സി 3 ഇപ്പോൾത്തരാം; അംബാസഡർ പിന്നീട്...
Mail This Article
പിറന്നിട്ടു നൂറു കൊല്ലം കഴിഞ്ഞ സിട്രോൺ ഇന്ത്യയിലെത്തുന്നത് യുവത്വവുമായാണ്. സി 3; യുവത്വത്തിനൊപ്പം ആവേശവും ആഢ്യത്വവുമുള്ള മിനി എസ്‌യുവി. മാരുതി ഇഗ്നിസിനോടും ടാറ്റ പഞ്ചിനോടും നേരിട്ടു പോരാടാനെത്തുന്ന ഫ്രഞ്ച് കരുത്ത്. ഇന്ത്യയുടെ സ്വന്തം അംബാസഡർ വീണ്ടും കൊണ്ടു വരുന്നത് സിട്രോണാണെന്നതും മറ്റൊരു ഫ്രഞ്ച് കണക്‌ഷൻ...
സിട്രോൺ എന്ന ഫ്രഞ്ച് കാവ്യം
ഇന്ത്യയിലധികം കേൾക്കാത്ത നാമം 1919 മുതൽ ഫ്രാൻസിലെ സജീവ സാന്നിധ്യമാണ്. രണ്ടാം ലോകയുദ്ധത്തിന്റെ പഞ്ഞകാലത്ത് ശരാശരി ഫ്രഞ്ചുകാരനെ കാറിലേറ്റിയ സ്ഥാപനം. കാറുകൾ ജനകീയമാക്കിയ അമേരിക്കയുടെ ഫോഡ് മോഡൽ ടിയുടെ ഫ്രഞ്ച് തൽഭവം. നാമൊക്ക ധാരാളം കേട്ട പീപ്പിൾസ് കാറെന്ന ഫോക്സ്‌വാഗൻ ബീറ്റിലിനോപ്പം യൂറോപ്പിൽ ജനകീയം. പറക്കും പരവതാനിയെന്ന വിശേഷണം അന്വർഥമാക്കുന്ന അതീവ സുഖകര സവാരിയുടെ പര്യായം.
വെടിയുണ്ടയിൽ കുരുത്തത്
ഇന്നു കാണുന്ന, ചരിത്രമുള്ള ഏതാണ്ടെല്ലാ വാഹനനിർമാതാക്കളെയും പോലെ സിട്രോണും തുടങ്ങിയത് ആയുധ നിർമാതാക്കളായാണ്. ഒന്നാം ലോക യുദ്ധത്തിൽ ഫ്രഞ്ച് പട്ടാളത്തിന് കരുത്തായ സിട്രോൺ യുദ്ധാനന്തരം കാറുകളുണ്ടാക്കിത്തുടങ്ങി. 1909 ൽ കാർ നിർമാണം തുടങ്ങാനിരുന്ന സ്ഥാപകൻ ആന്ദ്രേ സിട്രോൺ ആദ്യം പുറത്തിറക്കിയ കാർ ടൈപ് എ. യുദ്ധം പത്തു കൊല്ലം കവർന്നതിനാൽ ആദ്യ കാർ ഇറങ്ങിയത് 1919 ൽ. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
ട്രാക്‌ഷൻ അവാന്ത്, 2 സി വി യുഗങ്ങൾ
സിട്രോൺ ചരിത്രത്തിലെ ആദ്യ നാഴികക്കല്ല് മുപ്പതുകളിൽ ഇറക്കിയ ട്രാക്‌ഷൻ അവാന്ത് എന്ന മോഡലാണ്. ഇന്നത്തെ ആധുനിക കാറുകളിൽ കാണാനാവുന്ന മോണോകോക് ബോഡി, ഇൻഡിപെൻഡന്റ് സസ്പെൻഷൻ, ഫ്രണ്ട് വീൽ ഡ്രൈവ് തുടങ്ങിയ ആധുനികതകൾ അവാന്ത് അന്നേ തുടങ്ങി വച്ചു. രണ്ടാം ഘട്ടം തുടങ്ങുന്നത് 2 സി വി എന്ന കുഞ്ഞനിലൂടെയാണ്. രണ്ടാം ലോകയുദ്ധത്തിന്റെ സാമ്പത്തികത്തകർച്ചയിലും ഫ്രഞ്ച് ജനതയെ കാറിലേറ്റിയ കൊച്ചു വാഹനം. ടാറ്റ നാനോയോടു സാമ്യമുള്ള 9 ബി എച്ച് പി കാർ സൂപ്പർ ഹിറ്റായി. 1948 മുതൽ നിർമാണം നിർത്തുന്ന 1990 വരെ ഇറങ്ങിയത് 90 ലക്ഷം കാറുകൾ.
പറക്കും പരവതാനി
2 സി വിയെന്ന ജനകീയ കാറിൽനിന്ന് സിട്രോൺ ഗിയർ മാറിയെത്തുന്നത് ഏറ്റവും മികച്ച യാത്രാസുഖം നൽകുന്ന കാറുകളെന്ന മികവിലേക്കാണ്. 1955 ൽ ഇറങ്ങിയ ഡി എസ് മോഡലിലെ ഹൈഡ്രോന്യൂമാറ്റിക് സെൽഫ് ലെവലിങ് സസ്പെൻഷൻ മുതലിങ്ങോട്ട് എത്ര ചെറിയ കാറാണെങ്കിലും പറക്കും പരവതാനിയിലെ യാത്രാസുഖമേകുകയാണ് സിട്രോൺ. ഒപ്പം ഡിസ്ക് ബ്രേക്ക്, പവർ സ്റ്റീയറിങ്, സെമി ഓട്ടമാറ്റിക് ട്രാൻസ്മിഷൻ എന്നിങ്ങനെ അന്നു കേട്ടു കേൾവി പോലുമില്ലാത്ത സാങ്കേതികതകൾ സിട്രോൺ ജനകീയമാക്കി.
ഇന്ത്യയുടെ സി 3
കഴിഞ്ഞ കൊല്ലം എത്തിച്ച പ്രീമിയം സി 5 എയർക്രോസിനു പിന്നാലെയെത്തുന്ന സി 3 കലർപ്പില്ലാത്ത ഫ്രഞ്ച് സാങ്കേതികതയിൽ ഏതാണ്ട് പൂർണമായും ഇന്ത്യയിൽ നിർമിച്ചതാണ്. ചെന്നൈയിലാണ് നിർമിതി. 95 ശതമാനം ഘടകങ്ങളും ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നു. ഇവിടെനിന്നു ഘടകങ്ങളും കാറുകളും മറ്റു വിപണികളിലേക്ക് കയറ്റി അയയ്ക്കാനും പദ്ധതിയുണ്ട്. സി 3 യൂറോപ്പിലടക്കം ഒട്ടേറെ രാജ്യങ്ങളിലിറങ്ങുന്നു. 2002 മുതൽ ഇറങ്ങുന്ന കാറിന്റെ നാലാം തലമുറ. ഇതു വരെ 50 ലക്ഷം സി 3 കളിറങ്ങി.
ഇനിയെന്ത് പുതുമ ?
കാറുകൾ നിറഞ്ഞ ഇന്ത്യയിൽ തെല്ലു വൈകിയെത്തുന്ന ഫ്രഞ്ച് കാർ എന്താണ് പുതുതായി തരുന്നത്? സംശയം ആദ്യമായി സി 3 കണ്ടപ്പോൾത്തന്നെ പാതി തീർന്നു, ശേഷിക്കുന്ന ഉത്തരങ്ങൾക്ക് ടെസ്റ്റ് ഡ്രൈവ് മറുപടിയായി. ആരെയും വീഴ്ത്തുന്ന ഗാംഭീര്യം. പെട്ടി പോലുള്ള രൂപകൽപനകൾ കണ്ടു മടുത്ത നമ്മെ വിശ്വ ശിൽപിയുടെ മാസ്റ്റർ സ്ട്രോക്ക് പോലെയുള്ള ചില കോറിയിടലുകൾ കൊണ്ടു കീഴടക്കുന്നു. എന്നു വച്ചാൽ ഫ്ലൂറസന്റ് ഓറഞ്ച് നിറത്തിലെ ചില ഗാർനിഷുകളും അത്യപൂർവമായ അലോയ് വീലുകളും ബോഡിയിലെ ചില നിമ്നോന്നതങ്ങളും... ആദ്യകാഴ്ചയിൽ അനുരാഗമുണ്ടായാൽ കുറ്റം പറയരുത്.
കാറെന്നും വിളിക്കില്ല...
ഉള്ളിന്റെയുള്ളിൽ സി 3 ഒരു ഹാച്ച് ബാക്ക് കാർ തന്നെയാണെന്ന് നിർമാതാക്കൾ സമ്മതിക്കുന്നു. എന്നാൽ എസ്‌യുവിയുടെ രൂപകൽപനാ തത്വങ്ങൾ മനസ്സിലിട്ട് നിർമിച്ച ഹാച്ച് ബാക്കാണ്. ആദ്യ രൂപകൽപനാ ചിത്രങ്ങളിൽത്തന്നെ തീരുമാനിച്ചുറപ്പിച്ച വലിയ വീൽ ആർച്ചുകളും ഞെട്ടിക്കുന്ന അലോയ് വീൽ ഡിസൈനും പെട്ടി രൂപവും പ്രൊഡക്‌ഷൻ കാറിലും നില നിർത്തിയപ്പോൾ യുവത്വം തുളുമ്പുന്ന മിനി എസ്‌യുവി പിറന്നു. ഇന്ത്യയുടെ യുവത്വത്തെ മാടി വിളിക്കുന്ന, കൊക്കിലൊതുങ്ങുന്ന യൂറോപ്യൻ എസ്‌യുവി.
തലയെടുപ്പുള്ള രൂപം
ബോൾഡ് ഡിസൈൻ എന്നു വിശേഷിപ്പിക്കുന്ന രൂപത്തിൽ ശ്രദ്ധേയം സിട്രോൺ ലോഗോ അനുസ്യൂതം ചേർന്നു പോകുന്ന മുന്നിലെ ക്രോമിയം ഗാർനിഷും വ്യത്യസ്തമായ ഹെഡ് ലാംപുകളും. മിന്നും ഓറഞ്ച് നിറത്തിലുള്ള ഗാർനിഷുകൾ ഫോഗ് ലാംപുകളിലും വിങ് മിററിലും സൈഡ് ക്ലാഡിങ്ങിലുമൊക്കെയുണ്ട്. റൂഫ് റെയിലും അലോയ് വീലും ക്ലാഡിങ്ങും വശക്കാഴ്ചയിൽ എസ്‌യുവിത്തം നൽകുന്നു. ഡ്യുവൽ ടോൺ നിറങ്ങളും ക്രോമിയവും എല്ലാം തെല്ലും അധികമില്ലാതെ നൽകിയിരിക്കയാണ്. പിൻവശം ലളിതം. കണ്ടാൽ കമ്പം തോന്നുന്ന രൂപം.
ലളിതം, സുന്ദരം
ഉൾവശം ലളിത സുന്ദരം. കറുപ്പും ഓറഞ്ചും ഫിനിഷ്. നല്ല സപ്പോർട്ട് നൽകുന്ന ഫാബ്രിക് സീറ്റ്. കാഴ്ചയിൽ മെലിഞ്ഞതെങ്കിലും ഇരിക്കാൻ നല്ല സുഖം. ഒരിടത്തും കണ്ടിട്ടില്ലാത്ത തരം എസി വെന്റുകൾ, ഗിയർ നോബ്. ഡ്രൈവറെ തെല്ലും അമ്പരപ്പിക്കാത്ത നിയന്ത്രണങ്ങൾ, ഡിസ്പ്ലേകൾ. ചെറിയ സ്പോർട്ടി സ്റ്റിയറിങ്. കൺസോളിൽ വേഗമടക്കം വളരെ അവശ്യം വേണ്ട വിവരങ്ങൾ മാത്രം. ചില പുതു കാറുകളുടെ കൺസോൾ നിയന്ത്രണങ്ങൾ പഠിക്കാൻ ആഴ്ചകൾ വേണ്ടയിടത്ത് ലളിത സുന്ദര സിട്രോൺ... ഫ്രഞ്ചുകാർ നമുക്കു നൽകുന്ന പുതിയ വാഹന പാഠങ്ങൾ എത്ര ലളിതം.
കസ്റ്റം മെയ്ഡ്...
റോൾസ് റോയ്സ് പോലുള്ള അത്യാഡംബര കാറുകൾ വ്യക്തികൾക്കായി പ്രത്യേകം നിർമിച്ചുനൽകുന്നെങ്കിൽ സി 3 ഏതാണ്ടു സമാന സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 10 നിറങ്ങൾക്കും ഡ്യുവൽ ടോണുകൾക്കും പുറമെ 3 പാക്കുകളിലായി 56 കസ്റ്റമൈസേഷൻ ഓപ്ഷനുകൾ. ഒരു കാർ കണ്ടാൽ അത്തരം മറ്റൊരെണ്ണം കാണണമെങ്കിൽ മാസങ്ങളെടുത്തേക്കും. ഇന്ത്യയിൽ മറ്റൊരു നിർമാതാക്കളും നൽകാത്ത ‘എക്സ്പ്രസ് യുവർ സ്റ്റൈൽ’ സൗകര്യം.
ഇൻഫോടെയ്ൻമെന്റ്, സ്ഥലസൗകര്യം...
26 സെ.മി. സെൻട്രൽ കൺസോളിൽ ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വയർലെസായി കണക്ട് ചെയ്യാം. കാറും ഫോണുമായുള്ള സങ്കലനത്തിൽ തലവേദനകളില്ലാത്ത സവാരി. ഈ വിഭാഗത്തിൽ ഏറ്റവും വലുപ്പമുള്ള കാറെന്ന നിലയിൽ ധാരാളം സ്ഥലം. ബോക്സി രൂപം ഹെഡ് റൂമായി മാറുന്നു. 2540 മി.മി. വീൽ ബേസ്. പിൻസീറ്റിലും ആവശ്യത്തിന് ഇടമുണ്ട്. ഡിക്കി 315 ലീറ്റർ.
എൻജിനാണു താരം, സസ്പെൻഷനും
1.2 ലീറ്റർ 3 സിലണ്ടർ എൻജിന് രണ്ട് ഓപ്ഷനുകൾ. 82 പിഎസ് ശക്തിയും 5 സ്പീഡ്ഗിയർ ബോക്സും. ടർബോയ്ക്ക് 110 പി എസ്, 6 സ്പീഡ് ഗിയർ ബോക്സ്. ഇന്ധനക്ഷമത 19.8, 19.4. ഓട്ടമാറ്റിക് ഇപ്പോഴില്ല. രണ്ടു മോഡലുകൾക്കും ഒന്നാന്തരം ഡ്രൈവബിലിറ്റി. കൃത്യതയുള്ള ഗിയർഷിഫ്റ്റ്. ടർബോ മോഡലിന്റെ കുതിപ്പില്ലെങ്കിലും സാധാരണ ആവശ്യങ്ങൾക്ക് 82 പി എസ് മോഡൽ ധാരാളം. രണ്ടു മോഡലിലെയും ‘മാജിക് കാർപെറ്റ് റൈഡ്’ അപാരം. വലിയ കാറുകളും എസ്‌യുവികളും തരണം ചെയ്യുന്നതിലും മനോഹരമായി ഗട്ടറുകളും ബമ്പുകളും സി 3 താണ്ടുന്നുണ്ട്.
ഇതും കൂടി ആകാമായിരുന്നു
റിയർ വിൻഡ് സ്ക്രീൻ വാഷ് വൈപ്പർ, ഇലക്ട്രിക് ക്രമീകരണമുള്ള വിങ് മിററുകൾഎന്നിവ അടുത്ത പരിഷ്കാരത്തിൽ പ്രതീക്ഷിക്കുന്നു.
ഓൺലൈനായി വാങ്ങാം, സർവീസ് വീട്ടു പടിക്കൽ
ഓൺലൈനായി ആവശ്യപ്പെട്ടാൽ ടെസ്റ്റ് ഡ്രൈവ് കാറെത്തും. പിന്നെ കസ്റ്റമൈസ് ചെയ്ത് ബുക്ക് ചെയ്താൽ കാർ കമ്പനിയിൽനിന്നു നേരെ വീട്ടിലെത്തിക്കോളും. സർവീസും അങ്ങനെ തന്നെ. എപ്പോൾ വേണമെങ്കിലും സർവീസ് വീട്ടുപടിക്കലെത്തും. ഡീലർഷിപ്പിൽ കൊണ്ടു പോകാതെ തന്നെ ചെറു സർവീസുകൾ വീട്ടിലെത്തി ചെയ്യും എന്നതാണ് പ്രത്യേകത. 2 കൊല്ലം, 40000 കി.മി. വാറന്റി. ഏതു മലമൂട്ടിൽ വച്ചു സാങ്കേതികതകരാർ വന്നാലും വാഹനം ഫ്ലാറ്റ്ബെഡ് ട്രക്കിൽ കയറ്റി സർവീസ് ചെയ്തു വീട്ടിലെത്തിച്ചു തരും എന്നൊരു ഉറപ്പുമുണ്ട്. ലഡാക്കിൽ കേടായ സി 5 എയർക്രോസ് മുംബൈയിൽ എത്തിച്ച അനുഭവ കഥ സിട്രോൺ ഭാരവാഹികൾ ഉദാഹരിച്ചു. സർവീസ് സ്റ്റേഷനിൽ കൊണ്ടു പോകുന്ന പണമേ മുടക്കേണ്ടി വന്നുള്ളു.
എല്ലാർക്കും നല്ല ‘പഞ്ച്’ കിട്ടും...
വില തീരുമാനമായില്ല. എങ്കിലും എതിരാളികളായ ഇഗ്നിസിനും പഞ്ചിനും നല്ല പ്രഹരം നൽകാനാണ് ഫ്രഞ്ച് തീരുമാനം. എതിരാളികളിൽ ഇഗ്നിസ് ഒരു ഫെയ്സ് ലിഫ്റ്റിനായി കാത്തിരിക്കുന്നതും പഞ്ചിന്റെ എൻജിനൊരു ‘പഞ്ചി’ല്ലാത്തതും സി 3 ന് ഗുണമാകും. ടാറ്റയുടെ മോശം വിൽപനനാന്തര സേവനവും ഇഗ്നിസിനെപ്പോലെ സി 3 ക്കും അനുകൂലം. പുതുമയിലും മേന്മയിലും സൗകര്യങ്ങളിലും ഒരു കാതം മുന്നിൽ നിൽക്കുമ്പോൾ പിന്നെന്തിനു ഭയക്കണം?
English Summary: Citroen C 3 Test drive Report