ADVERTISEMENT

‘എനിക്കൊരു ഇന്നോവ ഉണ്ടായിരുന്നു. എന്റെ കുറെ ‘സംഗീതകാലങ്ങൾ’ കണ്ടത് ആ ഇന്നോവയാണ്. പുറത്തേക്ക് എങ്ങനെ ഒരു പാട്ട് കേള്‍ക്കും എന്ന് എനിക്കു കൃത്യമായി മനസ്സിലാകുന്ന വിധം ‘ഈക്യൂ’ ചെയ്തുവച്ച മ്യൂസിക്സിസ്റ്റമായിരുന്നു അതിലേത്. റെക്കോഡിങ് ദിവസങ്ങളിൽ സറ്റുഡിയോയിലെ റെക്കോഡിങ്ങും മിക്‌സിങ്ങും ഒക്കെ കഴിയുമ്പോഴേക്കും രാത്രിയാകും. ഒരു പത്തു മണിയാകുമ്പോഴേക്കും എല്ലാവരും പോയിട്ടുണ്ടാകും. അപ്പോൾ ഞാന്‍ സി ഡിയില്‍ പാട്ട് റൈറ്റ് ചെയ്ത് താഴെ കിടക്കുന്ന ഇന്നോവയില്‍ വന്നിരുന്ന് ആ മ്യൂസിക് സിസ്റ്റത്തില്‍ പാട്ടിട്ടുകേള്‍ക്കും. കറക്‌ഷന്‍സ് നോട്ട് ചെയ്തുവയ്ക്കും. തിരിച്ച് സ്റ്റുഡിയോയില്‍ പോയി അതെല്ലാം കറക്ട് ചെയ്യും. എന്നിട്ട് അടുത്ത സി ഡി എടുക്കും. 

വീണ്ടും താഴെ വന്ന് പാട്ടിട്ടുകേള്‍ക്കും. മുകളില്‍ പോയി കറക്ട് ചെയ്യും. അങ്ങനെ പല പല രാത്രികള്‍... രാവിലെ ആറു മണിവരെയൊക്കെ ഇങ്ങനെ പാട്ടിട്ടുകേട്ടും കറക്‌ഷന്‍ ചെയ്തും ഇരുന്നിട്ടുണ്ട്. ചില പാട്ടുകൾക്ക് നൂറ്റിയാറോ നൂറ്റിയേഴോ സി ഡികള്‍ വരെയൊക്കെ മാറ്റേണ്ടിവന്നിട്ടുണ്ട്! ആ ഇന്നോവയാണ് എന്റെ കുറെ പാട്ടുകൾ ആദ്യമായി കേട്ടതും ഏറ്റവും കൂടുതല്‍ തവണ കേട്ടതും.’ ഇന്നോവയ്‌ക്കൊപ്പം ‘ഉറങ്ങാതെ രാവുറങ്ങിയ’ കഥ പറഞ്ഞ് എംജെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എം. ജയചന്ദ്രൻ.  

‘ഇതേ ഇന്നോവയിലിരുന്നാണ് യേശുദാസ് സര്‍ കുറെ പാട്ടുകൾ കേട്ടിട്ടുള്ളത്. അതുപോലെ എത്രയോ പേര്‍. ഒരുമിച്ചു വര്‍ക്ചെയ്തിട്ടുള്ള, ലോഹിതദാസ് സര്‍ അടക്കമുള്ള മിക്ക സംവിധായകരും എന്റെ കാറുകളിലിരുന്ന് പാട്ടു കേട്ടിട്ടുണ്ട്.‘ചക്കരമുത്തി’ലെ പാട്ടുകള്‍ ലോഹിസര്‍ കേട്ടത് എന്റെ ക്വാളിസിൽ ഇരുന്നാണ്.  BMW വിലിരുന്ന് ശ്രേയ ഘോഷാല്‍ പാട്ടു കേട്ടത് ഞാന്‍ ഓര്‍ക്കുന്നു.’  

m-jayachandran-3

ആദ്യമായ് കണ്ട ഹില്‍മാന്‍

എന്റെ അമ്മയുടെ അച്ഛന്‍ മലേഷ്യയിലായിരുന്നു. കേരളത്തിലേക്കു മടങ്ങിവന്ന്, എല്‍ഐസിയില്‍ ചീഫ്മാനേജറൊക്കെ ആയിരുന്ന അപ്പൂപ്പന് ഒരു ഹില്‍മാന്‍ കാറുണ്ടായിരുന്നു. കാണാന്‍ രസമുള്ള ഒരു പ്രത്യേകതരം കാര്‍. ആദ്യമായി ഞാന്‍ കണ്ട കാറും കയറിയ കാറും അതായിരിക്കും. എന്തായാലും ഓര്‍മയിലുള്ള ആദ്യത്തെ കാര്‍ അതാണ്.അച്ഛന് ഒരു ഇളംനീല അംബാസഡര്‍ ആയിരുന്നു. KLF 5639. അതെനിക്കിപ്പോഴും ഓര്‍മയുണ്ട്. ആ അംബാസഡറിന് എന്റെ ജീവിതവുമായി വലിയ ബന്ധമുണ്ട്. അതില്‍ യാത്രചെയ്തുകൊണ്ടു ഞാനും എനിക്കൊപ്പം അംബാസഡറും വളരുകയായിരുന്നു.

അംബാസഡറില്‍ പോയത് പൊന്മുടിക്ക്, എത്തിയത് വര്‍ക്‌ഷോപ്പില്‍

അംബാസഡറില്‍ ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ക്കൊരു കന്യാകുമാരി യാത്രയുണ്ട്. അല്ലെങ്കില്‍ പൊന്മുടിയിലേക്ക്. മിക്കവാറും പൊന്മുടി‌യാത്രയില്‍ കാറിന്റെ ഏതെങ്കിലുമൊരു ടയര്‍ പഞ്ചറാവും. അല്ലെങ്കില്‍ വേറെന്തെങ്കിലും തകരാറു സംഭവിക്കും. അങ്ങനെ ഏതെങ്കിലും വര്‍ക്‌ഷോപ്പില്‍ കയറ്റേണ്ട അവസ്ഥ വരും. അങ്ങനെ പലപ്പോഴും ഞങ്ങളുടെ യാത്ര അവൻ കാരണം വിചാരിച്ചപോലെ നടക്കില്ല. എല്ലാവരും വര്‍ക്‌ഷോപ്പിൽ ഇറങ്ങിനിന്നു ശരിയാക്കിയല്ലേ പോകാന്‍പറ്റൂ. അങ്ങനെ ഒരുതവണ പൊന്മുടിയില്‍ പോകുമ്പോള്‍ വിതുരയില്‍ വച്ചു പതിവുപോലെ കാര്‍ പണിമുടക്കി. സമയമെടുക്കും, അന്നു ശരിയാക്കിത്തരാന്‍ പറ്റില്ല എന്നായി വര്‍ക്‌ഷോപ്പുകാരന്‍. ബസ്പിടിച്ച് പിന്നെ ഒരുവിധത്തിലാണ് പൊന്മുടിയില്‍ എത്തിയത്. അതു പിന്നെ രണ്ടു ദിവസമായി. രണ്ടു ദിവസം ഞങ്ങള്‍ പൊന്മുടി ‘ആസ്വദിച്ചു’ കണ്ട്, തിരിച്ച് ബസില്‍ വിതുരയില്‍വന്നിറങ്ങി, കാറും വാങ്ങി തിരിച്ചുവരേണ്ടിവന്നു.

പറയാനാകാത്തത്രയും ഇഷ്ടമായിരുന്നു അച്ഛന് ആ അംബാസഡറിനോട്. അതുകൊണ്ട് എത്ര കാലം കഴിഞ്ഞിട്ടും, എന്തൊക്കെപ്പറഞ്ഞിട്ടും അച്ഛനതു വില്‍ക്കാന്‍ തയാറായില്ല. കുറെക്കാലത്തിനുശേഷം വീടിന്റെ ഒരുവശത്തു കിടന്നുകിടന്ന് അംബാസഡര്‍ ദ്രവിച്ചുതുടങ്ങി. എന്നിട്ടും അച്ഛന്‍ വില്‍ക്കാൻ സമ്മതിച്ചില്ല. തൂക്കി വില്‍ക്കുക എന്നൊക്കെ പറയാറില്ലേ, അതാണു ശരിക്കും അതിന്റെ കാര്യത്തില്‍ സംഭവിച്ചത്. 2005ലോ മറ്റോ അക്ഷരാര്‍ഥത്തില്‍ തൂക്കിവിറ്റു! അതിന്റെ പിന്‍ഗാമിയായി ഒരു ടവേരയാണു വീട്ടിലെത്തിയത്.

m-jayachandran-2

എന്നെക്കാളും എട്ടു വയസ്സിനു മൂത്ത എന്റെ ചേട്ടൻ അംബാസഡര്‍ ഓടിക്കാന്‍ പഠിച്ചപ്പോള്‍ അച്ഛന്റെ അച്ഛനെയും അമ്മാവന്മാരെയുമൊക്കെ കൊണ്ടുവിടാനുള്ള ഭാഗ്യം ചേട്ടനാണു കിട്ടിയത്. ഒരു ബുള്ളറ്റുമുണ്ടായിരുന്നു ചേട്ടന്. അതുകൊണ്ടു ചെറിയൊരു പണിയും കിട്ടി. അച്ഛന്‍ പറയും, ‘പ്രകാശ്,  അവനെ മ്യൂസിക് ക്ലാസില്‍ കൊണ്ടാക്ക്...’ പെരുമ്പാവൂർ സാറിന്റെ അടുത്തും അവിടന്നു മാറി നെയ്യാറ്റിന്‍കരയിൽ മോഹനചന്ദ്രന്‍ സാറിന്റെയടുത്തെത്തിയപ്പോഴും ബുള്ളറ്റില്‍ കൊണ്ടുവിടുകയും തിരിച്ചുകൊണ്ടുവരികയും ചെയ്യേണ്ട ചുമതല അങ്ങനെ ചേട്ടന്റെ തലയിലായി.     

മറ്റഡോര്‍ via കൽപകവാടി

കന്യാകുമാരി, പൊന്മുടിപോലുള്ള എല്ലാ യാത്രകളിലും ഞങ്ങളുടെകൂടെ അച്ഛന്റെ അനിയന്‍ ജയമാമന്‍ ഉണ്ടാകും. FACTല്‍ ജോലി ചെയ്തിരുന്ന അദ്ദേഹം ആഴ്ചയിലൊരിക്കൽ തിരുവനന്തപുരത്തു വരും. അദ്ദേഹത്തിന്റെകൂടെയാണ് ഞങ്ങൾ ദൂരയാത്രകളെല്ലാം പോകാറുള്ളത്. അംബാസഡര്‍ കഴിഞ്ഞാല്‍പിന്നെ ജയമാമന്റെ വണ്ടികളോടാണ് എനിക്ക് അടുത്തു പരിചയം. രണ്ടുമാസത്തെ വലിയ അവധിക്കാലത്ത് ഞാന്‍ FACT ഉദ്യോഗമണ്ഡലിലുള്ള ജയമാമന്റെ വീട്ടില്‍ പോകും. മാമനു വിജയ ഇലക്ട്രിക്കല്‍സ് എന്നൊരു കമ്പനിയും കമ്പനിക്ക് ഒരു KLR 75 നമ്പര്‍ മറ്റഡോര്‍ വാനും ഉണ്ടായിരുന്നു. ചെറിയ കുട്ടിയായിരുന്നപ്പോള്‍ ആ വാനില്‍ ഞാന്‍ മൈസൂരും ബെംഗളൂരുവിലുമൊക്കെ പോയത് ഓര്‍മയുണ്ട്. കുറെ ദൂരയാത്രകള്‍ അതിലായിരുന്നു. എന്നെ തിരിച്ച് തിരുവനന്തപുരത്തേക്കു കൊണ്ടാക്കുന്നതും അതേ വാനിലാണ്. വരുന്നവഴി കൽപകവാടിയില്‍ ഇറങ്ങിയിരിക്കും. ദുല്‍ക്കറിന്റെ ‘സുകുമാരക്കുറുപ്പ്’ സിനിമയില്‍ കൽപകവാടി കാണിക്കുന്നുണ്ട്. കുറെ മുറികളൊക്കെയായി വീടുപോലൊരു സെറ്റപ് ആണത്. അതിലേതെങ്കിലും മുറിയില്‍ കയറി ഇരിക്കും ഞങ്ങള്‍. നല്ല ഒന്നാന്തരം കരിമീനിന്റെ രുചി അറിഞ്ഞത് അവിടെനിന്നാണ്. ഞാന്‍ കരിമീനിന്റെ വലിയ ഫാന്‍ ആയി മാറാന്‍ കാരണം ഈ യാത്രകളും കൽപകവാടിയുമാണ്. ഇന്നും അതിനു മാറ്റമില്ല. 

പദ്മിനി Vs മാരുതി

ഞങ്ങളുടെ ഫാമിലി ഫ്രണ്ട് പദ്മനാഭന്‍ നായരും ആന്റിയുമാണ് അച്ഛന്റെയും അമ്മയുടെയും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. അവരുടെ വീട്ടിൽ ഒരു പഴയ പ്രീമിയര്‍ പദ്മിനി ഉണ്ടായിരുന്നു. അതും എനിക്കു കൊച്ചിലേമുതലേ ഏറെ പരിചിതമാണ്. മാരുതിയുടെ ആദ്യത്തെ മോഡല്‍ വന്നപ്പോള്‍ അങ്കിള്‍ പദ്മിനി മാറ്റി അതു വാങ്ങിച്ചു. മാരുതി കാര്‍ ആദ്യമായി ഞാന്‍ കാണുന്നത് അങ്കിളിന്റെ വീട്ടിലാണ്. മാരുതിയുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച അതായിരുന്നു. എന്റെ കലോത്സവ യാത്രകള്‍ മിക്കവാറും ട്രെയിനിലായിരുന്നു. കൂട്ടിന് അമ്മയുമുണ്ടാകും. അച്ഛൻ അധികം വരാറില്ല. യാത്രചെയ്യാന്‍ വലിയ ആഗ്രഹമില്ലാത്ത ആളായിരുന്നു അച്ഛന്‍. ഓഫിസ്, വീട് അതായിരുന്നു അച്ഛന്റെ ശീലം.

m-jayachandran-1

ചേതക്, ഹീറോ ഹോണ്ട, യമഹ

ഒരു ബജാജ് ചേതക് ആണ് ഞാന്‍ ആദ്യമായി ഓടിച്ച വണ്ടി. ഞങ്ങളുടെ ഒരു ചേട്ടനുണ്ട് കൃഷ്ണന്‍ നായര്‍. അദ്ദേഹം എത്രയോ വര്‍ഷങ്ങള്‍ അതോടിച്ചശേഷം എന്റെ ചേട്ടനു കൊടുത്തു. ചേട്ടനും വര്‍ഷങ്ങളോളം ഓടിച്ചശേഷമാണ് അത് എന്റെ കയ്യിൽക്കിട്ടുന്നത്. സെക്കന്‍ഡ് ഹാന്‍ഡും അല്ല, തേര്‍ഡ് ഹാന്‍ഡ് ആയിട്ട്. ചേതക്കുമായി ബന്ധപ്പെടുത്തി വേറൊരു വലിയ രസമുണ്ട്. മിക്കവാറും അതില്‍ പെട്രോൾ റിസര്‍വില്‍ ആകും. എവിടേക്കെങ്കിലും പോകുമ്പോള്‍ പകുതിക്കുവച്ച് പെട്രോള്‍ തീരും. പിന്നെ ഉരുട്ടാതെ വഴിയില്ല. അത് ഓടിച്ചത്രയുംതന്നെ ഉരുട്ടുകയും ചെയ്തിട്ടുണ്ട് ഞാന്‍. എന്റെ കൂട്ടുകാരൊക്കെ എന്നെ അതുംപറഞ്ഞ് കളിയാക്കിയിട്ടുണ്ട്. 

ടികെഎം എന്‍ജിനീയറിങ് കോളജില്‍ പഠിക്കുമ്പോള്‍ സ്‌കൂട്ടര്‍ അങ്ങോട്ടു കൊണ്ടുപോയില്ല.  ഹോസ്റ്റലിലായിരുന്നെങ്കിലും മിക്ക ദിവസവും വീട്ടില്‍ വന്നുപോകും. രാവിലെ ഒരു കെഎസ്ആര്‍ടിസി ബസിൽ കൊല്ലത്ത് ചിന്നക്കടയില്‍ ഇറങ്ങും. അവിടന്ന് വേറൊരു ബസില്‍ കരിക്കോട്ടേക്കു പോകും. ബസ്‌യാത്രകള്‍ ആസ്വദിച്ച സമയമായിരുന്നു അത്. ചിലപ്പോള്‍ ഒരു ചെയ്ഞ്ചിന് ട്രെയിനിലും പോകും. ഫ്രണ്ട്‌സിന്റെകൂടെയുള്ള കോളജ്കാലയാത്രകളില്‍ പലതും കോളജ് ബസിലായിരുന്നു. ഫൈനല്‍ഇയറില്‍ ട്രിവാന്‍ഡ്രം എന്‍ജിനീയറിങ് കോളജിലേക്കു മാറിയപ്പോള്‍ വീണ്ടും ചേതക്കിനെ കൂട്ടുപിടിച്ചു. പിന്നീടൊരു ഹീറോ ഹോണ്ട വാങ്ങി.  

എന്റെ ഇന്റിമേറ്റ് ഫ്രണ്ടാണ് ജോണ്‍ മത്തായി.  ഇലക്ട്രിസിറ്റിബോര്‍ഡ് ബാസ്‌കറ്റ് ബോള്‍ ടീം സ്‌റ്റേറ്റ്, നാഷണല്‍ പ്ലെയറും കോച്ചും മാനേജറുമായിരുന്നു അദ്ദേഹം. പണ്ട് ഇടയ്ക്ക് ഞാൻ ജോണിന്റെ വീട്ടില്‍ ചെന്നിരിക്കും. ഒരു യമഹ ബൈക്കുണ്ട് ജോണിന്. KCV 753. ഞങ്ങളുടെയിടയിലെ ഒരു കഥാപാത്രമായ ആ വണ്ടിയും ആവേശത്തോടെ ഞാന്‍ ഓടിക്കും. ഇപ്പോഴും അതേ പെര്‍ഫെക്‌ഷനില്‍ ജോണ്‍ അതു സൂക്ഷിക്കുന്നുണ്ട്.

ആദ്യം സ്വന്തമാക്കിയ ഇന്‍ഡിക്ക

ഒരു ബ്ലാക് കളർ ടാറ്റ ഇന്‍ഡിക്കയാണ് ഞാന്‍ സ്വന്തമായി വാങ്ങിയ ആദ്യത്തെ കാര്‍. വി.എം. വിനുച്ചേട്ടന്റെ ‘മയിലാട്ടം’ സിനിമയിൽ ജയറാമേട്ടന്‍ ഒരു പാട്ടു പാടുന്നുണ്ട്. തൃശൂരിലെ ഒരു സ്റ്റുഡിയോയില്‍വച്ചായിരുന്നു ആ പാട്ടിന്റെ റെക്കോഡിങ്. അതിനായി തിരുവനന്തപുരത്തുനിന്നു പോകുന്നവഴി വലിയൊരു ആക്‌സിഡന്റ് പറ്റി. പ്രദീപ് ആയിരുന്നു അന്നെന്റെ ഡ്രൈവര്‍. പ്രദീപിനെ അവിടെ നിര്‍ത്തി ഞാന്‍ വേറൊരു വണ്ടിയെടുത്താണ് അവിടേക്കു പോയത്. ആ ഇന്‍ഡിക്ക ശരിയാക്കിയെടുത്തു കുറച്ചു നാളിനുശേഷം വില്‍ക്കാൻ തീരുമാനിച്ചു. എന്റെ കീബോര്‍ഡും മറ്റുമൊക്കെ കൊണ്ടുപോകാൻ പാകത്തിന് കുറച്ചു വലിയ വണ്ടി വാങ്ങാം എന്നു കരുതിയാണ് ഇന്‍ഡിക്ക വിറ്റത്. അങ്ങനെ 2009-2010 കാലത്തു വാങ്ങിയതാണ് ക്വാളിസ്. തിരുവനന്തപുരം-ചെന്നൈറൂട്ടില്‍ ആ വണ്ടി നിരന്തരം ഓടിക്കൊണ്ടിരുന്നു. അക്കാലത്തു റെക്കോര്‍ഡിങ് ഏറെയും ചെന്നൈയില്‍ ആയിരുന്നല്ലോ. ഈ ക്വാളിസില്‍തന്നെയായിരുന്നു റെക്കോര്‍ഡിങ് കഴിഞ്ഞ പാട്ടുകള്‍ ആദ്യമിട്ടു കേള്‍ക്കുന്നതും ജഡ്ജ്ചെയ്തിരുന്നതുമൊക്കെ. ‘അമ്മമഴക്കാറിനു കണ്‍നിറഞ്ഞു...’ ഒക്കെ അങ്ങനെയാണ് ആദ്യം കേട്ടത്. പിന്നെയാണ് ഇന്നോവ വാങ്ങുന്നത്. കുറച്ചുകാലം പിന്നെ BMW X1 ഓടിച്ചു. ഒരു ശിവരാത്രി ദിവസം കച്ചേരി കഴിഞ്ഞ് അതിൽ തിരിച്ചുവരുമ്പോള്‍ ബേക്കറി ജംങ്ഷനില്‍വച്ച് വലിയൊരു ആക്‌സിഡന്റ് പറ്റി. എയര്‍ബാഗെല്ലാം പുറത്തുവന്നു. മുന്‍ഭാഗം മുഴുവനായി ഡാമേജ് ആയി. അതിനുശേഷമാണ് ഇപ്പോഴുള്ള 3 സീരീസ് ജിടി വാങ്ങുന്നത്.

'നോ എന്‍ട്രി' എന്റെ പാട്ടുകള്‍ക്ക്

ഒരു പാട്ട് മാസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ വീട്ടിലെത്തി ഭാര്യ പ്രിയയെയും മക്കളെയും കേള്‍പ്പിക്കാന്‍ ഒന്നോ രണ്ടോ പ്രാവശ്യം പാട്ടുവയ്ക്കും. അതുകഴിഞ്ഞാല്‍ എന്റെ പാട്ടുകളൊന്നും എന്റെ വണ്ടികളില്‍ പ്ലേ ചെയ്യില്ല. നമുക്ക് ഇഷ്ടമുള്ള കുറെ പാട്ടുകളുണ്ട്. പ്രധാനമായി ഇളയരാജ സാറിന്റെ പാട്ടുകള്‍. പൂവേസെമ്പൂവേ..., വളൈയോസൈ..., കേളടീ കണ്‍മണീ..., സുന്ദരീകണ്ണാല്‍ ഒരു സെയ്തി..., സെന്താഴം പൂവില്‍ വന്താടും...അങ്ങനെ ഒരു കാലഘട്ടത്തിന്റെ പാട്ടുകള്‍. മലയാളത്തിലാണെങ്കിൽ ജോണ്‍സേട്ടന്റെയും രവീന്ദ്രന്‍ മാസ്റ്ററുടെയും പാട്ടുകള്‍.അതിനു മുൻപത്തെ കാലഘട്ടത്തിലേതാണെങ്കില്‍ ദേവരാജന്‍മാസ്റ്ററുടെ നിത്യകാമുകീ..., കായാമ്പൂ കണ്ണില്‍ വിടരും... പോലുള്ള പാട്ടുകളൊക്കെയാണ് യാത്രയില്‍ ഏറ്റവും കൂടുതൽ കേള്‍ക്കുക.

പ്രിയയും ഡ്രൈവ് ചെയ്യും. സ്വിഫ്റ്റ് വലിയ ഇഷ്ടമായിരുന്നു. വളരെ സൗകര്യമായിത്തോന്നിയതുകൊണ്ട് ആദ്യം അതുവാങ്ങിച്ചു. പിന്നെ കുറച്ചുനാള്‍ ഗ്ലാന്‍സ ഉപയോഗിച്ചു. കിയ സോണറ്റ് ആണ് ഇപ്പോഴുള്ളത്. മൂത്തമകൻ നന്ദഗോപാല്‍ ഇംഗ്ലണ്ടിലായതുകൊണ്ട് അവനു വണ്ടിയില്ല. ഇളയയാള്‍ കാര്‍ത്തിക് ഗോപാലിന് ബുള്ളറ്റ് ഉണ്ട്. ഫാമിലിട്രിപ്പുകള്‍ വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒന്നാണു ഞങ്ങള്‍ക്ക്. ഞങ്ങളൊരുമിച്ചു കാറില്‍ പോയിട്ടുള്ള ഏറ്റവും കൂടിയ ദൂരം തിരുവനന്തപുരം-ഗുരുവായൂര്‍ ആണ്. എല്ലാമാസവും ഗുരുവായൂര്‍ പോകും. ഇന്‍ഡിക്കമുതലുള്ള എല്ലാ വണ്ടികളും അതിനു സാക്ഷിയാണ്. ഫ്‌ളൈറ്റില്‍ മുംബൈയിലും സിംഗപ്പൂരും ഫാമിലിയായി പോയിട്ടുണ്ട്. ഏഴെട്ടു വര്‍ഷം മുൻപായിരുന്നു അവസാനമായി ഞാനും ഫാമിലിയും ഒത്തുചേര്‍ന്നുള്ള സിംഗപ്പൂര്‍ യാത്ര.

ബിരിയാണി തേടിപ്പോയി അവാര്‍ഡിനു വൈകിപ്പോയി

എനിക്ക് ആദ്യമായിട്ട് ഫിലിം ഫെയര്‍ അവാര്‍ഡു കിട്ടിയ സമയം. പെരുമഴക്കാലത്തിലെ പാട്ടിനാണെന്നാണ് ഓര്‍മ. ഹൈദരാബാദിലാണ് അവാര്‍ഡ് ചടങ്ങ്. വൈകുന്നേരം അഞ്ചരയ്ക്കാണു പരിപാടി. അതിനുമുൻപ് ഒരുതവണയേ ഹൈദരാബാദ് പോയിട്ടുള്ളൂ. സ്ഥലങ്ങള്‍ വലിയ പരിചയമൊന്നുമില്ല. ബിരിയാണി എന്റെ ജീവനും വീക്‌നെസും ആണ്. ഹൈദരാബാദി ബിരിയാണിയാണ് മനസ്സുനിറയെ. അതുകൊണ്ടു രാവിലത്തെ ഫ്‌ളൈറ്റ്‌തന്നെ പിടിച്ചു പുറപ്പെട്ടു. ഫ്‌ളൈറ്റ് ഇറങ്ങിയതും ടാക്സിപിടിച്ച് ഡ്രൈവറോടു പറഞ്ഞു, 'ബെസ്റ്റ് ബിരിയാണി കിട്ടുന്ന സ്ഥലത്തേക്കു വിട്ടോ.' ഏതാണ്ട് ഒന്നൊന്നര മണിക്കൂര്‍ അയാള്‍ എന്നെയും കൊണ്ടു ചുറ്റി. ഒടുവില്‍ ഹോട്ടലിലെത്തിയപ്പോള്‍ സമയം മൂന്ന്. ബിരിയാണിയെല്ലാം ആസ്വദിച്ചു കഴിച്ച് ഇറങ്ങിയപ്പോള്‍ സമയം നാലര! ചടങ്ങു നടക്കുന്ന സ്ഥലത്തേക്ക് ഇനിയും കുറെ പോകാനുണ്ട്. ഒരുവിധം അവിടെ എത്തിയപ്പോഴേക്കും ചടങ്ങെല്ലാം തുടങ്ങി. അന്നു കുറച്ചു ടെന്‍ഷന്‍ അടിച്ചെങ്കിലും ബിരിയാണി കഴിച്ച് അവാര്‍ഡിനു ലേറ്റായത് ഓര്‍ക്കുമ്പോൾ ഇപ്പോള്‍ ചിരിവരും.

മെക്കാനിക്കല്‍ എന്‍ജിനീയറിങ് കഴിഞ്ഞശേഷം നന്ദു ഇംഗ്ലണ്ടിലെ ക്രാന്‍ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലാണ് എയറോ സ്‌പെയ്‌സ് വെഹിക്കിൾ ഡിസൈനില്‍ മാസ്റ്റേഴ്‌സ് എടുത്തത്. അവന്റെ കോണ്‍വൊക്കേഷന് ഞങ്ങൾ എമിറിറ്റ്‌സിന്റെ A 380 ഡബ്ള്‍ ഡെക്കര്‍ പ്ലെയിനിലാണ് പോയത്. ഗംഭീരമായിരുന്നു ആ യാത്ര. എനിക്ക് ഒരുപാട് ഇഷ്ടമുള്ള സ്ഥലമാണ് യുകെ. പ്രത്യേകിച്ച് ലണ്ടന്‍ കൺട്രിസൈഡ്. അവിടെയും കുറെ യാത്രകള്‍ ചെയ്തു. അവിടത്തെ ട്രെയിന്‍യാത്രകള്‍ വളരെ ബ്യൂട്ടിഫുള്‍ ആണ്. എല്ലാവരും ട്രെയിനിലാണു സഞ്ചരിക്കുന്നത്. ഞാനൊരു ക്രിക്കറ്റ് ഭ്രാന്തനായതുകൊണ്ട്, ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പോകാതിരിക്കാനായില്ല. നന്ദുവിന്റെ കോണ്‍വോക്കേഷന്‍ അറ്റെന്‍ഡ് ചെയ്യാനായുള്ള ആ യാത്ര ഇതുവരെയുള്ള യാത്രകളില്‍ ഏറ്റവും അഭിമാനിച്ച, സന്തോഷം തോന്നിയ അനുഭവമാണ്. 

m-jayachandran-4

അമ്മ (മഴ) 'കാറ്'...

എന്റെ അമ്മയും ഞങ്ങളുടെ അംബാസഡര്‍ ഡ്രൈവ് ചെയ്യുമായിരുന്നു. ജനിച്ചുവളര്‍ന്നതൊക്കെ മലേഷ്യയിലായതുകൊണ്ടാകണം, മോഡേൺ ചിന്താഗതികളുള്ള പ്രത്യേക വ്യക്തിത്വമായിരുന്നു അമ്മയുടേത്. ഒരു ജീനിയസ് എന്നു പറയാം. അന്നു തിരുവനന്തപുരത്ത് ഐഎഎസ് ഓഫിസര്‍ മിസിസ് രാമചന്ദ്രനെപ്പോലെ മൂന്നോ നാലോ സ്ത്രീകളേ കാറോടിച്ചിരുന്നുള്ളൂ. ആദ്യമായി കാറോടിച്ച ആ മൂന്നാലു പേരില്‍ ഒരാളായിരുന്നു എന്റെ അമ്മ. ഒരു ടാക്‌സിയിലായിരുന്നു ഞാന്‍ സ്‌കൂളിൽ പോയ്ക്കൊണ്ടിരുന്നത്. ഇടയ്‌ക്കൊക്കെ അമ്മയും കൊണ്ടുവിടും. എനിക്കോര്‍മയുണ്ട്, അമ്മയുടെകൂടെ കാറില്‍പോകുമ്പോള്‍ എല്ലാവരും വലിയ അദ്ഭുതത്തോടെ അമ്മയെ നോക്കുന്നതും ‘എടേയ്, സ്ത്രീ കാര്‍ ഓടിക്കുന്നെടേയ്...’ എന്ന് വെളിയില്‍ നിന്ന് ഉറക്കെയുള്ള കമന്റുകളും. സ്ത്രീകൾ കാറോടിക്കുന്നതൊക്കെ അന്നു വലിയ കാര്യമല്ലേ. കച്ചേരികൾ കേള്‍ക്കാന്‍മുതല്‍ പാളയം മാര്‍ക്കറ്റില്‍ മീന്‍ മേടിക്കാന്‍വരെ ആ കാറില്‍പോകും ഞാനും അമ്മയും. തിരുവനന്തപുരത്ത് ആദ്യമായി സ്വന്തം വിമന്‍സ് ബിസിനസ് യൂണിറ്റ് തുടങ്ങിയത് അമ്മയാണ്. 1979ല്‍ തുടങ്ങിയ മംഗല്യ ബേക്കറിയായിരുന്നു സംരംഭം. അമ്മയുടെ ബേക്കറിയും കേറ്ററിങ്ങും ഇപ്പോൾ പ്രിയയാണു നോക്കുന്നത്. അമ്മ ശരിക്കും അറിയപ്പെടേണ്ട ആളാകേണ്ടതായിരുന്നു. ആ അനുഗ്രഹത്തിലായിരിക്കും ഞാൻ മ്യൂസിക്കിലേക്കു വന്നതെന്നു തോന്നാറുണ്ട്. 

English Summary:

Music Director M Jayachandran About His Vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com