യുകെ മലയാളികളുടെ പ്രിയപ്പെട്ട ഫൊട്ടോഗ്രാഫർ അജോ ജോസഫ് അന്തരിച്ചു
Mail This Article
ലണ്ടൻ∙ ബ്രിട്ടനിൽ വെയിൽസിലെ മലയാളികൾക്ക് സുപരിചിതനായ ഫൊട്ടോഗ്രാഫർ കോട്ടയം ഉഴവൂർ സ്വദേശി അജോ ജോസഫ് (41) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. വെയിൽസിലെ ന്യൂ ടൗണിലായിരുന്നു അജോ താമസിച്ചിരുന്നത്. അജോയെ താമസസ്ഥലത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അയൽവാസികളായ സുഹൃത്തുക്കൾ പാരാമെഡിക്സിന്‍റെ സേവനം തേടിയെങ്കിലും ആശുപത്രിയിൽ എത്തിക്കും മുൻപേ മരണം സംഭവിച്ചു.
ഉഴവൂരിലെ ആദ്യകാല ഫൊട്ടോഗ്രാഫറായ അജോ സ്റ്റുഡിയോ ഉടമ ജോസഫിന്‍റെ മകനാണ് അജോ ജോസഫ്. ഒരു പതിറ്റാണ്ടു മുമ്പ് യുകെയിലെത്തിയ അജോ പിന്നീട് നാട്ടിലേക്ക് മടങ്ങിയിരുന്നു. കോവിഡ് മഹാമാരിക്കു ശേഷം ഡിജിറ്റൽ ഫൊട്ടോഗ്രാഫി രംഗത്തുണ്ടായ ബിസിനസ് ശോഷണം മൂലമാണ് അജോ വീണ്ടും യുകെയിലെത്തിയത്. ഏറെ പ്രതീക്ഷയോടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെയാണ് അജോയുടെ ആകസ്മിക വേർപാട്. ഫൊട്ടോഗ്രാഫി തുടരുന്നതിനൊപ്പം നഴ്സിംങ് ഏജൻസിയുടെ കീഴിലും അജോ ജോലി ചെയ്തിരുന്നു.