ADVERTISEMENT

ലണ്ടൻ ∙  ബ്രിട്ടിഷ് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ ഇന്നലെ പ്രഖ്യാപിച്ച വിദേശ വിദ്യാർഥികളുടെ ആശ്രിത വീസ നിയന്ത്രണങ്ങൾ മലയാളി വിദ്യാർഥികളുടെ യുകെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാകും. റിസർച്ച് സ്വഭാവമുള്ള പിജി കോഴ്സുകൾ പഠിക്കാനെത്തുന്നവർക്കു മാത്രമാകും ഇനിമുതൽ ജീവിത പങ്കാളി, മക്കൾ, എന്നീ ആശ്രിതരെ കൂടെ കൊണ്ടുവരാനാകുക.

Read also : യുകെയിലെ നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കൽ; പിന്നോട്ടില്ലെന്ന് ഋഷി സുനക്, വിദ്യാർഥി വീസയിൽ നിയന്ത്രണം

സാധാരണ ഡിഗ്രി കോഴ്സുകൾക്കോ യൂണിവേഴ്സിറ്റികൾ ബിസിനസ് ലക്ഷ്യമാക്കി മാത്രം നടത്തുന്ന മറ്റു ചെറുകിട കോഴ്സുകൾക്കോ ചേർന്ന് ബ്രിട്ടനിലെത്തുന്ന വിദ്യാർഥികൾക്ക് കുടുംബാംഗങ്ങളെ കൂടെ കൂട്ടാനാകില്ല. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ബ്രിട്ടനിലെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് വിദ്യാർഥികൾ ഇത്തരത്തിലുള്ള കോഴ്സുകൾക്കു ചേർന്നാണ് കുടുംബാംഗങ്ങൾക്കൊപ്പം ഇവിടേക്ക് കുടിയേറിയത്. വിദ്യാഭ്യാസത്തെ മറയാക്കിയുള്ള ഇത്തരം കുടിയേറ്റത്തിന് തടയിടാനാണ് കനത്ത നിയന്ത്രണങ്ങളുമായി ഹോം ഓഫിസ് രംഗത്ത് എത്തിയത്. 

ബ്രിട്ടനിൽ പഠിക്കാനെത്തുന്നവർക്ക് പഠനശേഷം രണ്ടുവർഷം വരെ ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വീസയുടെ കാര്യത്തിലും പുനഃർവിചിന്തനത്തിന് ഉടൻ സർക്കാർ തയാറായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ ഹോം സെക്രട്ടറി പ്രഖ്യാപിച്ച മാറ്റങ്ങൾ അടുത്ത ജനുവരി മുതലാകും പ്രാബല്യത്തിലാകുക. നിലവിൽ ബ്രിട്ടനിലെത്തിയിട്ടുള്ള വിദ്യാർഥികളെ ഈ തീരുമാനം ബാധിക്കില്ലെന്ന് ചുരുക്കം. എങ്കിലും പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇനിമുതലുള്ള എല്ലാ ആശ്രിത വീസ അപേക്ഷകളിലും നടപടിക്രമങ്ങൾക്ക് സ്വാഭാവികമായും നിയന്ത്രണങ്ങൾ കൂടും.  

വിദ്യാർഥി വീസയിലെത്തുന്നവർ പഠനം പൂർത്തിയാക്കുന്നതിനു മുമ്പേ വർക്ക് വീസയിലേക്ക് മാറുന്നതിനുള്ള നിയന്ത്രണമാണ് മലയാളികളെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു തീരുമാനം. സ്റ്റുഡന്റ് വീസയിൽ എങ്ങെനെയും ബ്രിട്ടനിലെത്തിയശേഷം കെയർ വീസയിലേക്ക് മാറി മുഴുവൻ സമയം ജോലിചെയ്തു കഴിയുന്നവർ ബ്രിട്ടനിൽ നിരവധിയാണ്. മലയാളി ഏജന്റമാരുടെ ഒത്താശയിൽ മലയാളി വിദ്യാർഥികൾ തന്നെയാണ് ഇങ്ങനെ മാറിയിട്ടുള്ളവരിൽ ഏറെയും. ഇവർക്കെല്ലാം ഇനി വീസ പുതുക്കാനെത്തുമ്പോൾ സർക്കാർ തീരുമാനം തടസ്സമാകും. കോഴ്സ് പൂർത്തിയാക്കാതെ എങ്ങനെ വർക്ക് വീസയിലേക്ക് മാറിയെന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഹോം ഓഫിസ് ഇതിന്മേൽ നടപടി കടുപ്പിച്ചാൽ പലരുടെയും നിലനിൽപ് അപകടത്തിലാകും. നീതിബോധമോ മനസാക്ഷിയോ ഇല്ലാതെ വിദേശവിദ്യാർഥികളെ കെണിയിലാക്കുന്ന റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ നടപടി കർക്കശമാക്കുമെന്നും ഹോം ഓഫിസ് വ്യക്തമാക്കുന്നുണ്ട്. 

വിദ്യാർഥികളായി എത്തുന്നവരിൽനിന്നും വലിയ തുക കൈപ്പറ്റിയാണ് മലയാളികൾ ഉൾപ്പെടെയുള്ള പല ഏജന്റുമാരും ഇവർക്ക് വിദ്യാർഥി വീസയിൽനിന്നും വർക്ക് വീസയിലേക്ക് മാറാൻ അവസരം ഒരുക്കുന്നത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള ചില കെയർ ഹോമുകളും ഇത്തരത്തിലുള്ള വലിയ തട്ടിപ്പിന് കൂട്ടുനിൽക്കുന്നുണ്ട്. ഇതെക്കുറിച്ചെല്ലാം ബ്രിട്ടനിലെ മലയാളികൾ തന്നെ അടുത്തിടെ ഹോം ഓഫിസിന് പരാതി നൽകിയിരുന്നു. ഇതും പുതിയ തീരുമാനങ്ങളെ സ്വാധീനിച്ചിട്ടുണ്ടാകാം. 

ഉടനടി ബ്രിട്ടനിലേക്കു പറക്കാം കുടുംബത്തെ കൂടെ കൊണ്ടുപോകാം എന്നുള്ള മോഹന വാഗ്ദാനങ്ങളുമായി ഇനി ഏതെങ്കിലും ഏജന്റുമാർ സമീപിച്ചാൽ വിദ്യാർഥികൾ ഒന്നോർക്കുക, റിസർച്ച് സ്വഭാവമുള്ള പിജി കോഴ്സുകൾക്കു പഠിക്കാനെത്തുന്നവർക്കു മാത്രമേ ഇനി മുതൽ ബ്രിട്ടനിൽ കുടുംബത്തെ കൂടെ കൂട്ടാനാകൂ.

English Summary : UK cracks down on overseas student visa right to bring family dependants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com