ബ്രിട്ടിഷ് ചരക്കുകപ്പൽ ചെങ്കടലിൽ മുക്കി ഹൂതികൾ
Mail This Article
ലണ്ടൻ ∙ രണ്ടാഴ്ച മുമ്പ് ചെങ്കടലിൽ ഹൂതികളുടെ ഒളിയാക്രമണത്തിന് ഇരയായ ബ്രിട്ടിഷ് ചരക്കു കപ്പൽ പൂർണമായും കടലിൽ മുങ്ങി. യെമൻ സർക്കാരാണ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചത്. കപ്പലിലുണ്ടായിരുന്ന 22,000 മെട്രിക് ടൺ രാസവളവും കപ്പലിലെ ഇന്ധനവും ജലജീവികൾക്കുൾപ്പെടെ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളും ദുരന്തവുമാണ് കടലിൽ സൃഷ്ടിക്കാൻ പോകുന്നതെന്ന മുന്നറിയിപ്പും യെമൻ സർക്കാർ നൽകുന്നു. സൗദിയിൽ നിന്നും രാസവളവുമായി ബൾഗേറിയയിലേക്ക് പോകുകയായിരന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്.
ആക്രമണത്തിൽ പുറം ഭിത്തി തകർന്ന കപ്പലിൽ രണ്ടാഴ്ചകൊണ്ടാണ് വെള്ളം കയറി പൂർണമായും മുങ്ങിയത്. ആക്രമണം ഉണ്ടായ ഉടൻ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരന്നു. ഫെബ്രുവരി 18നായിരുന്നു ആക്രമണം. അന്നുമുതൽ ഈ വഴിയുള്ള ഭൂരിഭാഗം കപ്പലുകളും ആഫ്രിക്ക ചുറ്റിയാണ് യൂറോപ്പിലേക്ക് സർവീസ് നടത്തുന്നത്.
ഗാസയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ആക്രമണം എന്നായിരുന്നു ഹൂതികളുടെ അവകാശവാദം. ഇസ്രയേൽ ഗാസയ്ക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കും വരെ തങ്ങളുടെ സമാനമായ ആക്രമണങ്ങൾ തുടരുമെന്ന മുന്നറിയിപ്പും ഹൂതികളുടെ ഭാഗത്തുനിന്നുണ്ട്. ആക്രമണത്തെത്തുടർന്ന് ബ്രിട്ടിഷ് സർക്കാർ അടിയന്തരമായി ഇടപെട്ട് കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും വിമാനമാർഗം രക്ഷപ്പെടുത്തിയിരുന്നു. വെള്ളം കയറി ചരിഞ്ഞ കപ്പലിന്‍റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. കപ്പൽ കെട്ടിവലിച്ച് അടുത്തുള്ള തുറമുഖത്തേക്ക് അടുപ്പിക്കാൻ ആലോചിച്ചെങ്കിലും സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.