ADVERTISEMENT

റിയാദ്∙ സൗദി അറേബ്യയിലെ ആദ്യ അറബ് ഗ്രാൻഡ് ഓപ്പറയ്ക്ക് വേദി ഒരുങ്ങി. കലാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന "സർഖ അൽ യമാമ" ഓപ്പറ ഇ മാസം 25 ന് റിയാദ് കിങ് ഫഹദ് സാംസ്കാരിക കേന്ദ്രത്തിൽ അരങ്ങേറും. സാധാരണയായി യൂറോപ്യൻ ഭാഷകളിൽ അവതരിപ്പിക്കുന്ന ഓപ്പറകളിൽ നിന്ന് വ്യത്യസ്തമായി, "സർഖ അൽ യമാമ" പൂർണ്ണമായും അറബി ഭാഷയിലാണ് അവതരിപ്പിക്കുന്നത്. ഈ അപൂർവ്വ ഗാനനാടകം കലാസ്വാദകർക്ക് ഒരു പുതിയ അനുഭവം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. സാംസ്കാരിക മന്ത്രി രാജകുമാരൻ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാന്‍റെ രക്ഷാകർതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ആസ്വാദകരുടെയും പ്രേക്ഷകരുടെയും ഓപ്പറയിലുള്ള താൽപ്പര്യം കണക്കിലെടുത്ത് സംഘടിപ്പിച്ച ഈ പരിപാടി ഉയരുന്ന ഊർജ്ജസ്വലമായ സൗദി സാംസ്കാരിക രംഗത്തെ ഒരു വഴിത്തിരിവ് അടയാളപ്പെടുത്തുന്നതാണെന്ന് തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് കമ്മീഷൻ പറഞ്ഞു.

ഇസ്​ലാമിന് മുൻപുള്ള കാലഘട്ടത്തിൽ നജ്ദിലെ അൽ യമാമ മേഖലയിൽ താമസിച്ചിരുന്ന ഇതിഹാസ കഥാപാത്രമായ സർഖ അൽയമാമയുടെ ജീവിതമാണ് ഓപ്പറയിലൂടെയാണ് അവതരിപ്പിക്കുന്നത്. അത്യാധുനിക നാടക വേദിയിൽ വാദ്യോപകരണങ്ങളുടെ പ്രകടനങ്ങളും മനോഹരമായ ഗാനലാപനവും നിറഞ്ഞ അവിസ്മരണീയമായ അനുഭവം പ്രേക്ഷകർക്ക് ലഭിക്കും. സൗദി പൈതൃകത്തിന്‍റെ മഹത്തായ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഈ ഓപ്പറ, ആധുനിക കലാപരമായ പ്രവണതകളും പ്രേക്ഷക പ്രതീക്ഷകളും പ്രതിഫലിപ്പിക്കുന്ന സമകാലിക ചട്ടക്കൂടിനുള്ളിൽ അറിയപ്പെടുന്ന കഥ അവതരിപ്പിക്കുന്നുവെന്ന് തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് കമ്മീഷൻ സിഇഒ സുൽത്താൻ അൽബാസി പറഞ്ഞു.

സൗദി കലാകാരന്മാർക്കൊപ്പം രാജ്യാന്തര കലാകാരന്മാരും ഓപ്പറയിൽ വേദിയിലെത്തും. പ്രശസ്ത മെസോ സോപ്രാനോ ഡാം സാറ കനോലിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ക്ലൈവ് ബെയ്‌ലി, അമേലിയ വാവ്‌സൺ, സെറീന ഫർണോച്ചിയ, പാരിഡ് കാറ്റാൽഡോ, ജോർജ് വോൺ ബെർഗൻ തുടങ്ങിയ മറ്റ് രാജ്യാന്തര കലാകാരന്മാരും ഈ ഓപ്പറയുടെ ഭാഗമാകും. സൗദി കലാകാരന്മാരായ സോസൻ അൽബാഹിതി, ഖൈറാൻ അൽ സഹ്‌റാനി, റീമാസ് ഒക്ബി എന്നിവർ ഓപ്പറയിൽ മൂന്ന് പ്രധാന വേഷങ്ങൾ ചെയ്യുന്നു. സൗദിയിലെ ആദ്യത്തെ ഓപ്പറ ഗായികയായി കണക്കാക്കപ്പെടുന്ന സോസൻ അൽബാഹിതി സൗദിയിൽ ഓപ്പറ രംഗം വികസിപ്പിക്കുന്നതിൽ മുൻപന്തിയിലാണ്.

സമീപ വർഷങ്ങളിൽ സൗദി അറേബ്യയിലെ എല്ലാത്തരം വിനോദങ്ങളുടെയും ദ്രുതഗതിയിലുള്ള വികാസത്തിനും പരിണാമത്തിനും മധ്യേ സർഖ അൽ യമാമ സൗദിയിലെ ഓപ്പറയുടെ സുപ്രധാന മുന്നേറ്റത്തെ പ്രതിനിധാനം ചെയ്യുകയാണ്. മെയ് 4 വരെ നടക്കുന്ന ഓപ്പറ 10 പരിപാടികളാണ് വിവിധ ദിവസങ്ങളിൽ ആസ്വാദകർക്കായി വേദിയിലെത്തുന്നത്.

English Summary:

Saudi Arabia to Host Its First-Ever Grand Arabic Opera "Zarqa Al Yamama"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com