്നതെന്ന് നോക്കണം. തേഡ് പാര്‍ട്ടി ലയബലിറ്റി കവറേജ്, സമഗ്രമായ മോട്ടര്‍ ഇന്‍ഷുറന്‍സ് പോളിസി, പേഴ്സണല്‍ ആക്സിഡന്റ് കവേഴ്സ്, റോഡ് സൈഡ് അസിസ്റ്റന്‍സ്, സീറോ ഡിപ്രീസിയേഷന് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ പരിശോധിക്കാം.
പ്രീമിയവും ഡിഡക്റ്റിബിള്സും
ഇന്‍ഷുറന്‍സ് പോളിസി എടുക്കാനായി നിശ്ചിത കാലയളവിലേക്ക് നല്കേണ്ടുന്ന തുകയാണ് പ്രീമിയം. നിങ്ങളുടെ പോളിസിക്ക് അനുസരിച്ച് പ്രീമിയത്തില്‍ മാറ്റം വരും. വാര്‍ഷികമായും അര്ധവാര്ഷികമായും പ്രീമിയം തുകകള്‍ അടക്കാനാവും. ഇന്‍ഷുറന്‍സ് കവറേജ് അവകാശപ്പെടുന്നതിനു മുന്നോടിയായി അടക്കാന്‍ സമ്മതിക്കുന്ന തുകയാണ് ഡിഡക്റ്റിബിള്‍.
ക്ലെയിം സെറ്റില്‍മെന്റ് നിരക്ക്
ഇന്‍ഷുറന്‍സ് പോളിസികളെ സംബന്ധിച്ച് പ്രധാനമാണ് ക്ലെയിം സെറ്റില്‍മെന്റ് നിരക്ക്. ഇന്‍ഷുറന്‍സ് പോളിസി എടുത്തവര്‍ അപകടത്തില്‍ പെടുമ്പോള്‍ ലഭിക്കുന്ന ക്ലെയിമുകളുടെ നിരക്കാണിത്. ഭാവിയില്‍ നിങ്ങള്‍ക്ക് സംഭവിക്കാനിടയുള്ള അപകടത്തിന്റെ സാഹചര്യത്തില്‍ എന്തുണ്ടാവാമെന്നതിന്റെ വ്യക്തമായ സൂചനയാണിത്. മികച്ച ക്ലെയിം സെറ്റില്‍മെന്റ് നിരക്കുള്ള കമ്പനികളായിരിക്കും ഗുണം ചെയ്യുക.
കസ്റ്റമര്‍ സര്‍വീസ്
പോളിസി കമ്പനികളുടെ കസ്റ്റമര്‍ സര്‍വീസ് പ്രധാനമാണ്. നിങ്ങള്‍ക്ക് പോളിസി സംബന്ധമായ സംശയങ്ങള്‍ പരിഹരിക്കാനും അപകട സമയത്ത് എളുപ്പം പോളിസിയുടെ കവറേജ് ഉറപ്പിക്കാനുമെല്ലാം മികച്ച കസ്റ്റമര്‍ സര്‍വീസ് സഹായിക്കും. ഓരോ കമ്പനികളുടേയും കസ്റ്റമര്‍ സര്‍വീസും സപ്പോര്‍ട്ട് ഹിസ്റ്ററിയും പരിശോധിക്കാം. റിവ്യൂകളും ഇത്തരം പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കും.
ഓണ്‍ലൈന്‍ ടൂളുകള്‍
ഓണ്‍ലൈനിലൂടെ പോളിസി എടുക്കുമ്പോള്‍ തീരുമാനങ്ങളെടുക്കാന്‍ ഓണ്‍ലൈന്‍ ടൂളുകളേയും സമര്‍ഥമായി ഉപയോഗിക്കാം. ഇന്‍ഷുറന്‍സ് പോളിസി തിരഞ്ഞെടുക്കാന്‍ ഇത് സഹായിക്കും. പ്രീമിയം കണക്കുകൂട്ടാനും കവറേജ് സംബന്ധിച്ച് താരതമ്യം ചെയ്യാനും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് യോജിച്ച പോളിസി കണ്ടെത്താനും ഇത് സഹായിക്കും. എഫ്എക്യുവും ഓണ്‍ലൈന്‍ സപ്പോര്‍ട്ട് സംവിധാനങ്ങളും ഉപയോഗിക്കാവുന്നതാണ്.
അഭിപ്രായം തേടാം
സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുള്ളവരുണ്ടെങ്കില് അവരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടാവുന്നതാണ്. വ്യക്തിപരമായ അനുഭവങ്ങള്‍ ഓണ്‍ലൈന്‍ റിവ്യുവിനേക്കാളും മറ്റും ഏറെ ഗുണം ചെയ്യും. ഓരോ വര്‍ഷവും സ്വന്തം ആവശ്യങ്ങള്‍ക്കും രീതികള്‍ക്കും അനുയോജ്യമായ പോളിസിയാണോ എടുത്തിട്ടുള്ളതെന്ന് പരിശോധിക്കുന്നതും നല്ലതാണ്. ഇതിനനുസരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തുകയുമാവാം.