ADVERTISEMENT

ദോഹ ∙ ഖത്തറിന് പുറത്തേക്ക് മോട്ടര്‍ വാഹനങ്ങള്‍ കൊണ്ടു പോകുന്നതിനുള്ള പുതിയ ചട്ടങ്ങള്‍ ഇന്നു മുതല്‍  പ്രാബല്യത്തില്‍. ഗതാഗത നിയമലംഘനം റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാനുള്ള എക്‌സിറ്റ് പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ മുഴുവന്‍ പിഴത്തുകയും അടച്ചിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ജനറല്‍ ഡയറക്ടറേറ്റ് ഇന്നു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ ചട്ടങ്ങള്‍ പ്രഖ്യാപിച്ചത്. മോട്ടര്‍ വാഹനങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടു പോകാന്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ അറിയാം.

1. ഗതാഗത ജനറല്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള എക്‌സിറ്റ് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമേ മോട്ടര്‍ വാഹനങ്ങള്‍ ഖത്തറിന് പുറത്തേക്ക് കൊണ്ടു പോകാന്‍ അനുവദിക്കുകയുള്ളു

എക്‌സിറ്റ് പെര്‍മിറ്റ് ലഭിക്കാന്‍ പാലിക്കേണ്ട വ്യവസ്ഥകള്‍
∙ ഗതാഗത ലംഘനം റജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനമാണെങ്കില്‍ പിഴത്തുകയും കുടിശികയുണ്ടെങ്കില്‍ അതും മുഴുവനായും അടച്ചു തീര്‍ത്തിരിക്കണം. 
∙ വാഹനം എത്തിച്ചേരുന്ന സ്ഥലം പെര്‍മിറ്റ് അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. 
∙ പെര്‍മിറ്റ് അപേക്ഷകന്‍ വാഹനത്തിന്റെ ഉടമ ആയിരിക്കണം. അല്ലെങ്കില്‍ വാഹനം പുറത്തു കൊണ്ടുപോകാന്‍ ഉടമയുടെ സമ്മത പത്രം നിര്‍ബന്ധമാണ്. 

എക്‌സിറ്റ് പെര്‍മിറ്റ് ചട്ടം ബാധകമല്ലാത്ത വാഹനങ്ങള്‍ 
∙ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലേക്ക്  കൊണ്ടു പോകുന്ന വാഹനങ്ങളാണെങ്കില്‍ എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല. എന്നാല്‍ ഗതാഗത നിയമ ലംഘനം റജിസ്റ്റര്‍ ചെയ്തിട്ടുള്ളവയാണെങ്കില്‍ പിഴത്തുക മുഴുവനായും അടച്ചിരിക്കണം. ഡ്രൈവര്‍ വാഹനത്തിന്റെ ഉടമ ആയിരിക്കണം അല്ലെങ്കില്‍ വാഹന ഉടമയുടെ സമ്മത പത്രം ഹാജരാക്കണം. 
∙ ചരക്കു വാഹനങ്ങള്‍

2. ഖത്തരി നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ ഖത്തറിലേക്ക് തിരിച്ചു കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍
∙ മുകളില്‍ പറഞ്ഞിരിക്കുന്ന (ഒന്നാം നമ്പര്‍) ചട്ടങ്ങള്‍ ഒഴികെ രാജ്യത്തിന് പുറത്തു കൊണ്ടുപോയിരിക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ താഴെ പറയുന്ന വ്യവസ്ഥകളും പാലിച്ചിരിക്കണം. 
∙ പുതിയ ഗതാഗത ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് ഖത്തറിന് പുറത്തു കൊണ്ടു പോയ വാഹനങ്ങള്‍ ഇന്നു മുതല്‍ 90 ദിവസത്തിനുള്ളില്‍ തിരികെ എത്തിക്കണം. അല്ലാത്തപക്ഷം നിശ്ചിത കാലത്തേക്ക് വിദേശരാജ്യത്ത് തന്നെ വാഹനം സൂക്ഷിക്കുന്നതിന് വാഹന ഉടമ ലൈസന്‍സിങ് അതോറിറ്റിയില്‍ നിന്ന് പ്രത്യേക പെര്‍മിറ്റ് നേടിയിരിക്കണം. 
∙ രാജ്യത്തിന് പുറത്തു കൊണ്ടുപോയിരിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് കാലാവധി തീയതി അവസാനിക്കുന്നതിന് മുന്‍പ് വാഹനം തിരികെയെത്തിച്ച് കൂടുതല്‍ കാലയളവിനായി പെര്‍മിറ്റ് പുതുക്കിയിരിക്കണം.

3. മേല്‍പറഞ്ഞ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 90 ദിവസത്തിനുള്ളില്‍ വാഹനം ജപ്തി ചെയ്യല്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും. 

4. പുതിയ ചട്ടം പ്രാബല്യത്തിലായ സാഹചര്യത്തില്‍ രാജ്യത്തിന് പുറത്തുള്ള വാഹനങ്ങള്‍ക്ക് റജിസ്‌ട്രേഷന്‍ പുതുക്കണമെങ്കില്‍  രാജ്യത്തെത്തി സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കിയിരിക്കണം. 
∙ വാഹന റജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ റജിസ്‌ട്രേഷന്‍ പുതുക്കിയില്ലെങ്കില്‍ വാഹന ഉടമ വാഹനത്തിന്റെ ലൈസന്‍സ് പ്ലേറ്റ് തിരികെ ഗതാഗത വകുപ്പിന് കൈമാറിയിരിക്കണം. 
∙ ലൈസന്‍സ്  നമ്പര്‍ പ്ലേറ്റ് തിരികെ നല്‍കിയില്ലെങ്കില്‍ ലംഘകനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ഗതാഗത നിയമത്തിലെ 95-ാം നമ്പര്‍ വ്യവസ്ഥ അനുസരിച്ച് കുറഞ്ഞത് ഒരാഴ്ച മുതല്‍ പരമാവധി 1 വര്‍ഷം വരെ തടവും കുറഞ്ഞത് 3,000 റിയാല്‍ മുതല്‍ പരമാവധി 10,000 റിയാല്‍ വരെ പിഴത്തുകയും അല്ലെങ്കില്‍ ജയില്‍ ശിക്ഷയോ പിഴയോ ഏതെങ്കിലും ഒന്നോ ചുമത്തും.  
5. കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഗതാഗത നിയമ ലംഘനം റജിസ്റ്റർ ചെയ്ത എല്ലാത്തരം മോട്ടര്‍ വാഹനങ്ങള്‍ക്കും ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 31 വരെ പിഴത്തുകയില്‍ 50 ശതമാനം ഇളവ് ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com