ജിദ്ദ എയർപോർട്ടിൽ ഹജ് സേവന പദ്ധതിയുടെ ഒരുക്കങ്ങൾ പൂർത്തിയായി
Mail This Article
ജിദ്ദ ∙ ജിദ്ദ വിമാനത്താവളം വഴി എത്തുന്ന ഹജ് തീർഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയുന്നതിന് ഹജ് സേവന പദ്ധതി ജിദ്ദ എയർപോർട്ട് അധികാരികൾ നടപ്പാക്കിയിട്ടുണ്ടെന്ന് സി.ഇ.ഒ എൻജിനീയർ മാസിൻ ബിൻ മുഹമ്മദ് ജൗഹർ വ്യക്തമാക്കി. 12 ലക്ഷം ഹജ് തീർഥാടകർക്ക് സേവനം നൽകുന്നതിനുള്ള ഈ പദ്ധതിക്ക് ജിദ്ദ വിമാനത്താവളം അംഗീകാരം നൽകിയിട്ടുണ്ട്. ദുൽഖഅദ് ഒന്നിന് ആദ്യ വിമാനം വന്നുചേരുന്നതോടെ പദ്ധതി പ്രവർത്തനക്ഷമമാകും. ടെർമിനൽ ഒന്ന്, നോർത്ത് ടെർമിനൽ, ഹജ്, ഉംറ ലോഞ്ച് കോംപ്ലക്സ് എന്നിവയിലെ എല്ലാ എയർപോർട്ട് ലോഞ്ചുകളും പ്രവർത്തിപ്പിക്കുന്നത് പദ്ധതിയിലുൾപ്പെടും. മൂന്ന് ഹാളുകളിലും പാസ്പോർട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് നിരവധി പ്ലാറ്റ്ഫോമുകളുണ്ട്.
ബാഗേജ് സ്വീകരിക്കുന്നതിന് 440 പ്ലാറ്റ്ഫോമുകൾ, 56 മൊബൈൽ ബ്രിഡ്ജ് ഗേറ്റുകൾ, 54 കസ്റ്റംസ് പരിശോധന ഉപകരണങ്ങൾ, ലഗേജ് ശേഖരിക്കാൻ 29 പാതകൾ, 28 ബസ് ഗേറ്റുകൾ, നാല് ആരോഗ്യ കേന്ദ്രങ്ങൾ, ഗ്രൂപ്പ് ലഗേജുകൾക്കായി രണ്ട് പ്ലാറ്റ്ഫോമുകൾ എന്നിവ തീർഥാടകകരുടെ സേവനത്തിനുണ്ട്. തീർഥാടകരെ സേവിക്കുന്നതിനും അവരുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും വിമാനത്താവളത്തിൽ പീക്ക് കാലയളവിൽ സർക്കാർ, സുരക്ഷാ, പ്രവർത്തന മേഖലകളിൽ നിന്നുള്ള ജീവനക്കാരുടെ എണ്ണം 16,000 എത്തുമെന്നും സി.ഇ.ഒ പറഞ്ഞു.