ADVERTISEMENT

പ്രായം സെഞ്ചറി അടിച്ചിട്ടും നല്ല ചുറുചുറുക്കോടെ ഓടിനടക്കുകയാണ് ഈ ചവിട്ടുവണ്ടികൾ. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത വീരന്മാർ, അറുപതുകളിലെ റോഡ്സ്റ്റർ, ജർമനിയിൽനിന്നുള്ള വിക്ടോറിയ, സാരീ ഗാർഡ് ഉള്ള എൽവിക് ഹൂപ്പർ, ബ്രിട്ടിഷുകാരുടെ സ്വന്തമായിരുന്ന ബിഎസ്എ, റോയൽ എൻഫീൽഡ്, ട്രയംഫ്, നെതർലൻഡിലെ ഗസൽ ഇംപാല എന്നിങ്ങനെ നൂറുകണക്കിന് സൈക്കിളുകൾ. തൃശൂർ നെല്ലിക്കുന്ന് ഹരിത നഗർ വല്ലച്ചിറക്കാരൻ ഡേവിസ് ആന്റണിയു‍െട വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ സ്വീകരണമുറിയും കിടപ്പുമുറികളും നിറഞ്ഞുകവിഞ്ഞ് വീടിന്റെ മട്ടുപ്പാവുവരെ കയ്യടക്കിയിരിക്കുകയാണ് ഈ വിന്റേജ് സൈക്കിൾക്കൂട്ടം. 

ഗസൽ ഇംപാല, നെതർലൻഡ്
ഗസൽ ഇംപാല, നെതർലൻഡ്

കാൽനൂറ്റാണ്ടായി പുരാവസ്തുക്കളുടെ പുറകെയാണ് ഡേവിസ്. കൗതുകവസ്തുക്കൾ ശേഖരിക്കുന്ന കൂട്ടത്തിൽ പഴയ സൈക്കിളുകളിലേക്കും ശ്രദ്ധ തിരിഞ്ഞു. 1969ൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് ആന്റണി ഇംഗ്ലണ്ട് നിർമിത റോബിൻഹുഡ് സൈക്കിൾ സമ്മാനിച്ചിരുന്നു. കുറെക്കാലം അതുപയോഗിച്ചു. പിന്നീട് ജോലിയും മറ്റുമായി തിരക്കായപ്പോൾ സൈക്കിളിന്റെ കാര്യം മറന്നു. പിന്നീടെപ്പൊഴോ പഴയ ഇഷ്ടങ്ങൾ പൊടിതട്ടിയെടുത്തു. ഇംഗ്ലണ്ട് നിർമിത മോഡൽ അന്വേഷിച്ചു നടന്നെങ്കിലും കിട്ടാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ബെംഗളൂരുവിൽ പഴയ റാലി സൈക്കിൾ ലേലത്തിൽ കൊടുക്കുന്നുണ്ടെന്നറിഞ്ഞ് അങ്ങോട്ടുപോയി. 200 രൂപ മതിപ്പു വില വരുന്ന സൈക്കിൾ 7000 രൂപയ്ക്കു സ്വന്തമാക്കി. പഴയ മോഡൽ സൈക്കിളുകൾ അന്വേഷിച്ചുള്ള യാത്രയ്ക്ക് അവിടെ തുടക്കമായി.

റോയൽ എൻഫീൽഡ്, ഇംഗ്ലണ്ട്
റോയൽ എൻഫീൽഡ്, ഇംഗ്ലണ്ട്

അന്നേ ഉണ്ട് ഗിയർ ഷിഫ്റ്റിങ്  

ഈ അലച്ചിലുകൾക്കിടയിൽ പഴയ സൈക്കിളുകളെക്കുറിച്ച് കൂടുതൽ പഠിച്ചു. ഇന്നത്തെ ആധുനിക ഗിയർ ഷിഫ്റ്റിങ് സൈക്കിളുകൾ കാണുമ്പോഴാണ് ഇതേ സാങ്കേതികവിദ്യ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ ഉപയോഗിച്ചിരുന്നു എന്ന് മനസ്സിലാകുക. നൂറു വർഷം മുൻപുപോലും 2–സ്പീഡ്, 3–സ്പീഡ്, 4– സ്പീഡ് മോഡലുകൾ, പെഡൽ ബ്രേക്ക് മോഡൽ, ഓഡോമീറ്ററുള്ള എൻഫീൽഡ് സൈക്കിൾ, 3–സ്പീഡ് മോഡലുകൾ, വീൽ കറങ്ങുമ്പോൾത്തന്നെ ഹെഡ് ‌ലൈറ്റും ബ്രേക്ക് ലൈറ്റും തെളിയുന്ന മോഡലുകൾ, പലതരം ബെല്ലുകൾ ... ഓരോന്നും വെറൈറ്റി ആണ്. അന്നത്തെ എല്ലാ മോഡലുകളിലും കാറ്റ് നിറയ്ക്കാനുള്ള ഹാൻഡ് പമ്പ്, ടൂൾസ് കിറ്റ് എന്നിവ ഉണ്ടായിരുന്നു. ചില സൈക്കിളുകളിൽ ഹെഡ്‌ലൈറ്റിനു പകരം പഴയ റാന്തൽവിളക്കിന്റെ ചെറുരൂപമായ മണ്ണെണ്ണയൊഴിച്ചു കത്തിക്കുന്ന കെരോസിൻ ലാംപ് ആയിരിക്കും. മറ്റു ചിലതിൽ കാർബൈഡ് കത്തിച്ചാൽ തെളിയുന്ന വിളക്കുകൾ, എന്നിവ ഇക്കൂട്ടത്തിലുണ്ട്. ചില മോഡലുകളിൽ ഹെഡ്‌ലൈറ്റ് തെളിയിക്കുന്നതിനുള്ള ബാറ്ററി വരെ പ്രത്യേകമായി ഉണ്ടായിരുന്നു. പലതിന്റെയും നിർമാണ നിലവാരം മികച്ചതാണ്. ഇത്രകാലമായിട്ടും മെക്കാനിക്കൽ തകരാറുകൾ വളരെ കുറവാണ്. പലതും ശ്രദ്ധിക്കാതെ കിടന്നതുകൊണ്ടുള്ള പ്രശ്നങ്ങളായിരുന്നു കൂടുതൽ.

റോയൽ എൻഫീൽഡ്, ഇംഗ്ലണ്ട്
റോയൽ എൻഫീൽഡ്, ഇംഗ്ലണ്ട്

125 സൈക്കിളുകൾ!

പതിനഞ്ചുവർഷം പൂർത്തിയാകുമ്പോൾ സൈക്കിൾ ശേഖരം 125ൽ എത്തിനിൽക്കുകയാണ്. റാലിയുടെ പല വകഭേദങ്ങൾ - നോട്ടിങ്ങാമിൽ നിർമിച്ച റാലി, റോബിൻഹുഡ്, റഡ്ജ്, ഹംബർ, ബർമിങ്ങാമിൽനിന്നുള്ള ഹെർക്കുലീസ് എന്നിവയും പ്രത്യേകമായി സൂക്ഷിച്ചിട്ടുണ്ട്. എല്ലാം ഒറിജിനാലിറ്റിയിൽ തന്നെ റിസ്റ്റോർ ചെയ്തു സൂക്ഷിക്കും. നന്നാക്കിയെടുക്കാത്ത കുറച്ചെണ്ണം ബാൽക്കണിയിൽ നിർത്തിയിട്ടിരിക്കുന്നു. ശേഖരത്തിലെ 80-90 വണ്ടികൾ ഇംഗ്ലണ്ട് നിർമിത മോഡലുകളാണ്. സൈക്കിളുകളിൽ നിർമിച്ച വർഷം രേഖപ്പെടുത്താത്തതിനാൽ കൃത്യമായ വർഷം കണക്കാക്കാനാകില്ല.

റാല് ചോപ്പർ, ഇംഗ്ലണ്ട്
റാല് ചോപ്പർ, ഇംഗ്ലണ്ട്

കയ്യിൽകിട്ടുമ്പോൾ പലതും കാലപ്പഴക്കം മൂലം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. വീട്ടിലെത്തിച്ചു തകരാറുകൾ പരിഹരിച്ച് ഓട്ടപ്പരുവമാക്കിയെടുക്കാൻ കഷ്ടപ്പെട്ടു. ഒറിജിനൽ സ്റ്റിക്കറും മറ്റും കിട്ടാൻ ബുദ്ധിമുട്ടായപ്പോൾ ഇംഗ്ലണ്ടിലുള്ള പരിചയക്കാർവഴി വരുത്തിച്ചു. അക്കാലത്ത് യൂറോപ്പിലും മറ്റും വനിതകൾ ഉപയോഗിച്ചിരുന്ന മോഡൽ സൈക്കിളുകൾ ശേഖരത്തിലുണ്ട്. പലതിന്റെയും സ്പെയർ പാർട്സും കേരളത്തിൽ കിട്ടാനില്ല. കൊൽക്കത്തയിൽനിന്നോ ചെന്നൈയിൽനിന്നോ വരുത്താറാണ് പതിവ്. യൂറോപ്യന്മാർ കൂടുതലായും താമസിച്ചിരുന്ന ഊട്ടി, പോണ്ടിച്ചേരി, ബെംഗളൂരു, ചെന്നൈ പോലുള്ള സ്ഥലങ്ങളിൽനിന്നാണ് സൈക്കിളുകൾ കിട്ടിയത്.

ബിഎസ്‍എ പാരാട്രൂപ്, ട്രക്കുകളിലും വിമാനങ്ങളിലും എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയുന്ന വിധത്തിൽ മടക്കിവയ്ക്കാമെന്നതാണു ബിഎസ്എ  പാരാട്രൂപ് സൈക്കിളിന്റെ പ്രധാന സവിശേഷത.
ബിഎസ്‍എ പാരാട്രൂപ്, ട്രക്കുകളിലും വിമാനങ്ങളിലും എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയുന്ന വിധത്തിൽ മടക്കിവയ്ക്കാമെന്നതാണു ബിഎസ്എ പാരാട്രൂപ് സൈക്കിളിന്റെ പ്രധാന സവിശേഷത.

യുദ്ധവീരൻ ബിഎസ്എ പാരാട്രൂപ്

ബ്രിട്ടനിലെ ബിഎസ്എ കമ്പനി നിർമിച്ച എയർബോൺ ഫോൾഡിങ് ഗണത്തിൽപ്പെട്ട പാരാട്രൂപ് സൈക്കിളാണിത്. ഇംഗ്ലണ്ടിലെ സതാംപ്ടനിൽ 1940കളിൽ നിർമിക്കപ്പെട്ട ഇത്തരം സൈക്കിളുകൾ യുദ്ധമുഖങ്ങളിലേക്കു സൈനികർക്കു സഞ്ചരിക്കാൻ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. ട്രക്കുകളിലും വിമാനങ്ങളിലും എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയുന്ന വിധത്തിൽ മടക്കിവയ്ക്കാമെന്നതാണു സൈക്കിളിന്റെ പ്രധാന സവിശേഷത. ഹെലികോപ്റ്ററിൽ ഇത് യുദ്ധമുഖത്ത് ഇറക്കാൻ പറ്റുന്നവിധം സൈക്കിളിനെ നോബ് തിരിച്ചു മടക്കാം. ഇതിലുള്ള ലൈറ്റിനും പ്രത്യേകതയുണ്ട്. അപായസൂചന നൽകുന്നതിനായി ചുവപ്പിലും അല്ലാത്തപ്പോൾ പച്ച നിറത്തിലും ലൈറ്റ് തെളിയിക്കാം. സിംഗിൾ സ്പീഡ് മോഡലാണിത്. കോഴിക്കോട്ടുനിന്നാണിത് ലഭിച്ചത്. ശോചനീയാവസ്ഥയിലായിരുന്ന പാരാട്രൂപ് ഡേവിസിന്റെ കൈകളിലെത്തിയപ്പോൾ മിടുക്കനായി.

റോയൽ എൻഫീൽഡ്, ജെയിംസ് അംബാസിഡർ
റോയൽ എൻഫീൽഡ്, ജെയിംസ് അംബാസിഡർ

കോസ്റ്റൽ ബ്രേക്ക്

ഈ സൈക്കിളിന് കേബിൾ ബ്രേക്ക് ഇല്ല. പിന്നെങ്ങനെ നിർത്തുമെന്നല്ലേ... പെഡൽ പിന്നിലേക്ക് ചവിട്ടിയാൽ സൈക്കിൾ നിൽക്കും. വളരെ അപൂർവമായി മാത്രമേ ഇത്തരം സൈക്കിളുകൾ ഉള്ളൂ. മറ്റൊരു കൗതുകകരമായ കാര്യം വലതു ഹാൻഡിൽ ആക്സിലറേഷൻ കൊടുക്കുന്നതുപോലെ തിരിച്ചാൽ ഗിയർ മാറും. വിക്ടോറിയയ്ക്കും ട്രയംഫ് മോഡലിനും കോസ്റ്റൽ ബ്രേക്ക് ഉണ്ട്.

വിക്ടോറിയ– ജർമനി സിറ്റി ബൈക്ക്
വിക്ടോറിയ– ജർമനി സിറ്റി ബൈക്ക്

റാലി ചോപ്പർ

ഒരിക്കൽ പത്രത്തിൽ ഡേവിസിന്റെ സൈക്കിൾ ശേഖരത്തെക്കുറിച്ചുള്ള വാർത്ത വന്നതുകണ്ട് കുന്നുംകുളത്തുനിന്നൊരു കത്തു വന്നു. ആ കത്തിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു... അവരുടെ അച്ഛൻ സിംഗപ്പുരിൽനിന്നു കൊണ്ടുവന്ന റാലി ചോപ്പർ വീട്ടിലുണ്ട്. നിങ്ങൾക്കു വേണമെങ്കിൽ കൊണ്ടുപോകാം. കത്തുമായി ഡേവിസ് നേരെ അവരുടെ വീട്ടിൽപോയി സൈക്കിൾ എടുത്തുകൊണ്ടുവന്നു. കേടുപാടെല്ലാം തീർത്ത് പെയിന്റ് ചെയ്തു ഭംഗിയാക്കി. രണ്ടു റാലി ചോപ്പർ സൈക്കിളുകൾ ഡേവിസിന്റെ കൈവശമുണ്ട്.

എൽവിക് ഹൂപ്പർ, ഇംഗ്ലണ്ട്
എൽവിക് ഹൂപ്പർ, ഇംഗ്ലണ്ട്

വിക്ടോറിയ

ജർമൻ നിർമിത ലേഡീസ് സൈക്കിൾ. 1950ൽ നിർമിച്ച വിക്ടോറിയ ഫോൾഡിങ് ചെയ്യാം. ഇതുവരെ പെയിന്റ് ചെയ്യേണ്ടി വന്നിട്ടില്ല. 100 ശതമാനം ഒറിജിനൽ. 2–സ്പീഡ് ഗിയർ ഷിഫ്റ്റിങ് ആണിതിന്.   

cycle-9

സൈക്കിളുകൾ നിർത്തിയിടുമ്പോൾ ടയറുകൾ നിലത്തുരഞ്ഞ് റബർ കട്ടിയാകാതിരിക്കാൻ എല്ലാ മോഡലുകൾക്കും പ്രത്യേകം സ്റ്റാൻഡ് ഉണ്ട്. ഇതു കൂടാതെ കുട്ടികൾ പണ്ട് ഉപയോഗിച്ചിരുന്ന കുഞ്ഞൻ സൈക്കിളുകൾ ഉൾപ്പെടെ ഈ വീട്ടിലുണ്ട്. ഡേവിസിന്റെ ഇഷ്ടങ്ങൾക്ക് പിന്തുണയുമായി ഭാര്യ മേഴ്സി കൂടെയുണ്ട്. മക്കൾ ഡെൽമ ബിജോയ്, ഹിമ എബിൻ. ഇരുവരും വിവാഹിതരായി കുടുംബത്തോടൊപ്പം വിദേശത്താണ്.

English Summary:

Vintage Cycle Collection In Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com