ADVERTISEMENT

എസി ഇല്ലാത്ത കാറിലുള്ള യാത്ര ചിന്തിക്കുന്നതുപോലും അസാധ്യമാക്കുന്നത്ര ഉയര്‍ന്ന ചൂടാണ് ഇപ്പോള്‍. കാറിന്റെ ഉൾവശം തണുപ്പിക്കുന്നതുവഴി ഡ്രൈവര്‍മാരുടെയും യാത്രികരുടെയും അസ്വസ്ഥതകള്‍ കുറയ്ക്കുകയും അതുവഴി അപകട സാധ്യത പോലും ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട് എസി.

വേനലില്‍ എസി ഉപയോഗിക്കുമ്പോൾ‌ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാര്യക്ഷമമായ എസി ഉപയോഗം ഇന്ധനച്ചെലവ് കുറയ്ക്കാനും സഹായിക്കും. അതിനുള്ള ചില മാർഗങ്ങളിതാ.

Image Source: Leschenko | istock
Image Source: Leschenko | istock

പാര്‍ക്കിങ്

ചൂടുകാലത്ത് കാര്‍ പാര്‍ക്ക് ചെയ്യുമ്പോഴും ശ്രദ്ധിക്കണം. പരമാവധി തണലിൽ‌ പാര്‍ക്കു ചെയ്യാന്‍ ശ്രമിക്കുക. ഇത് കാറിനുള്ളിലെ താപനില വര്‍ധിക്കുന്നത് തടയുന്നു. പൊരിവെയിലത്തു കിടക്കുന്ന കാറില്‍ എസി ഓണാക്കിയാലും തണുത്തുവരാന്‍ സമയമെടുക്കും. എന്നാല്‍ തണലത്താണ് പാര്‍ക്കു ചെയ്തതെങ്കില്‍ ഈ പ്രശ്‌നമുണ്ടാവില്ല. 

റീ സര്‍ക്കുലേഷന്‍

മാനുവല്‍ എസികളില്‍ പ്രധാനമായും മൂന്നു സ്വിച്ചുകളുണ്ടാവും. ഒന്ന് ഫാനിന്റെ വേഗവും മറ്റൊന്ന് തണുപ്പും നിയന്ത്രിക്കാനും മൂന്നാമത്തേത് എവിടെ നിന്നുള്ള വായു ഉപയോഗിച്ചാണ് എസി പ്രവര്‍ത്തിപ്പിക്കേണ്ടത് എന്നു തീരുമാനിക്കാനും. പുറത്തു നിന്നുള്ള വായു ഉള്ളിലേക്കെടുക്കാതെ ശ്രദ്ധിക്കണം. അതിനായി റീ സര്‍ക്കുലേഷന്‍ മോഡില്‍ മാത്രം എസി ഉപയോഗിക്കുക. ഇത് കാറിനുള്ളിലെ താരതമ്യേന ചൂടു കുറഞ്ഞ വായു വീണ്ടും കാറിനുള്ളിലേക്കു വരാന്‍ സഹായിക്കും. 

വെന്റിലേഷന്‍

വെയിലത്ത് പാര്‍ക്കു ചെയ്യേണ്ടി വന്നാല്‍ കാര്‍ സ്റ്റാർട്ട് ചെയ്ത് എസി ഒാക്കുന്നതിനു മുൻപ് വിന്‍ഡോകൾ താഴ്ത്തുന്നത് നന്നായിരിക്കും. ഇത് കാറിനുള്ളിലെ ചൂടുവായു പെട്ടെന്ന് പുറത്തേക്കു പോകാൻ ഇടയാക്കും. എസിയിലെ ഫാനുകള്‍ പരമാവധി വേഗത്തിലാക്കുന്നതും വായു പെട്ടെന്നു പുറത്തേക്കു പോകാൻ സഹായിക്കും.

എയര്‍ ഫില്‍റ്റര്‍

എസി ഫില്‍റ്ററുകറില്‍ അഴുക്കില്ലാത്തത് എസിയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുതരും. ഇടവേളകളില്‍ എയര്‍ ഫില്‍റ്റര്‍ വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്യുന്നുവെന്ന് ഉറപ്പിക്കണം. വേനൽക്കാലത്ത് എയര്‍ ഫില്‍റ്ററുകളില്‍ പൊടി പിടിക്കാനുള്ള സാധ്യത കൂടുതലാണ്. പൊടിപിടിച്ച എയര്‍ ഫില്‍റ്ററാണെങ്കില്‍ എസികള്‍ക്ക് കൂടുതല്‍ ജോലി ചെയ്താല്‍ മാത്രമേ കാറിന്റെ ഉള്‍ഭാഗം തണുപ്പിക്കാന്‍ സാധിക്കൂ. 

എസിക്കു മുമ്പ് ഫാന്‍

ചൂടുള്ള സമയത്ത് കാറിന്റെ എസി ഓണാക്കുന്നതിനു മുൻപ് ഫാന്‍ ഉപയോഗിക്കണം. ആദ്യം കാറിന്റെ വിന്‍ഡോ താഴ്ത്തിവച്ച് ഫാന്‍ പരമാവധി വേഗത്തിലിട്ട് ഉള്ളിലെ ചൂടുവായു പുറത്തേക്കു കളയുക. ഇതിനു ശേഷം മാത്രം എസി ഓണാക്കുക. ഇത് കാറിന്റെ കാബിന്‍ വേഗത്തില്‍ തണുപ്പിക്കാന്‍ എസിയെ സഹായിക്കും. 

Image Source: hiphotos35 | istock
Image Source: hiphotos35 | istock

സണ്‍ഷേഡും വിന്‍ഡോ വൈസറുകളും

വേനല്‍ക്കാലത്ത് സണ്‍ ഷേഡുകളും വിന്‍ഡോ വൈസറുകളും ബുദ്ധിപൂര്‍വം ഉപയോഗിക്കണം. ഡ്രൈവു ചെയ്യുമ്പോള്‍ മാത്രമല്ല വെയിലത്തു പാര്‍ക്കു ചെയ്യുമ്പോഴും സണ്‍ഷേഡുകള്‍ ഉപയോഗിക്കാം. നേരിട്ട് വെയില്‍ കാറിനകത്തേക്ക് ഏല്‍ക്കുന്നത് കുറയ്ക്കാന്‍ ഇത്തരം മുന്‍കരുതലുകള്‍ വഴി സാധിക്കും. അത് എസിയുടെ ജോലിഭാരം കുറക്കുകയും ചെയ്യും. 

English Summary:

Beat the Heat Without Breaking the Bank: 6 Expert Tips to Boost AC Efficiency and Save on Fuel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com