ADVERTISEMENT

ദുബായ് ∙ ദുബായുടെ ആകാശത്ത് 2026 ഓടെ പറക്കും ടാക്സികള്‍ (എയർ ടാക്സികള്‍) സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറു വർഷത്തേക്ക് എമിറേറ്റില്‍ എയർ ടാക്സികള്‍ പ്രവർത്തിപ്പിക്കുന്നതിനുളള അനുമതി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോബി ഏവിയേഷനാണ്. ദുബായ് റോഡ്സ് ആൻഡ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുമാണ് ജോബി ഏവിയേഷന്‍ കരാർ ഒപ്പുവച്ചിരിക്കുന്നത്. പറക്കും ടാക്സികള്‍ പ്രവർത്തനമാരംഭിക്കുന്നതോടെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. നവീന ഗതാഗത സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിനുളള ദുബായ് ഗതാഗതവകുപ്പിന്‍റെ ശ്രമങ്ങളുടെ  ഭാഗമായാണ് എയർ ടാക്സികള്‍ പ്രവർത്തനം ആരംഭിക്കുന്നത്.

ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളായ മെട്രോ, ബസ്,ടാക്സി,ഫെറി എന്നിവയുമായി ബന്ധിപ്പിച്ചു തന്നെയാകും പറക്കും ടാക്സികളുടെയും പ്രവർത്തനം.യാത്രാസമയം കുറയ്ക്കുക മാത്രമല്ല പറക്കും ടാക്സികള്‍ ലക്ഷ്യമിടുന്നത്. നവീനവും കാര്യക്ഷമവുമായ സഞ്ചാരസൗകര്യമാണ്  പറക്കും ടാക്സികള്‍ നല്‍കുക. പ്രധാന നഗര കേന്ദ്രങ്ങളിലേക്ക് വേഗതയേറിയതും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര പറക്കും ടാക്സികളിലൂടെ സാധ്യമാകും. നിലവിലെ ധാരണപ്രകാരം ദുബായ് എമിറേറ്റില്‍ മാത്രമാണ് ജോബി ഏവിയേഷന്‍റെ പറക്കും ടാക്സികള്‍ പ്രവർത്തിക്കുകയെങ്കിലും സമീപ ഭാവിയില്‍ യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്ക് ടാക്സികളില്‍ പറന്നെത്താനുളള സൗകര്യമൊരുങ്ങും.

ദുബായ് വിമാനത്താവളം മുതല്‍ പാം ജുമൈറ വരെ 45 മിനിറ്റെടുക്കുമെങ്കില്‍ പറക്കും ടാക്സികളാണെങ്കില്‍ ഇത് 10 മിനിറ്റായി ചുരുങ്ങും. Image Credit:Joby Aviation
ദുബായ് വിമാനത്താവളം മുതല്‍ പാം ജുമൈറ വരെ 45 മിനിറ്റെടുക്കുമെങ്കില്‍ പറക്കും ടാക്സികളാണെങ്കില്‍ ഇത് 10 മിനിറ്റായി ചുരുങ്ങും. Image Credit:Joby Aviation

∙ നാല് വെർട്ടിപോർട്ടുകള്‍
ദുബായ് രാജ്യാന്തര വിമാനത്താവളം, പാം ജുമൈറ, ഡൗണ്‍ടൗണ്‍ ദുബായ്, ദുബായ് മറീന എന്നീ സ്ഥലങ്ങള്‍ക്കിടയിലാണ് ആദ്യഘട്ടത്തില്‍ എയർ ടാക്സികള്‍ വഴിയുളള ഗതാഗതം സാധ്യമാവുക. ഈ നാല് സ്ഥലങ്ങളില്‍ വെർട്ടിപോർട്ടുകളുണ്ടാകും. എയര്‍ക്രാഫ്റ്റിന് ലംബമായി ടേക്ക് ഓഫും ലാന്‍ഡിങും സാധ്യമാക്കുന്നതാണ് വെര്‍ട്ടിപോര്‍ട്ടുകള്‍. റോഡ് വഴി യാത്ര ചെയ്താല്‍ ദുബായ് വിമാനത്താവളം മുതല്‍ പാം ജുമൈറ വരെ 45 മിനിറ്റെടുക്കുമെങ്കില്‍  പറക്കും ടാക്സികളാണെങ്കില്‍ ഇത് 10 മിനിറ്റായി ചുരുങ്ങും. ദുബായിലുടനീളമുള്ള മറ്റ് സ്ഥലങ്ങളിലേക്കുള്ള ഗതാഗതയാത്രാ വിപുലീകരണ പദ്ധതികൾ പരിഗണനയിലുണ്ട്. 2026 ന്‍റെ തുടക്കത്തില്‍ പ്രവർത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം 2025 അവസാനത്തോടെ പരീക്ഷണ പറക്കും ടാക്സികള്‍ പ്രവർത്തനം ആരംഭിക്കും.

∙ യാത്രാ നിരക്കില്‍ തീരുമാനമായില്ല
പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന തരത്തിലായിരിക്കും പറക്കും ടാക്സികളുടെ പ്രവർത്തനം. യുഎഇയിലെത്തുന്ന സന്ദർശകർക്കും താമസക്കാർക്കുമുള്‍പ്പടെ സൗകര്യപ്രദമായ യാത്രാസഞ്ചാരമാണ് പറക്കും ടാക്സികള്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ യാത്രാ നിരക്ക് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. പറക്കും ടാക്സികള്‍ പ്രധാനമായും പറക്കുന്ന കാറുകളാണെന്ന് പറയാം. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ഉയരത്തിലും വേഗത്തിലും പറക്കുന്ന ശക്തമായ ഡ്രോണുകൾ. ഇവ ഇലക്‌ട്രോണിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് വിമാനങ്ങളെന്നും അറിയപ്പെടുന്നു. പരിസ്ഥിതി സൗഹൃദമാണെന്നുളളതുകൊണ്ടുതന്നെയാണ് ഭാവിയിലെ ഗതാഗതമാർഗമായാണ് പറക്കും കാറുകളെ വിലയിരുത്തുന്നത്. മണിക്കൂറില്‍ 321 കിലോമീറ്ററായിരിക്കും വേഗത.

∙ പൈലറ്റുള്‍പ്പടെ അഞ്ച് പേർക്ക് യാത്ര സൗകര്യം
ദുബായില്‍ പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന ജോബീസ് ഇ വോട്ടല്‍ ദുബായ് പറക്കും ടാക്സിയില്‍ ഒരേ സമയം പൈലറ്റിനെ കൂടാതെ നാല് പേർക്ക് യാത്ര ചെയ്യാം. 

∙ യാത്ര ബുക്ക് ചെയ്യാന്‍ ഊബർ
ഊബർ വഴി ബുക്ക് ചെയ്ത് പറക്കും ടാക്സികളില്‍ യാത്ര സാധ്യമാക്കാനാണ് ആലോചിക്കുന്നത്. നിലവില്‍ റോഡ് വഴി എങ്ങനെയാണോ ടാക്സി ബുക്ക് ചെയ്യുന്നത് അത്ര ലളിതമായി യാത്ര ബുക്ക് ചെയ്യാനാണ് ലക്ഷ്യം.

ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാൻഡിങ് വിമാനങ്ങളില്‍ നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വാണിജ്യ എയര്‍ ടാക്‌സി സേവനങ്ങള്‍ ലോകത്ത് ഒരിടത്തും ആരംഭിച്ചിട്ടില്ല. പ്രവർത്തനം ആരംഭിച്ചാല്‍  ലോകത്തിലെ ആദ്യ വാണിജ്യ എയർ ടാക്സി സേവനം നല്‍കുന്നുവെന്ന ഖ്യാതി ദുബായ് ആര്‍ടിഎയുടെ പറക്കുന്ന ടാക്‌സികള്‍ സ്വന്തമാക്കും.

English Summary:

Reach Palm Jumeirah From Dubai Airport in Just 10 Minutes. Explore the "Flying Taxi" Option for a Quicker Journey.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com