സൗദി ലോകകപ്പിന്‍റെ ഔദ്യോഗിക ലോഗോ പ്രകാശനം; ‘വളരുന്നു, ഞങ്ങൾ ഒരുമിച്ച്’
Mail This Article
റിയാദ് ∙ ‘വളരുന്നു, ഞങ്ങൾ ഒരുമിച്ച്’ എന്ന മുദ്രാവാക്യവുമായി ലോകകപ്പിന്‍റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തതായി സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം ഒക്ടോബറിലാണ് ലോകകപ്പ് ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കാൻ ഉദ്ദേശിക്കുന്നതായി സൗദി വെളിപ്പെടുത്തിയത്. തുടർന്ന് ഔദ്യോഗിക നാമനിർദേശ കത്ത് ഇന്‍റർനാഷനൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബാളിന് (ഫിഫ) സൗദി ഫുട്ബാൾ ഫെഡറേഷൻ അയച്ചിരുന്നു. saudi2034bid.com എന്ന ഔദ്യോഗിക വെബ്‌സൈറ്റും ലോഞ്ച് ചെയ്തു.
ലോഗോയിൽ 34 എന്ന സംഖ്യയുടെ രൂപത്തിൽ ഫുട്ബാളുമായി ബന്ധപ്പെട്ട വിവിധ ചിഹ്നങ്ങളുടെ വർണ്ണാഭമായ വരകൾ അടങ്ങിയിരിക്കുന്നു. ഇത് ലോകകപ്പിന്‍റെ 25–ാം പതിപ്പായ 2034ലെ ടൂർണമെന്‍റിനെ സൂചിപ്പിക്കുന്നു. സൗദിയുടെ ഭൂമിശാസ്ത്രപരമായ ഭൂപടത്തിന്‍റെ ആകൃതിയിലാണ് ലോഗോ. അഞ്ച് വ്യത്യസ്ത നിറങ്ങൾ ഉൾക്കൊള്ളുന്നു. ഇത് സൗദി സമൂഹത്തെയും രാജ്യത്തിന്റെയും ആകർഷകമായ ഭൂപ്രദേശത്തെയും ചിത്രീകരിക്കുന്ന മഹത്തായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
ഔദാര്യവും ആധികാരികതയും ഉൾക്കൊള്ളുന്ന ഓറഞ്ച് നിറം, മരുപ്പച്ചകളുടെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന പച്ച നിറം, ചെങ്കടലിലെ പവിഴപ്പുറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചുവപ്പ് നിറം, ലാവെൻഡർ പൂവിന്റെ നിറങ്ങൾ പ്രതിഫലിപ്പിക്കുന്ന ലാവെൻഡർ നിറം, കൂടാതെ ശോഭനമായ ഭാവിയിലേക്കുള്ള സൗദി ജനതയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും ഉൾക്കൊള്ളുന്ന മഞ്ഞ നിറം എന്നിവയാണ് നിറങ്ങൾ. ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായിക ഇനത്തിന് മികച്ച ഭാവി കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന സൗദിയേയും അതിലെ ജനങ്ങളെയും രാജ്യാന്തര ഫുട്ബാൾ സമൂഹവുമായി അസാധാരണമായ ഒരു യാത്രയിലേക്ക് കൊണ്ടുവരുന്ന ബന്ധങ്ങളെ ഉയർത്തിക്കാട്ടുകയാണ് ‘ഒരുമിച്ച്, ഞങ്ങൾ വളരുന്നു’ എന്ന മുദ്രാവാക്യത്തിലൂടെ ലക്ഷ്യമിടുന്നത്. ലോഗോയുടെ രൂപകൽപ്പന രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും യുവജനങ്ങളുടെയും ഊർജസ്വലവുമായ സമൂഹത്തിന്റെയും സത്തയെ പ്രതിഫലിപ്പിക്കുന്നതാണ്.