നാളെയും മറ്റന്നാളും കുറഞ്ഞ താപനിലയും, കനത്ത മഴയ്ക്കും സാധ്യത; ദേശീയ കാലാവസ്ഥാ കേന്ദ്രം
Mail This Article
അബുദാബി ∙ യുഎഇയിൽ ഇന്ന് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. പരസ്പരം കാണാൻ സാധിക്കാത്ത വിധം മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത ചിലപ്പോൾ കൂടുതൽ ശക്തമായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഷെയ്ഖ് സായിദ് റോഡിൽ ദൂരക്കാഴ്ച കുറഞ്ഞിരുന്നു. ഇലക്ട്രോണിക് സന്ദേശ ബോർഡുകളിലൂടെ വാഹനമോടിക്കുന്നവർക്ക് വേഗം കുറയ്ക്കാനും ഫോഗ് ലൈറ്റുകൾ ഉപയോഗിക്കാനും നിർദേശം നൽകി.
ദുബായ് മറീന, ജുമൈറ ലേക്‌സ് ടവറുകൾ എന്നിവയും മൂടൽമഞ്ഞിൽ മുങ്ങി. അബുദാബി പൊലീസും നിർദേശങ്ങൾ പുറപ്പെടുവിക്കുകയും സുരക്ഷിതമായി വാഹനമോടിക്കാനായി ഒട്ടേറെ റോഡുകളിലെ വേഗപരിധി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഷാർജയിലും ശക്തമായ മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ഇന്ന് പകൽ ചില സമയങ്ങളിൽ ഭാഗികമായും ചില തീരപ്രദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും രാത്രിയും മേഘാവൃതമായിരിക്കുമെന്നും എൻസിഎം അറിയിച്ചു. ചെറിയതോ മിതമായതോ ആയ കാറ്റ് വീശും.
അതേസമയം,നാളെയും മറ്റന്നാളും കുറഞ്ഞ താപനിലയും കനത്ത മഴയും ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) പ്രവചിച്ചിട്ടുണ്ട്
∙ഇന്ന് താപനില വർധിച്ചേക്കും
ഇന്ന് താപനില വർധിക്കുമെന്നും രാജ്യത്ത് 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുണ്ടെന്നും അറിയിച്ചു. അബുദാബിയിൽ 29 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 28 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരാം. എന്നിരുന്നാലും, അബുദാബിയിൽ താപനില 20 ഡിഗ്രി സെൽഷ്യസും ദുബായിൽ 19 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 7 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് കാലവസ്ഥാ പ്രവചനം. അബുദാബിയിൽ ഈർപ്പത്തിന്‍റെ അളവ് 35 മുതൽ 75 ശതമാനം വരെയാണ്. ദുബായിൽ 55 മുതൽ 90 ശതമാനം വരെയും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിൽ ആയിരിക്കും.