ADVERTISEMENT

ദുബായ് ∙ മനോരമ ഓൺലൈൻ വാർത്ത തുണയായി; ഒടുവിൽ യുഎഇയിലെ മലയാളി വനിതാ സംരംഭക കണ്ണൂർ സ്വദേശിനി ഹസീനാ നിഷാദിന്റെ ലാൻഡ് റോവർ ഡിഫൻഡർ വാഹനത്തിന് നമ്പർ പ്ലേറ്റ് ലഭിച്ചു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത വാഹനത്തിന്റെ കേരളത്തിലെ റജിസ്ട്രേഷന് വേണ്ടി കഴിഞ്ഞ 8 മാസമായി ഈ യുവതി കാത്തിക്കുകയായിരുന്നു.

നമ്പർ പ്ലേറ്റ് ലഭിച്ച ഹസീനാ നൗഷാദിന്റെ ലാൻഡ് റോവര്‍ ഡിഫൻഡർ വാഹനം. ചിത്രം: സപ്ലൈഡ്
നമ്പർ പ്ലേറ്റ് ലഭിച്ച ഹസീനാ നൗഷാദിന്റെ ലാൻഡ് റോവര്‍ ഡിഫൻഡർ വാഹനം. ചിത്രം: സപ്ലൈഡ്

ഡിഫൻഡർ റജിസ്ട്രേഷൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡി (ഡിജിഎഫ് ടി)ൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ വാഹനം റജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്ന ആർടിഒ അധിക‍‍ൃതരുടെ നിലപാടായിരുന്നു റജിസ്ട്രേഷൻ വൈകാൻ കാരണമായത്. എന്നാൽ, 2019 മുതൽ റജിസ്ട്രേഷന് ഈ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു ഡീലർമാരുടെ നിലപാട്. ഇതോടെ പ്രതിസന്ധിയിലായത് ഒന്നരകോടിയോളം രൂപ മുടക്കി വാഹനം വാങ്ങിയ ഹസീനയും.

നമ്പർ പ്ലേറ്റ് ലഭിച്ച ഹസീനാ നൗഷാദിന്റെ ലാൻഡ് റോവര്‍ ഡിഫൻഡർ വാഹനം. ചിത്രം: സപ്ലൈഡ്
നമ്പർ പ്ലേറ്റ് ലഭിച്ച ഹസീനാ നൗഷാദിന്റെ ലാൻഡ് റോവര്‍ ഡിഫൻഡർ വാഹനം. ചിത്രം: സപ്ലൈഡ്

ഇതുസംബന്ധമായി കഴിഞ്ഞ വ്യാഴാഴ്ച മനോരമ ഓൺലൈൻ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് വിഷയം ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുകയും ട്രാൻസ്പോർട് കമ്മിഷണർ എസ്. ശ്രീജിത്, വകുപ്പ് മേധാവികൾ തുടങ്ങിയവർക്ക് പ്രശ്നപരിഹാരത്തിന് നിർദേശം നൽകുകയും ചെയ്തു. മന്ത്രിയും ശ്രീജിത്തും ഹസീനയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പും നൽകി. ഇന്ന് ഉച്ചയോടെ വാഹനം റജിസ്ട്രേഷൻ പൂർത്തിയാക്കി ഹസീന അപേക്ഷിച്ചിരുന്ന കെഎൽ 13 എ എക്സ് 7778 എന്ന നമ്പർ ലഭിച്ചു. പ്രശ്നപരിഹാരമുണ്ടാക്കി റജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ഹസീന മന്ത്രിക്കും ട്രാൻസ്പോർട് കമ്മിഷണർക്കും മറ്റു ഉദ്യോഗസ്ഥർക്കും നന്ദി പറഞ്ഞു.

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് സ്റ്റാർ ഹോൾഡിങ്ങിന്റെ മാനേജിങ് ഡയറക്ടർ ആണ് ഹസീന.  കേരളത്തിലെ പ്രമുഖ ചലച്ചിത്ര നടന്മാർക്ക് അടക്കം ഒട്ടേറെ പേർ സംസ്ഥാനത്ത് ഈ ആഡംബര വാഹനമുണ്ട്. എന്നാൽ, ലാൻഡ് റോവർ സ്വന്തമായുള്ള കേരളത്തിലെ അപൂർവം വനിതകളിലൊരാളാണ് ഈ യുവതി. എട്ട് മാസം മുൻപാണ് ഇവർ വാഹന റജിസ്ട്രേഷന് കണ്ണൂർ ആർടിഒയെ സമീപിച്ചത്. വാഹനത്തിന് ഫാൻസി നമ്പർ കിട്ടാൻ അര ലക്ഷം രൂപ ആർടിഒയിൽ അടയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ, വൻ തുക റോഡ് ചുങ്കവുമടച്ചു. എന്നാൽ റജിസ്ട്രേഷൻ നടക്കാത്തതിനാൽ നമ്പരും പണവും നഷ്ടമായി.

ഹസീനാ നൗഷാദ്
ഹസീനാ നൗഷാദ്

ഡിജിഎഫ് ടി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ വാഹനം റജിസ്റ്റർ ചെയ്യാമെന്നാണ് 2019 ൽ വന്ന മോട്ടോർവാഹന നിയമ ഉത്തരവെന്നും അതുകൊണ്ട് ഈ സർടിഫിക്കറ്റ് തരാനാകില്ലെന്നുമായിരുന്നു ഇതു നൽകേണ്ട ഷോറൂം അധികൃതരുടെ മറുപടി. പക്ഷേ ഇതു അംഗീകരിക്കാൻ കണ്ണൂർ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ(എഎംവി ഐ) തയാറായതുമില്ല.

പ്രശ്നപരിഹാരത്തിനായി ഹസീനയ്ക്ക് ഒട്ടേറെ‌ തവണ നാട്ടിലേയ്ക്ക് യാത്ര ചെയ്യേണ്ടി വന്നു. കണ്ണൂരിലടക്കം കുറേയേറെ വാഹനങ്ങൾ നേരത്തെയും ഈ ക്ലിയറൻസ് സർട്ടിഫിക്കറ്റില്ലാതെ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രവാസി സംരംഭക ആയതിനാലാണ് തന്നെ ബുദ്ധിമുട്ടിക്കുന്നതെന്നും ഹസീന ആരോപിച്ചിരുന്നു.

English Summary:

UAE News: Kerala Registration of Land Rover - Finally Malayali Entrepreneur's vehicle got Number Plate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com