ADVERTISEMENT

ലണ്ടൻ ∙ കേരളത്തിൽ കുടുംബമായി മിക്കവരും യുകെ ഉൾപ്പടെ വിദേശ രാജ്യങ്ങളിലാണെന്നും നാട്ടിൽ മാതാപിതാക്കൾ ഒറ്റക്കാണെന്നും  വാർത്ത നൽകി  ബിബിസി. പത്തനംതിട്ട ജില്ലയിലെ കുമ്പനാടിനെ അടിസ്ഥാനമാക്കിയാണ് ബിബിസി വാർത്ത തയാറാക്കി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. വാർത്ത മലയാളികക്ക് ഇടയിൽ ഏറെ ചർച്ചയായി. 'കേരളം: ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ ഒരു പ്രേത നഗരം '(Kerala: A ghost town in the world's most populated country) എന്ന പേരിലാണ് ബിബിസി വാർത്ത പ്രസിദ്ധീകരിച്ചത്. 

Also Read: ബ്രിട്ടനിൽ സന്ദർശകർക്ക് ഫീസ് ഏർപ്പെടുത്തുന്ന ആദ്യ നഗരമായി മാഞ്ചസ്റ്റർ

വാർത്തയിൽ തുടർവിദ്യാഭ്യാസ രംഗത്ത് മുൻപിലാണ് കേരളമെന്ന് അവകാശപ്പെടുമ്പോഴും വിദ്യാർഥികളെ തേടി ഇറങ്ങേണ്ട ഗതികേടിലാണ് ചില സ്കൂളുകളെന്നും പറയുന്നുണ്ട്. ചൈന പോലുള്ള രാജ്യങ്ങൾക്ക് സമാനമായ ജനസംഖ്യ വർധനയാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. വാർത്തയിൽ ഇടം നേടിയ കുമ്പനാട്ടെ പല വീടുകളും ആൾ താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ചില ഇടങ്ങളിൽ പ്രായമായ മാതാപിതാക്കൾ ഒറ്റയ്ക്കും. വിദേശ രാജ്യങ്ങളിലേക്ക് ആളുകൾ കുടിയേറിയ സാഹചര്യത്തിൽ പഠിക്കാൻ വിദ്യാർഥികൾ നാട്ടിൽ ഇല്ലാത്ത അവസ്ഥയാണ് നിലവിൽ.

Photo: Lutsenko_Oleksandr/ Shutterstock
Photo: Lutsenko_Oleksandr/ Shutterstock

വിരലിൽ എണ്ണാവുന്ന വിദ്യാർഥികൾ മാത്രം പഠിക്കുന്ന ചില സ്കൂളുകളിൽ വരും വർഷങ്ങളിലെ സാഹചര്യം എന്താകുമെന്ന ആശങ്ക വാർത്തയിലൂടെ അധ്യാപകർ പങ്കുവയ്ക്കുന്നുണ്ട്. കുട്ടികളെ തേടി അധ്യാപകർ വീടുകൾ കേറേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നു. കുമ്പനാട്ടിലെ 150 വർഷം പഴക്കമുള്ള ഒരു സർക്കാർ യുപി സ്കൂളിൽ നിലവിൽ 50 വിദ്യാർഥികൾ പഠിക്കുന്നു. 1980 കളുടെ അവസാനം വരെ 700 കുട്ടികൾ ഉണ്ടായിരുന്ന സ്കൂളിൽ വളരെ പെട്ടെന്നാണ് 50 ലേക്ക് എത്തിയത് എത്തിയത്. പഠിക്കുന്നവരിൽ ഭൂരിഭാഗവും പട്ടണത്തിന്റെ അരികിൽ താമസിക്കുന്ന ദരിദ്രരും നിരാലംബരുമായ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ഏഴ് വിദ്യാർഥികൾ മാത്രമുള്ള ഏഴാം ക്ലാസിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉള്ളത്. ഇവിടെ 2016 ൽ പഠിച്ചത് ഒരു വിദ്യാർഥി മാത്രമാണെന്നും അധ്യാപകർ പറഞ്ഞതായി വാർത്തയിൽ പറയുന്നു.

ആവശ്യത്തിന് വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കുക എന്നത് വെല്ലുവിളിയാണ്. വീട്ടിൽ നിന്ന് സ്‌കൂളിലേക്കും തിരിച്ചും വിദ്യാർഥികളെ കൊണ്ടുപോകുന്ന ഓട്ടോ റിക്ഷകൾക്ക് നൽകാനായി എട്ട് അധ്യാപകർ ഓരോ മാസവും 2,800 രൂപ ചെലവഴിക്കുന്നു. ഈ പ്രദേശത്ത് കുട്ടികൾ ഇല്ലെന്നും, ആളുകൾ താമസിക്കുന്നത് വളരെ കുറവാണെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ആർ. ജയദേവവി പറഞ്ഞതായി വാർത്തയിൽ പറയുന്നു. 

കുമ്പനാടും അതിനെ ചുറ്റിപ്പറ്റിയുള്ള സ്ഥലങ്ങളിലും ഗ്രാമങ്ങളിലുമായി 25,000 ൽപ്പരം ആളുകൾ താമസിക്കുന്നുണ്ട്. ഇവിടെയുള്ള 11,118 വീടുകളിൽ ഏകദേശം 15% പൂട്ടിക്കിടക്കുകയാണെന്നും ഉടമകൾ വിദേശത്തേക്ക് കുടിയേറുകയോ മക്കളോടൊപ്പം താമസിക്കുന്നതുകൊണ്ടോ ആണെന്നും കുമ്പനാട് ഉൾപ്പെടുന്ന കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജി. ആശ പറയുന്നതായും വാർത്തയിൽ പരാമർശമുണ്ട്. കുമ്പനാടും പരിസരപ്രദേശങ്ങളിലുമായി ഇരുപതോളം സ്‌കൂളുകളുണ്ടെങ്കിലും വിദ്യാർഥികൾ വളരെ കുറവാണെന്നും ജനനനിരക്ക് കുറവായതിനാൽ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നാട് അഭിമുഖീകരിക്കുന്നതെന്നും വാർത്തയിൽ പറയുന്നുണ്ട്.

Representative Image. Photo Credit : Megaflopp / iStockPhoto.com
Representative Image. Photo Credit : Megaflopp / iStockPhoto.com

വലിയ കൊട്ടാരങ്ങൾക്ക് സമാനമായ വീടുകൾ പണിത് ഇട്ടിട്ടാണ് എല്ലാവരും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. അതുകൊണ്ട് തന്നെ പ്രായമായ മാതാപിതാക്കൾ ഒറ്റയ്ക്ക് താമസിക്കുകയാണ്. സമീപത്തുള്ള വൃദ്ധ സദനങ്ങളും പ്രായമായ മാതാപിതാക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിദേശങ്ങളിലേക്ക് ജോലിക്കായി പോകുന്നവർ അവിടെ സ്ഥിരതാമസം ആക്കുന്നതാണ് ഇതിനു കാരണമെന്നും വാർത്തയിൽ പറയുന്നു.

ബിബിസി വാർത്തയിലൂടെ പ്രചരിക്കുന്ന കാര്യങ്ങളോട് പൂർണ്ണമായും യോജിക്കാൻ കഴിയില്ല: സി. ജി. ആശ 

ബിബിസിയിൽ നിന്നും എത്തിയവർ തന്നോട് കുമ്പനാട് പ്രദേശത്തെ അടഞ്ഞു കിടക്കുന്ന വീടുകളെ കുറിച്ചും മറ്റും ചോദിച്ചിരുന്നു. എന്നാൽ വാർത്തയിലൂടെ പ്രചരിക്കുന്ന കാര്യങ്ങളോട് പൂർണ്ണമായും യോജിക്കാൻ കഴിയില്ല. കുമ്പനാട് ഉൾപ്പടെയുള്ള ചില പ്രദേശങ്ങളിൽ വീടുകൾ അടഞ്ഞു കിടക്കുന്നുവെങ്കിലും ഇപ്പോൾ ബിബിസി വാർത്തയിൽ പറഞ്ഞിരിക്കുന്ന തരത്തിലുള്ള കണക്കുകൾ ശരിയല്ലെന്ന് കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജി. ആശ പറഞ്ഞു.

മക്കൾ വിദേശത്തുള്ള മിക്ക വീടുകളിലും മാതാപിതാക്കൾ ഒറ്റയ്ക്കാണെന്ന് പൂർണ്ണമായും പറയാൻ കഴിയില്ലന്നും ഇവരെ നോക്കുവാൻ ബന്ധുക്കളോ പരിചരകാരോ ഉള്ള വീടുകൾ ധാരാളമുണ്ടെന്നും സി. ജി. ആശ പറഞ്ഞു. സർക്കാർ സ്കൂളുകളിൽ വിദ്യാർഥികൾ കുറയുന്നുവെങ്കിലും പ്രൈവറ്റ് മേഖലയിൽ ഉൾപ്പടെയുള്ള സ്കൂളുകളിൽ വിദ്യാർഥികളുടെ കുറവ് വന്നിട്ടില്ലെന്നും സി. ജി. ആശ ചൂണ്ടിക്കാട്ടുന്നു.

English Summary: BBC News Report About Kerala migration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com