അമിതവേഗത്തിൽ ഓടിച്ച കാർ തലകീഴായി മറിഞ്ഞു; ഡ്രൈവർ തെറിച്ചുവീണു, വിഡിയോ വൈറൽ
Mail This Article
കുവൈത്ത് സിറ്റി∙ കുവൈത്ത് സിറ്റിക്ക് സമീപമുള്ള അബു ഹസനിയ പബ്ലിക് ബീച്ചിൽ അതിവേഗത്തിൽ ഓടിച്ചുകൊണ്ടിരുന്ന കാർ പലതവണ തലകീഴായി മറിഞ്ഞു. ടൊയോട്ട എഫ്‌ജെ ക്രൂയിസറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വൈറലാണ്. അമിത വേഗതയെ തുടർന്ന് വാഹനം നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
കടൽ തീരത്ത് നിന്ന് കാലുകൾ നനച്ചുകൊണ്ടിരുന്ന ഒരാൾക്ക് നേരെ കാർ പാഞ്ഞടുക്കുന്നത് വിഡിയോയിലുണ്ട്. കാർ വരുന്നത് അയാൾ ഓടി മാറുന്നു. തുടർന്ന് വാഹനം മൂന്ന് തവണ തലകീഴയായി മറിയുകയും ഡ്രൈവർ തെറിച്ചുവീഴുകയും ചെയ്യുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്. അപകടത്തിൽ ഡ്രൈവർ നിസാര പരുക്കുമായി രക്ഷപ്പെട്ടു.സംഭവസ്ഥലത്ത് അഗ്നിശമനസേനയെ വിളിച്ച് ക്രൂയിസർ വെള്ളത്തിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. പിന്നീട് മുബാറക് അൽ കബീർ ഗവർണറേറ്റിലെ ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുത്തതായിട്ടാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ 34 വയസ്സുകാരനായ ഡ്രൈവർക്ക് എന്തെങ്കിലും ശിക്ഷ ലഭിക്കുമോ എന്ന് വ്യക്തമല്ല. അശ്രദ്ധമായ സ്റ്റണ്ടിനെ തുടർന്നാണ് അപകടമുണ്ടായത് പ്രദേശവാസികൾ ആരോപിക്കുന്നു. യുവാവ് സുരക്ഷാ ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.