ADVERTISEMENT

ദുബായ് ∙ 100 രൂപയ്ക്ക് ഒരു പവൻ വാങ്ങിയ കാലമുണ്ടായിരുന്നു മലയാളികൾക്ക്– 1950കളിൽ. 1990കളിൽ സ്വർണത്തിന്റെ മൂല്യം പടിപടിയായി ഉയർന്ന് 2,800 – 4,000 രൂപയായി. 2000ൽ 3,500 രൂപയായിരുന്ന സ്വർണം 2014ൽ 30,000 ആയി. 10 വർഷത്തിനിടെ പത്തിരട്ടി വർധന. 

ഈ വർഷം പവൻ 5,0000 രൂപയിലെത്തി. മാരുതി കാറിനായി ആളുകൾ തിക്കിത്തിരക്കിയ 90 കളിൽ കാറിനു മുടക്കിയ പണം സ്വർണത്തിൽ നിക്ഷേപിച്ചിരുന്നെങ്കിൽ അതിന്റെ മൂല്യം ഇന്ന് എന്താകുമായിരുന്നു? അന്ന് 2 ലക്ഷം രൂപ കാറിനു മുടക്കിയവർ ആ പണം സ്വർണത്തിൽ മുടക്കിയിരുന്നെങ്കിൽ 50 പവൻ വാങ്ങാമായിരുന്നു.

ആ 50 പവൻ ഇന്നു വിറ്റാൽ കിട്ടുക 23.5 ലക്ഷം രൂപ. 
യുഎഇയിലെ സ്വർണ വിപണി ഇപ്പോൾ പത്തരമാറ്റിൽ തിളങ്ങുകയാണ്. സുരക്ഷിത നിക്ഷേപമായി മലയാളികൾ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് വിപണിയെ ഉണർത്തിയത്. സന്ദർശക വീസയിൽ വരുന്നവരാണ് കൂടുതൽ സ്വർണം വാങ്ങുന്നത്. 

യുഎസ്, യുകെ പോലുള്ള സ്ഥലങ്ങളിൽ സ്ഥിരതാമസമാക്കിയ മലയാളികൾ പോലും യുഎഇയിൽ എത്തി സ്വർണം വാങ്ങുന്നു. 5 ശതമാനമാണ് സ്വർണത്തിന് രാജ്യത്ത് നികുതി. സന്ദർശക വീസയിൽ എത്തുന്നവർ അവരുടെ വീസ വിവരങ്ങൾ രേഖപ്പെടുത്തി സ്വർണം വാങ്ങിയാൽ, നികുതിയായി നൽകിയ പണം മടക്കയാത്രയിൽ വിമാനത്താവളത്തിൽ നിന്നു തിരികെ ലഭിക്കും. ചുരുക്കത്തിൽ സ്വർണത്തിന്റെ വില മാത്രം നൽകി ഇവിടെ നിന്നു ആഭരണങ്ങൾ വാങ്ങാം. 

നിയമപ്രകാരം ഇന്ത്യയിലേക്ക് സ്ത്രീകൾക്ക് ഒരുലക്ഷം രൂപയുടെയും പുരുഷന്മാർക്ക് അരലക്ഷത്തിന്റെയും സ്വർണം കൊണ്ടുപോകാനാണ് അനുമതി. വാങ്ങുന്ന സ്വർണം നാട്ടിൽ വിറ്റാൽ, കുറ‍ഞ്ഞത് 5,000 രൂപയെങ്കിലും ലാഭം  ഉറപ്പ്. വില കുറഞ്ഞു നിൽക്കുമ്പോൾ വാങ്ങിയ സ്വർണം, നാട്ടിൽ വില കൂടി നിൽക്കുമ്പോൾ വിറ്റ് വൻ ലാഭമുണ്ടാക്കുന്നവരുമുണ്ട്. സ്വർണത്തിന്റെ മാറ്റിൽ സംശയമില്ലാത്തതിനാൽ യുഎഇയിൽ നിന്നുള്ള ആഭരണങ്ങൾക്ക് നാട്ടിൽ ഡിമാൻഡ് കൂടുതലുമാണ്. 

അഡ്വാൻസ് ബുക്കിങ് സൗകര്യവും
വിലവർധന ബാധിക്കാതിരിക്കാൻ അഡ്വാൻസ് ബുക്കിങ് സൗകര്യവും ജ്വല്ലറികൾ ഏർപ്പെടുത്തി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ 10% തുക അഡ്വാൻസ് നൽകിയാൽ ഇപ്പോഴത്തെ വില ലോക്ക് ചെയ്യാം. വില വർധിച്ചാലും അത് ഉപഭോക്താവിനെ ബാധിക്കില്ല. വില കുറഞ്ഞാൽ ആ വിലയ്ക്കും വാങ്ങാം. ഇതിനു പുറമേയാണ് ജ്വല്ലറികളിലെ സ്വർണ ചിട്ടികൾ. പ്രതിമാസം നിശ്ചിത തുക നൽകി, നിശ്ചിത സമയത്തിനു ശേഷം സ്വർണം വാങ്ങുന്ന പദ്ധതിയാണിത്. 1000 ദിർഹം പ്രതിമാസം നൽകുന്ന പദ്ധതിയിൽ 12 മാസം പണം അടയ്ക്കുന്നവർക്ക് 13,000 ദിർഹത്തിന് സ്വർണം വാങ്ങാം. അടയ്ക്കുന്ന തുകയ്ക്കും കാലാവധിക്കും അനുസരിച്ച് റിട്ടേണിൽ മാറ്റമുണ്ടാകും. 

തുടർച്ചയായി കുതിപ്പ് 
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്വർണവില കുതിക്കുകയാണ്. വിലയിൽ പെട്ടെന്നുള്ള കുതിപ്പ്, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതാണ്. തുടക്കക്കാർക്കും പരിചയസമ്പന്നരായ നിക്ഷേപകർക്കും ഒരുപോലെ വിശ്വസിക്കാവുന്ന നിക്ഷേപമായി സ്വർണം മാറി. മിതമായ തുകയ്ക്ക് പോലും ഒരാൾക്ക് സ്വർണം വാങ്ങാമെന്നതും നേട്ടമാണ്.
ഷംലാൽ അഹമ്മദ്, എംഡി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപ്പറേഷൻസ്. 

English Summary:

Gold price in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com