ബിഎപിഎസ് ഹിന്ദു മന്ദിറിൽ ഫെസ്റ്റിവൽ ഓഫ് ഹാർമണി ആഘോഷം; പൽഖി യാത്രയോടെ സമാപനം
Mail This Article
അബുദാബി ∙ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രമായ ബിഎപിഎസ് ഹിന്ദു മന്ദിറിൽ ഫെസ്റ്റിവൽ ഓഫ് ഹാർമണി സമാപിച്ചു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 1,100ലേറെ വിശ്വാസികൾ പല്ലക്കിൽ 7 പ്രതിഷ്ഠകളുടെയും മാതൃകകൾ വഹിച്ച് ക്ഷേത്രത്തിനു ചുറ്റം പ്രദക്ഷിണം (പൽഖി യാത്ര) ചെയ്തതോടെ ചടങ്ങുകൾക്ക് ഔദ്യോഗിക സമാപനമായി. അയ്യപ്പവിഗ്രഹത്തിന്റെ ചെറുമാതൃകയേന്തി ഘോഷയാത്രയിൽ അണിനിരന്ന കേരളസംഘത്തെ കഥകളി വേഷവും വാദ്യസംഘങ്ങളും അനുഗമിച്ചു.
മന്ത്രോച്ചാരണങ്ങളും ഭക്തിഗാനങ്ങളും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ നടന്ന പൽഖി യാത്രയിൽ വിശ്വാസികളും പ്രാർഥനയോടെ അണിനിരന്നു. നൃത്തനൃത്യങ്ങൾ പരിപാടിക്കു നിറവസന്തമൊരുക്കി. ഹിന്ദു മന്ദിർ മേധാവി ബ്രഹ്മവിഹാരി ദാസ് ഏവരെയും അഭിസംബോധന ചെയ്തു. കഴിഞ്ഞ 14ന് ഉദ്ഘാടനം ചെയ്ത ക്ഷേത്രത്തിലേക്കു നാളെമുതൽ എല്ലാവർക്കും പ്രവേശനം അനുവദിക്കും.