ജര്‍മനിയിൽ എംപിമാരുടെ എണ്ണം 630 ആയി വെട്ടിക്കുറയ്ക്കും
Mail This Article
ബര്‍ലിന്‍∙ ജര്‍മനിയിൽ എംപിമാരുടെ എണ്ണം കുത്തനെ വെട്ടിക്കുറയ്ക്കുന്ന വിഷയത്തിൽ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടന്നു. അനുകൂലമായി കൂടുതൽ വോട്ടുകൾ ലഭിച്ചതോടെ അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലെ സീറ്റുകളുടെ എണ്ണം 736 ല്‍ നിന്ന് 630 ആയി കുറയും. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റുകളും സഖ്യകക്ഷികളായ ഗ്രീന്‍സും ലിബറല്‍ എഫ്ഡിപിയും മുന്നോട്ടുവച്ച പദ്ധതിക്ക് അനുകൂലമായി 399 വോട്ടുകളാണ് ലഭിച്ചത്. 261 പേര്‍ എതിര്‍ത്തു. 23 പേര്‍ നിഷ്പക്ഷത പാലിച്ചു വിട്ടുനിന്നു.
Read Also: പുടിന്‍ ആഗോള യുദ്ധകുറ്റവാളി; അറസ്റ്റ് വാറന്റുമായി ഐസിസി
ഓരോ തിരഞ്ഞെടുപ്പിലും വികസിച്ചുകൊണ്ടിരിക്കുന്ന സങ്കീര്‍ണ്ണമായ ഒരു വോട്ടിങ് സമ്പ്രദായമാണ് ജർമൻ പാര്‍ലമെന്റ്. ജര്‍മനിയില്‍ ഓരോ വ്യക്തിക്കും ഒരു സ്ഥാനാര്‍ഥിക്ക് ഒരു വോട്ട് നേരിട്ടും ഒരു പാര്‍ട്ടിക്ക് മറ്റൊരു വോട്ടും രേഖപ്പെടുത്താം. എന്നാല്‍ ഒരു പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ അംഗീകാരം ലഭിക്കണമെങ്കില്‍ അഞ്ച് ശതമാനം വോട്ട് നേടിയിരിയ്ക്കണം. ഒരു പാര്‍ട്ടി നേരിട്ട് മൂന്ന് സീറ്റുകള്‍ നേടിയാല്‍ മാത്രമേ ആ പരിധി ഒഴിവാക്കാനാകു.
തീവ്ര ഇടതുപക്ഷ ലിങ്കെ, മുന്‍ ചാന്‍സലര്‍ മെര്‍ക്കലിന്റെ ബവേറിയന്‍ സഹോദര പാര്‍ട്ടിയായ സിഎസ്യു തുടങ്ങിയ ചെറുപാര്‍ട്ടികള്‍ അഞ്ചുശതമാനം കടമ്പ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അങ്കലാപ്പിലായിരുന്നു. വോട്ടിങ് അവകാശ പരിഷ്കരണം ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പുതിയ പരിഷ്കാരത്തിലൂടെ രാജ്യത്തിന്റെ ഒരു തിരഞ്ഞെടുപ്പിൽ 340 ദശലക്ഷം യൂറോ ലാഭിക്കാന്‍ കഴിയുമെന്നാണ് ജര്‍മന്‍ നികുതിദായകരുടെ ഫെഡറേഷന്റെ കണക്കുകൂട്ടലുകള്‍.
English Summary: germany cut off number of mp in parliament